sections
MORE

ഗർഭിണിയാണെന്നു വെളിപ്പെടുത്തി, ഭർത്താവ് എവിടെയെന്ന് ചോദ്യം?; പരിഹാസത്തെക്കുറിച്ച് കൽക്കി

Kalki Koechlin
കൽക്കി
SHARE

ഗർഭിണിയാണെന്ന സന്തോഷവാർത്ത പുറത്തുവിട്ടതിനെ ത്തുടർന്നാണ് ബോളിവുഡ് താരം കൽക്കി കേക്ക്‌ലാൻ സമൂഹ മാധ്യമങ്ങളിലൂടെയുള്ള പരിഹാസങ്ങൾക്ക് ഇരയാകേണ്ടി വന്നത്. കുഞ്ഞതിഥിയുടെ വരവറിയിച്ചു കൊണ്ടുള്ള ബേബി ബംപ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെ യാണ് ഭർത്താവെവിടെ എന്നതുൾപ്പടെയുള്ള ചോദ്യങ്ങളോടെ ചിലർ അവരെ പരിഹസിക്കുന്ന ട്രോളുകളുമായി രംഗത്തെത്തിയത്.

സൈക്കോളജിക്കൽ ത്രില്ലറായ പുതിയ ഷോയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോടു സംവദിക്കുമ്പോഴാണ് ജീവിതത്തിലെ പുതിയ വിശേഷങ്ങളെക്കുറിച്ചും സമൂഹമാധ്യമങ്ങളിലൂടെ തന്നെത്തേടിയെത്തിയ പരിഹാസ ട്രോളുകളെക്കുറിച്ചും അവർ മനസ്സു തുറന്നത്. കെ. ഹരികുമാറിന്റെ നോവലിനെ ആധാരമാക്കിയൊരുക്കിയ സൈക്കോളജിക്കൽ ത്രില്ലറിൽ ഒരു നോവലിസ്റ്റിന്റെ വേഷമാണ് കൽക്കി അവതരിപ്പിക്കുന്നത്. ഒരു അപകടത്തിനു ശേഷം ആ കഥാപാത്രത്തിന് പോസ്റ്റ് ട്രോമാറ്റിക് ഡിസോർഡർ ഉണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്. 

ഗർഭത്തിന്റെ പ്രാരംഭമാസങ്ങളിൽ ഇത്തരമൊരു സൈക്കോ ത്രില്ലറിൽ  അഭിനയിച്ചതിനെക്കുറിച്ചും ഗർഭകാലം സമ്മാനിച്ച പോസിറ്റീവ്, നെഗറ്റീവ് കാര്യങ്ങളെക്കുറിച്ചും കൽക്കി മനസ്സു തുറക്കുന്നതിങ്ങനെ :-

'' ഈ സമയത്തെ ഏറ്റവും പോസിറ്റീവായ കാര്യമായി എനിക്ക് തോന്നുന്നത് എന്നെത്തന്നെ സ്നേഹിക്കുന്നതാണ്. ദൈവത്തെപ്പോലെയാണെന്നൊക്കെ തോന്നി. കാരണം നമ്മുടെയുള്ളിൽ നമ്മളൊരു ജീവനെ വളർത്തുകയാണ്. അങ്ങനെ നമ്മൾ സൂപ്പർ ആയി എന്നൊരു തോന്നലുണ്ടാകും. നമുക്കുള്ളിൽ സംഭവിക്കുന്ന എല്ലാത്തിനെക്കുറിച്ചും അറിവുണ്ടായിരിക്കും. ആ തോന്നലിൽ നമ്മൾ എല്ലായ്പ്പോഴും ജാഗരൂകരായിരിക്കും. ഈ സമയത്തെ നെഗറ്റീവ് കാര്യമായി എനിക്ക് തോന്നുന്നത് ഛർദ്ദിയും മോണിങ് സിക്ക്നെസ്സുമാണ്. ആദ്യത്തെ മൂന്നുമാസം അത് അസഹനീയമായിരുന്നു''.

'എന്റെ ഡയറക്ടർ സംഗീത് സാറിനും മേക്കപ് ആർട്ടിസ്റ്റ് അംഗിക്കും മാത്രമേ ഞാൻ ഗർഭിണിയാണെന്ന് അറിയുമായിരുന്നുള്ളൂ. ഇടയ്ക്കിടയ്ക്ക് ഞാൻ മോഹാലസ്യപ്പെട്ടു വീഴുകയും ഛർദ്ദിക്കുകയുമൊക്കെ ചെയ്തിരുന്നു. അപ്പോഴൊക്കെയും എന്നെ പരിചരിച്ചതും ഞാൻ ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയതുമൊക്കെ എന്റെ മേക്കപ് ആർട്ടിസ്റ്റാണ്'.

'ഗർഭസമയത്തെ ഷൂട്ടിങ് ഒന്നും വലിയ പ്രശ്നമായിരുന്നില്ല. വലിയ ശബ്ദമൊക്കെ ഷൂട്ടിങ്ങിന്റെ ഭാഗമല്ലേ, പ്രേതമൊന്നും യഥാർഥത്തിലുള്ളതല്ലെന്ന് നമുക്കറിയാമല്ലോ?. ഇപ്പോൾ കാണുന്നതൊക്കെ സന്തോഷം നിറഞ്ഞ കാര്യങ്ങളാണ്. അമ്മമാരെക്കുറിച്ചുള്ള ചില ഷോകളും കാണാറുണ്ട്. സൈക്കോ ത്രില്ലറിന്റെ ഷൂട്ടിങ്ങൊക്കെ വനത്തിൽ വച്ചായിരുന്നു. രാത്രിയിൽ വനത്തിൽ വച്ചുള്ള ഷൂട്ടിങ്ങൊക്കെ വളരെ നല്ല അനുഭവമായിരുന്നു'.

'ഗർഭിണിയാണെന്ന് ആദ്യമായി വെളിപ്പെടുത്തിയപ്പോൾ ‍ഞാനൽപ്പം നേർവസ് ആയിരുന്നു. അതേപ്പറ്റി നിരവധി വാർത്തകളും പ്രതികരണങ്ങളുമൊക്കെ വരുമെന്നും എനിക്കറിയാമായിരുന്നു. പക്ഷേ അതേസമയം എന്നും കാണേണ്ടി വന്ന പലരും, അയൽക്കാരടക്കമുള്ളവർ സന്തോഷത്തോടെയാണ് പ്രതികരിച്ചത്. അവർ നൽകിയ പിന്തുണയും വളരെ വലുതാണ്. പക്ഷേ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ട്രോളുകളാണ് എന്നെ കാത്തിരുന്നത്'. 

'ഭർത്താവ് എവിടെയാണ്. നിനക്കെങ്ങനെ ഇത് ചെയ്യാൻ തോന്നി, ഇത്രയും ഇറുകിപ്പിടിച്ചു കിടക്കുന്ന വേഷം ധരിക്കരുത്, എന്തിനാണ് നിന്റെ വയർ മറ്റുള്ളവരെ കാണിക്കുന്നത്?, എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ഏറെ ഉയർന്നു വന്നത്. പക്ഷേ ഇത് എന്റെ സാമ്രാജ്യമാണ്. 10 വർഷമായി ഈ രീതിയിലാണ് ഞാൻ ജീവിക്കുന്നത്. സെലിബ്രിറ്റിയുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് എനിക്കറിയാം. അതുകൊണ്ടു തന്നെ ‍ഞാൻ ഓക്കെയാണ്'.

ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ അച്ഛൻ ആരെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, വാർത്തയറിഞ്ഞ് കക്ഷി വളരെ സന്തോഷത്തിലാണെന്നാണ് കൽക്കി പറയുന്നത്. തങ്ങളിരുവരും ഉടനെ ഒരു കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്നി

ല്ലെന്നും 'ഒന്നോ, രണ്ടോ വർഷങ്ങൾക്കു ശേഷം മതി കുട്ടികൾ എന്നായിരുന്നു തീരുമാനം. പക്ഷേ, ഇപ്പോൾ ഇത് സംഭവിച്ചു. ആദ്യമൊന്നും എനിക്കത് വിശ്വസിക്കാനായില്ല. അങ്ങനെയാണ് വേഗം പോയി പ്രഗ്നൻസി ടെസ്റ്റ് നടത്തിയത്. പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവായപ്പോൾ ഞാൻ അതിനെ അംഗീകരിച്ചു.' കഴിഞ്ഞ കുറേ വർഷങ്ങളായി താൻ ഒരു കുഞ്ഞിനെ ആഗ്രഹിച്ചതുകൊണ്ട് ഇപ്പോൾ താൻ സന്തോഷവതിയാണെന്നും കൽക്കി പറയുന്നു. അനുയോജ്യനായ പങ്കാളിയിൽ കുഞ്ഞു ജനിക്കാൻ പോകുന്നതാണ് തന്നെ ഏറെ സന്തോഷിപ്പിക്കുന്നതെന്നും കൽക്കി പറയുന്നു.

2015 ൽ അനുരാഗ് കശ്യപുമായുള്ള വിവാഹബന്ധം  കൽക്കി വേർപെടുത്തിയിരുന്നു. പുതിയ പങ്കാളിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും കൽക്കി വെളിപ്പെടുത്തിയിട്ടില്ല. വീണ്ടും വിവാഹിതയാകാതെ കൽക്കി ഗർഭിണിയായി എന്നതിനെയാണ് ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ പരിഹസിക്കുന്നത്.

English Summary : Kalki Koechlin Talks About Pregnancy And Social Media Trolls

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA