ADVERTISEMENT

യുവതലമുറയില്‍ നിന്ന് ഒരു പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിലും നിര്‍വൃതിയിലുമാണ് ബോളിവുഡ് താരം വിദ്യാ ബാലന്‍. അതും ലോക പ്രശസ്തമായ ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ സമര്‍ഥരായ വിദ്യാര്‍ഥികളില്‍നിന്നും. ട്വിറ്ററില്‍ തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് വിദ്യ വിവരം ലോകത്തെ അറിയിച്ചത്. താന്‍ അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും പരകോടിയിലാണെന്നും വിദ്യ പറയുന്നു.

ഇന്ത്യയുടെ  ഗണിതശാസ്ത്ര പ്രതിഭ ശകുന്തള ദേവിയെക്കുറിച്ചുള്ള സിനിയുടെ ചിത്രീകരണത്തിലാണ് വിദ്യ ബാലന്‍ ഇപ്പോള്‍. ഷൂട്ടിങ്ങിന്റെ ഭാഗമായാണ് ലണ്ടനില്‍ പോയതും. അവിടെ ഇംപീരിയല്‍ കോളജില്‍ വച്ചാണ് ശകുന്തളാ ദേവി വിരലുകളില്‍ കണക്കുകൂട്ടി അന്നത്തെ പാശ്ചാത്യ സമൂഹത്തെ അതിശയിപ്പിച്ചത്. 

കോളജിലെ വിദ്യാര്‍ഥികളെ കാണാനും അവരുമായി സംസാരിക്കാനുമാണ് വിദ്യ ഷൂട്ടിങ്ങിനിടെ കോളജ് സന്ദര്‍ശിച്ചത്. വിദ്യാര്‍ഥികളില്‍നിന്ന് നടിക്കു ലഭിച്ചത് അവിസ്മരണീയമായ സ്നേഹം, ഊഷ്മളമായ സ്വീകരണം. ശകുന്തള ദേവി ജോലി ചെയ്ത അതേ കോളജില്‍ തന്നെയാണ് നില്‍ക്കുന്നതെന്ന ചിന്ത കുറച്ചൊന്നുമല്ല വിദ്യയെ സന്തോഷിപ്പിച്ചത്. അന്ന് ഇംപീരിയല്‍ കോളജില്‍ ഉണ്ടായിരുന്ന കാലത്താണ് ശകുന്തള ദേവിക്ക് ഗിന്നസ് ബുക്കില്‍ ഇടം ലഭിച്ചതും. 

ഞാനും വിദ്യാര്‍ഥികളും ഒരുമിച്ചു ചെലവഴിച്ച നിമിഷങ്ങള്‍ അതിശയകരമായിരുന്നു. വിദ്യാര്‍ഥികളുടെ ആവേശം എന്നെ കീഴടക്കിക്കളഞ്ഞു. അവരുമായി സംസാരിച്ചും അവരുടെ വാക്കുകള്‍ കേട്ടും ചെലവഴിച്ച ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുകയായിരുന്നു. വിദ്യ പിന്നീട് പറഞ്ഞു. ഇതേ ചടങ്ങില്‍വച്ചുതന്നെയാണ് വിദ്യാര്‍ഥികളില്‍നിന്ന് നടിക്ക് അവിസ്മരണീയമായ ഒരു പുരസ്കാരം ലഭിച്ചതും. യൂത്ത് ഐക്കണ്‍ പുരസ്കാരം. ജീവിതത്തിലാദ്യമാ യാണ് യുവതലമുറയില്‍നിന്ന് എനിക്കൊരു പുരസ്കാരം ലഭിക്കുന്നത് ...ആവേശത്തോടെ വിദ്യ പറയുന്നു. യൂത്ത് ഐക്കണ്‍ പുരസ്കാരവുമായി നില്‍ക്കുന്ന ചിത്രവും വിദ്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

‘ ശകുന്തള ദേവി- ഹ്യൂമന്‍ കംപ്യൂട്ടര്‍’  വിദ്യ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്; ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിനും അനു മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രതീക്ഷയേറെയാണ്. സോണി പിക്ചേഴ്സ് നെറ്റ്‍വര്‍ക്ക് പ്രൊഡക്‍ഷന്‍സും വിക്രം മല്‍ഹോത്രയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദംഗല്‍ താരം സഞ്ജയ് മല്‍ഹോത്രയും അഭിനയിക്കുന്ന ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യാനാണ് ഒരുക്കങ്ങള്‍ നടക്കുന്നത്.

English Summary : Vidya Balan receives 'Youth Icon Award' 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com