ആഗ്രഹം വെളിപ്പെടുത്തി നൊബേൽ സമ്മാന ജേതാവ്; എസ്തറിനെ ആഹ്ലാദിപ്പിക്കുന്നത് ഇതാണ്

Esther Duflo
എസ്തേര്‍ ദഫ്ലോ
SHARE

സാമ്പത്തിക ശാസ്ത്രത്തില്‍ തനിക്കു ലഭിച്ച നൊബേല്‍ സമ്മാനത്തേക്കാള്‍ എസ്തേര്‍ ദഫ്ലോയെ ആഹ്ലാദിപ്പിക്കുന്നത് തന്റെ നേട്ടം ലോകത്തെ സ്ത്രീകള്‍ക്ക് സമ്മാനിക്കുന്ന അഭിമാനത്തെക്കുറിച്ചാണ്. അതേ, സ്ത്രീകള്‍ക്കും ഇത്തരമൊരു നേട്ടം സാധ്യമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞതില്‍. അര്‍ഹതപ്പെട്ട ബഹുമാനം ഇനിയെങ്കിലും സ്ത്രീകള്‍ക്കു ലഭിക്കാന്‍ ഈ നേട്ടം പ്രചോദനമാകട്ടെ എന്നു ഞാന്‍ ആഗ്രഹിക്കുന്നു- ദഫ്ലോ പറഞ്ഞു.

ഗവേഷണത്തിലും മറ്റും ഏര്‍പ്പെട്ടിരിക്കുന്ന നിസ്വാര്‍ഥരായി ജോലി ചെയ്യുന്ന ആയിരക്കണക്കിനു സ്ത്രീകളുണ്ട്. അംഗീകാരവും ബഹുമാനവും ലഭിക്കാത്തവര്‍. അവര്‍ക്കു പ്രചോദനം നല്‍കാന്‍ ഈ പുരസ്കാര പ്രഖ്യാപനത്തിനു കഴിയുമെന്നും ദഫ്ലോ ആഗ്രഹിക്കുന്നു. നൊബേല്‍ വാര്‍ത്തയറിഞ്ഞശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ദഫ്ലോ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.

ഭര്‍ത്താവും ഇന്ത്യന്‍ വംശജനുമായ അഭിജിത് ബാനര്‍ജിക്കൊപ്പമാണ് ദഫ്ലോ ഈ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍ സമ്മാനത്തിന് അര്‍ഹയായത്. പുരസ്കാരം പങ്കിടുന്ന മൂന്നാമത്തെയാള്‍ മൈക്കല്‍ ക്രെമര്‍.

നൊബേല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് 46 വയസ്സുകാരിയായ ദഫ്ലോ. 2009ല്‍ പുരസ്കാരം നേടിയ എലിനോര്‍ ഓസ്ട്രോമിനു ശേഷം സാമ്പത്തിക ശാസ്ത്രത്തിലെ രണ്ടാമത്തെ വനിതയും.

സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ-പുരുഷ വ്യത്യാസത്തെക്കുറിച്ചും ദഫ്ലോ വാചാലയാകുകയുണ്ടായി. ലിംഗവിവേചനം കൂടുതല്‍ സ്ത്രീകളെ സാമ്പത്തിക ശാസ്ത്ര ഗവേഷണത്തില്‍നിന്ന് അകറ്റുന്നു. കൂടുതല്‍ സ്ത്രീകള്‍ക്ക് കടന്നുവരാന്‍ പറ്റുന്ന അനുയോജ്യമായ സാഹചര്യമല്ല ഇപ്പോള്‍ പല മേഖലകളിലും നിലനില്‍ക്കുന്നത്.

പരസ്പരം ഉച്ചത്തില്‍ സംസാരിച്ചും ബോധ്യപ്പെടുത്താന്‍ കിണഞ്ഞുപരിശ്രമിച്ചും ആധിപത്യം നേടേണ്ട മേഖലയല്ല ഗവേഷണം. സൗമ്യമായും ശാന്തമായ അന്തരീക്ഷത്തിലും പഠന പ്രവര്‍ത്തനങ്ങള്‍ സാധ്യമാണ്. പുതിയ തലമുറയ്ക്ക് പ്രസക്തമെന്നു തോന്നുന്ന കാര്യങ്ങളെ അഭിസംബോധന ചെയ്യാനും ആ പ്രശ്നങ്ങള്‍ പരിഹരിക്കാനും സാമ്പത്തിക ശാസ്ത്രത്തിനു കഴിയുമെന്ന അവസ്ഥ വന്നാലെ കൂടുതല്‍ ആളുകള്‍ ഈ മേഖലകളിലേക്ക് കടന്നുവരൂ. പ്രത്യേകിച്ചും സ്ത്രീകള്‍.

ഫ്രാന്‍സിലെ പാരീസിലാണ് ദഫ്ലോ ജനിച്ചതും വളര്‍ന്നതും. അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്നാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. അമേരിക്കയിലെ കോളജില്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തില്‍ പ്രഫസറായാണ് പ്രവര്‍ത്തിക്കുന്നത്. വികസനത്തിന്റെ സാമ്പത്തിക ശാസ്ത്രമാണ് ഇഷ്ടവിഷയം.

40 വയസ്സില്‍ താഴെയുള്ള സാമ്പത്തിക ശാസ്ത്രമേഖലയിലെ മികച്ച പ്രതിഭയായി 2010 ല്‍ തന്നെ ദഫ്ലോ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മക് ആര്‍തര്‍ പ്രതിഭാ പുരസ്കാരവും അവര്‍ നേരത്തേ നേടിയിരുന്നു. അഭിജിത് ബാനര്‍ജിക്കൊപ്പം ദഫ്ലോ എഴുതിയ പുസ്തകം ‘ പുവര്‍ ഇക്കണോമിക്സ്-എ റാഡിക്കല്‍ റീ തിങ്കിങ് ഓഫ് ദ് വേ ടു ഫൈറ്റ് ഗ്ലോബല്‍ പോവര്‍ട്ടി’ എന്ന പുസ്തകത്തിനും പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA