sections
MORE

100 വിജയങ്ങൾ സ്വന്തമാക്കി ക്യാപ്റ്റൻ മിതാലി; അഭിമാനത്തോടെ രാജ്യം

Mithali Raj
മിതാലി രാജ്
SHARE

ഇന്ത്യൻ‌ ക്രിക്കറ്റ്  വനിതാടീം ക്യാപ്റ്റൻ മിതാലി രാജ് മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള മൂന്നു മൽസരങ്ങളുടെ ഏകദിന പരമ്പര 3–0 ന് തൂത്തുവാരിയതോടെ ക്യാപ്റ്റൻ എന്ന നിലയിൽ 100 വിജയങ്ങൾ എന്ന നാഴികക്കല്ലാണ് മിതാലി പിന്നിടുന്നത്. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ ഷാർലറ്റ് മാത്രമാണ് ഇനി ഏറ്റവും കൂടുതൽ വിജയങ്ങളുടെ പേരിൽ മിതാലിക്കു മുന്നിലുള്ളത്. 

വഡോദരയിൽ നടന്ന മൂന്നാം ഏകദിന മൽസരം സ്വന്തമാക്കിയതോടെയാണ് ഏറ്റവും കൂടുതൽ വിജയം സ്വന്തമാക്കിയ വനിതാക്യാപ്റ്റൻ എന്ന റെക്കോർഡും നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ ആദ്യമൽസരം ജയിച്ചപ്പോൾ മറ്റൊരു റെക്കോർഡും മിതാലി സ്വന്തമാക്കിയിരുന്നു; രാജ്യാന്തര ക്രിക്കറ്റിൽ 2 പതിറ്റാണ്ട് പിന്നിടുന്ന വനിതാ താരം എന്ന മറ്റാർക്കും എളുപ്പം തകർക്കാനാവാത്ത നേട്ടം. ഈ നേട്ടം ലോകത്തുതന്നെ ഇതിനു മുമ്പ് സ്വന്തമാക്കിയത് മറ്റു 3 പേർ മാത്രം. 1999–ലാണ് മിതാലി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുന്നത്. 

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം മൽസരത്തിൽ 248 റൺസ് ഇന്ത്യ പിന്തുടർന്നു ജയിക്കുകയായിരുന്നു. ആ മൽസരത്തിൽ 66 പന്തുകളിൽനിന്ന് മിതാലി നേടിയത് 82 റൺസ്. റൺസ് പിന്തുടർന്നുള്ള മൽസരങ്ങളിൽ 3000 റൺസ് എന്ന നേട്ടവും നേടിയിരുന്നു. ഏകദിന മൽസരങ്ങളിൽ 6000 റൺസ് നേടിയെന്ന റെക്കോർഡും മിതാലിക്കു സ്വന്തമാണ്. 

തിങ്കളാഴ്ച നടന്ന അവസാന ഏകദിന മൽസരത്തിൽ 146 റൺസ് മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നേടിയത്. പക്ഷേ സ്പിന്നർമാരുടെ സഹായത്തോടെ 140 റൺസിനു ദക്ഷിണാഫ്രിക്കയെ ഓൾ ഔട്ടാക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞു. 

അടുത്തിടെ ഫോമിനെക്കുറിച്ചും ജയിക്കാനുള്ള ശേഷിയെക്കുറിച്ചും ഉണ്ടായ വിവാദങ്ങൾക്കു ശേഷവും മികച്ച ഫോമിലാണ് മിതാലി. ബാറ്റ് കൊണ്ട് തിളങ്ങുന്നതിനൊപ്പം ടീമിനെ തുടർ വിജയങ്ങളിലേക്ക് നയിക്കുകയും ചെയ്തു. രണ്ടു പതിറ്റാണ്ടിനിടെ വനിതാ ക്രിക്കറ്റിന് രാജ്യത്ത് മേൽവിലാസം ഉണ്ടാക്കാനും മിതാലിക്കു കഴിഞ്ഞു. 

English Summary : Mithali Raj, Indian Women Cricket Team

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA