ADVERTISEMENT

വെല്ലുവിളികള്‍ നിറ‍ഞ്ഞ, സംതൃപ്തി നല്‍കുന്ന റോളുകള്‍ കാത്തിരുന്നാലും എന്നും അവ ലഭിക്കണമെന്നില്ല. മികച്ച റോളുകള്‍ ഒരു ഭാഗ്യമാണ്. ചിലപ്പോള്‍ അവയ്ക്കുവേണ്ടി കാത്തിരിക്കേണ്ടിവരും. അങ്ങനെയുള്ള റോളുകളില്‍ മാത്രം അഭിനയിച്ചാല്‍ മതി എന്നു തീരുമാനിച്ചതിനാല്‍ എനിക്കും കാത്തിരിക്കേണ്ടിവരുന്നു- പ്രശസ്ത നടി രാധിക ആപ്തേയുടേതാണ് ഈ വാക്കുകള്‍. 

ഒരു സ്വകാര്യ ചാനൽ അവതരിപ്പിക്കുന്ന ശാന്താറാം എന്ന പരമ്പരയില്‍ അവസരം ലഭിച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു രാധിക. പുതിയ കാലത്തെ ഏറ്റവും പ്രശസ്തമായ നോവലുകളിലൊന്നാണ് ശാന്താറാം. ചാനലിനു വേണ്ടി പരമ്പര അണിയിച്ചൊരുക്കുന്നത് പ്രശസ്ത സംവിധായകന്‍ ജസ്റ്റിന്‍ കുര്‍സെല്‍. ഗ്രിഗറി ഡേവിഡ് റോബര്‍ട്സ് എഴുതിയ ശാന്താറാം ലോകത്തെ മികച്ച സംവിധായകരില്‍ പലരും സിനിമയാക്കാന്‍ മോഹിച്ച പുസ്തകമാണ്. 

ജോണി ഡെപ്പിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചവരില്‍ മീരാ നായരും ഉണ്ടായിരുന്നു. പക്ഷേ, എന്തുകൊണ്ടോ ആ പ്രോജക്റ്റ് നടന്നില്ല. ഇപ്പോള്‍ ജസ്റ്റിന്‍ കുര്‍സെലിന്റെ സംവിധാനത്തില്‍ എത്തുന്ന ശാന്താറാമില്‍ നായകനായി എത്തുന്നത് ചാര്‍ലി ഹന്നം. മികച്ച സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അഭിനയിച്ച് ശ്രദ്ധ പിടിച്ചുപറ്റിയ രാധിക കുറച്ചു മാസങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് ഇപ്പോള്‍ ശാന്താറാമിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. 

'എനിക്കൊരു ആദര്‍ശമേ ഉള്ളൂ. എനിക്ക് ആവേശം പകരുന്ന എന്തെങ്കിലുമുള്ളതായിരിക്കണം തേടി വരുന്ന പ്രോജക്റ്റുകള്‍. കഥാപാത്രമായിരിക്കും ചിലപ്പോള്‍ ആകര്‍ഷിക്കുക, അല്ലെങ്കില്‍ സംവിധായകന്‍. മറ്റു ചിലപ്പോള്‍ കഥയോ നിര്‍മാണ കമ്പനിയോ ആയിരിക്കും. പൂര്‍ണമായും സംതൃപ്തിപ്പെടുത്തുന്ന കഥയും കഥാപാത്രവും എപ്പോഴും ലഭിക്കണമെന്നില്ല. അതൊരു ഭാഗ്യമാണ്. ചിലപ്പോള്‍ അങ്ങനെയൊരു പ്രോജക്റ്റിനുവേണ്ടി കാത്തിരിക്കേണ്ടിവന്നേക്കാം. ഇപ്പോള്‍ ശാന്താറാമാണ് എന്റെ മുന്നിലുള്ളത്. മറ്റൊരു പ്രോജക്റ്റ് കൂടി പരിഗണനയിലുണ്ട്''- രാധിക പറയുന്നു. 

ഓസ്ട്രേലിയയിലെ ജയിലില്‍നിന്നു പുറത്തുവന്ന്, മുംബൈ നഗരത്തില്‍ വ്യത്യസ്തമായ ജീവിതം നയിക്കുന്ന ഒരു മനുഷ്യന്റെ കഥയാണ് ശാന്താറാം. കുടുംബത്തില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും അകന്ന് വിധിയുടെ വിചിത്രനിയോഗത്താല്‍ നഗരത്തിലെ ചേരികളില്‍ എത്തിപ്പെടുന്ന മനുഷ്യന്റെ അതിശയകരമായ ജീവിതം. അധോലോകത്തിന്റെ ഭാഗം കൂടിയാകുന്നുണ്ട് ശാന്താറാം എന്ന നോവല്‍. ഒരു പത്രപ്രവര്‍ത്തകയുടെ വേഷത്തിലാണ് രാധിക എത്തുന്നത്. നോവലില്‍ പത്രപ്രവര്‍ത്തകയുടേത് ചെറിയ റോളാണെങ്കിലും പരമ്പരയില്‍ രാധികയെ കാത്തിരിക്കുന്നത് മികച്ച വേഷം. 

2011 ല്‍ പുറത്തുവന്ന ജീവചരിത്ര- കുറ്റാന്വേഷണ ചിത്രം സ്നോടൗണ്‍ സംവിധാനം ചെയ്തത് കുര്‍സെല്‍ ആണ്. ആ ചിത്രം കണ്ടതുമുതലേ അദ്ദേഹത്തിനൊത്ത് ജോലി ചെയ്യുന്നത് രാധികയുടെ സ്വപ്നങ്ങളിലൊന്നാണ്. ശാന്താറാമിന്റെ പശ്ചാത്തലം ഇന്ത്യയാണ്. അതുകൊണ്ടാണ് കുര്‍സല്‍ ഇന്ത്യന്‍ താരങ്ങളെ തേടിയെത്തിയതും രാധികയ്ക്ക് അവസരം ലഭിച്ചതും. 

English Summary : Radhika Apte, Inspirational, Role

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com