'അവരുടെ മുടിയേക്കാൾ കറുപ്പാണ് നിനക്ക്'; പ്രണയിച്ചവൻ കൈയൊഴിഞ്ഞു, പക്ഷേ

Photo Credit: Facebook\ Hume's Of Bomaby
ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്
SHARE

ജീവിതത്തിൽ ചെയ്യാൻ ഏറ്റവും ഭയമുള്ള ഒരു കാര്യം ചെയ്തതിനെക്കുറിച്ചും അതു ജീവിതത്തിലുണ്ടായ പോസിറ്റീവ് മാറ്റത്തെക്കുറിച്ചും മനസ്സു തുറക്കുകയാണ് ഒരു യുവതി. നിറത്തിന്റെ പേരിൽ പ്രിയപ്പെട്ടവരിൽ നിന്നുണ്ടായ മോശം അനുഭവവും അതിനെ ധൈര്യമായി നേരിട്ട് ജീവിതത്തിൽ സന്തോഷം കണ്ടെത്തിയതിനെക്കുറിച്ചും യുവതി തുറന്നെഴുതിയത് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ്.

തന്റെ അതിജീവനകഥ യുവതി കുറിച്ചതിങ്ങനെ :-

'' കാണാനൊട്ടും ഭംഗിയില്ല, നല്ല നിറമില്ല തുടങ്ങിയ ഒരുപാട് കോംപ്ലക്സുകളും നാണക്കേടും മനസ്സിലിട്ടാണ് ഞാൻ വളർന്നത്. ഏതു നിറത്തിലുള്ള വസ്ത്രമണിഞ്ഞാൽ കൂടുതൽ നിറം തോന്നിക്കും, കറുത്ത പാടുകൾ മായ്ക്കാൻ എന്തൊക്കെ ചെയ്യണം എന്നിങ്ങനെ ഒരു നൂറ് ഉപദേശങ്ങളും അടുപ്പമുള്ളവർ എനിക്ക് തന്നുകൊണ്ടിരുന്നു. സ്കൂളിലും കോളേജിലുമൊക്കെ കറുമ്പി എന്നു വിളിച്ച് സഹപാഠികൾ കളിയാക്കി പാട്ടുപാടുമായിരുന്നു. എന്റെ ആത്മവിശ്വാസവും ആത്മാഭിമാനത്തിനുമേറ്റ കനത്ത പ്രഹരങ്ങളായിരുന്നു അതൊക്കെ. എന്നെക്കുറിച്ചുള്ള ആളുകളുടെ മനോഭാവം ഒരിക്കലും മാറില്ല എന്നു തന്നെ ഞാൻ വിചാരിച്ചു.

കോളജ് കലഘട്ടത്തിനു ശേഷമാണ് ചില മാറ്റങ്ങളൊക്കെ എന്റെ ജീവിതത്തിൽ സംഭവിച്ചത്. ഞാൻ അന്ന് ഓർക്കുട്ടിൽ ഉണ്ടായിരുന്നു. ഓർക്കുട്ടിൽ വച്ചാണ് ഞാൻ അയാളെ പരിചയപ്പെട്ടത്. സംസാരിച്ചു സംസാരിച്ച് ഒരു ദിവസം തമ്മിൽ കാണാൻ ധാരണയായി. എന്റെ തൊലിയുടെ നിറം വിഷയമല്ലാതെ എന്നെ സ്നേഹിക്കാൻ കഴിയുന്ന ഒരാളെ കണ്ടെത്താൻ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു അന്നൊക്കെ എന്റെ മനസ്സിൽ. പക്ഷേ  അധികം വൈകാതെ മുഖത്തിന് നിറം വയ്ക്കുന്ന ക്രീം ഉപയോഗിക്കാൻ അയാളെന്നെ നിർബന്ധിച്ചു തുടങ്ങി. ഒരിയ്ക്കൽ സുഹൃത്തുക്കൾക്കൊപ്പം അയാൾ എന്നെ കാണാൻ വന്നു. അതിനു ശേഷം രാത്രിയിൽ എന്നെ വീട്ടിൽ കൊണ്ടുവിട്ടു, പിന്നീടങ്ങോട്ട് അയാൾ എന്നെ അവഗണിക്കാൻ തുടങ്ങി. 

കുറച്ചു ദിവസങ്ങൾക്കു ശേഷം എന്നെപ്പോലെയൊരു വികൃതരൂപിയുടെ ഒപ്പം നടക്കാൻ താൽപര്യമില്ലെന്നും എന്നെ കല്യാണം കഴിക്കാൻ അയാളുടെ വീട്ടുകാർ സമ്മതിക്കില്ലെന്നും എന്നോടു പറഞ്ഞു. അവരുടെ വീട്ടുജോലിക്കാരുടെ മുടിയേക്കാൾ കറുത്തതാണ് ഞാനെന്നും അയാളോടു സുഹൃത്തുക്കൾ പറഞ്ഞുവെന്നും അയാൾ എന്നോടു വെളിപ്പെടുത്തി. ഞാനാകെ തകർന്നു പോയി. പുറത്തിറങ്ങാതായി, കണ്ണാടി നോക്കുന്നത് അവസാനിപ്പിച്ചു, എന്റെ ഫൊട്ടോ മറ്റുള്ളവരെടുക്കുന്നത് തടഞ്ഞു. എന്താണ് യഥാർഥത്തിൽ സംഭവിക്കുന്നത് എന്നതിനെപ്പറ്റി എന്റെ വീട്ടുകാർക്കോ, കൂട്ടുകാർക്കോ ധാരണയൊന്നും ഉണ്ടായിരുന്നില്ല.

എനിക്ക് ഞാനായിരുന്നാൽ മതിയായിരുന്നു, പക്ഷേ എനിക്കതിന് സാധിച്ചില്ല. കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് ഞാൻ എത്രമാത്രം അസ്വസഥയാണെന്ന് മനസ്സിലാക്കി അമ്മ എന്നെ സമീപിച്ചത്. ''ഒരു കാര്യവുമില്ലെങ്കിലും ലോകം നിന്നെ വിധിച്ചുകൊണ്ടിരിക്കും,  അതൊന്നും കാര്യമാക്കാതെ അതിനെ അതിന്റെ വഴിക്ക് വിടുക, നിനക്കെന്താണ് ചെയ്യാൻ കഴിയുന്നത് എന്ന് ചിന്തിക്കുക, ബാക്കിയെല്ലാം വിടുക''. എന്നാണ് അമ്മ എന്നോടു പറഞ്ഞത്. അന്നാണ് ഞാൻ ആയിരിക്കുന്ന അവസ്ഥയിൽ എന്നെ സ്നേഹിക്കുന്നവർ ആരൊക്കെയാണെന്ന് എനിക്ക് മനസ്സിലായത്. എന്നെ  അർഹിക്കാത്തവരെക്കുറിച്ച് ചിന്തിച്ച് സമയം മിനക്കെടുത്തുന്നത് ഞാൻ അവസാനിപ്പിച്ചു.

മറ്റുള്ളവരുടെ പ്രതികരണങ്ങളെ എങ്ങനെ നേരിടണമെന്ന് ഞാൻ പഠിച്ചു. മറ്റുള്ളവരുടെ അഴകളവുകൾക്ക് പാകമാകനല്ല ഞാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് ഞാനറിഞ്ഞു. എനിക്ക് എന്റെ വ്യക്തിത്വവും ആത്മവിശ്വാസവും വീണ്ടെടുക്കണമായിരുന്നു. ഫോട്ടോഗ്രഫിയാണ് എന്റെ ഇഷ്ടമെന്ന് ഞാൻ കണ്ടെത്തി. ഞാൻ ക്യാമറുമായിറങ്ങി ആളുകളുടെ ചിത്രങ്ങൾ പകർത്താൻ തുടങ്ങി. അവരവരെക്കുറിച്ച് നല്ലതു കേൾക്കുമ്പോൾ മനസ്സിൽ എത്രത്തോളം സന്തോഷം തോന്നുമെന്ന് എനിക്കറിയാമായിരുന്നു. ഞാൻ എന്നെക്കുറിച്ച് വിചാരിച്ചിരുന്ന ചില മോശം കാര്യങ്ങളെ തിരുത്താൻ ഫൊട്ടോഗ്രഫി എന്നെ ഒരുപാട് സഹായിച്ചു. അങ്ങനെ ജീവിതത്തിലെ ഏറ്റവും വലിയ പേടിയെ അതിജീവിക്കാൻ ഞാൻ പഠിച്ചു. ഞാൻ ക്യാമറയെ ഫെയ്സ് ചെയ്തു, അതിൽ നോക്കി ചിരിച്ചു, എന്റെ ചിത്രങ്ങളെ സ്നേഹിച്ചു, എന്നെത്തന്നെ സ്നേഹിച്ചു.

നമുക്കെന്തൊക്കെയോ കുറവുകളുണ്ടെന്ന് ചുറ്റുമുള്ള ലോകം വെറുതെ പറഞ്ഞുകൊണ്ടിരിക്കും. നിറമില്ല, മുടിക്ക് ഉള്ളില്ല എന്നൊക്കെ പക്ഷേ സത്യമെന്താണെന്നു വച്ചാൽ നമ്മുടെ സ്നേഹം അതിനൊക്കെ മുകളിലാണ് നമ്മുടെ നന്മകളിലാണ് നമ്മുടെ സൗന്ദര്യം കണക്കാക്കപ്പെടുന്നത്. നമ്മൾ എത്രത്തോളം സ്നേഹം നൽകുന്നുണ്ട്, നമ്മൾ എത്രത്തോളം ദയാലുക്കളാണ് എന്നതാണ് കാര്യം. സൗന്ദര്യത്തേക്കാൾ ലോകം നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത് അതാണ്''.

English Summary : Inspirational Life Story Of Women Photographer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA