sections
MORE

പെൺകുട്ടികളും മീശവളർത്തട്ടെ, തരംഗമായി വിഡിയോ; ലക്ഷ്യം മറ്റൊന്ന്

Razor brand ad asks girls to join Movember in viral video
പരസ്യത്തിലെ ഒരു രംഗം
SHARE

മുഖത്തെ അനാവശ്യ രോമവളര്‍ച്ചയില്‍ സങ്കടപ്പെടുന്ന ഒട്ടേറെ സ്ത്രീകളുണ്ട്. മുഖരോമങ്ങള്‍ നീക്കം ചെയ്യാന്‍ പല വിധ മാര്‍ഗങ്ങള്‍ തേടുന്ന പെണ്‍കുട്ടികളും പുതുമയല്ല. മുഖരോമങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ക്ലിനിക്കുകളുടെയും സ്ഥാപനങ്ങളുടെയും പരസ്യങ്ങളും പുതുമയല്ല. പക്ഷേ, ഇവയല്ലാം മറന്നേക്കാന്‍ പറയുന്നു പുതിയൊരു പരസ്യം. ഒരു റേസര്‍ സ്ഥാപനത്തിന്റേതാണ് തരംഗമായിക്കൊണ്ടിരിക്കുന്ന പരസ്യം. അഭിനയിച്ചിരിക്കുന്നത് പ്രധാനമായും സ്ത്രീകള്‍. റേസര്‍ സ്ഥാപനത്തിന്റെ പരസ്യത്തില്‍ സ്ത്രീകള്‍ക്ക് എന്താ കാര്യമെന്നു ചോദിക്കരുത്. പുരുഷന്‍മാര്‍ക്ക് ആകാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീകള്‍ക്കും ആയിക്കൂടാ എന്നാണ് പരസ്യം ചോദിക്കുന്നത്. 

ബില്ലി എന്ന ബ്രാന്‍ഡിന്റെ പരസ്യമാണ് വിഷയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് ശ്രദ്ധേയമായിരിക്കുന്നത്. വിഷയം നവംബര്‍ എന്ന മവംബര്‍ തന്നെ. കുറേക്കാലമായി മവംബര്‍ പ്രചാരത്തിലുണ്ട്.  എല്ലാ വര്‍ഷവും ഒരുമാസം പുരുഷന്‍മാര്‍ ഷേവിങ് ഉപേക്ഷിക്കു ന്നതാണ് മവംബറിന്റെ പ്രമേയം. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ്  മീശയും താടി രോമങ്ങളും നീട്ടിവളര്‍ത്തുന്ന പ്രചാരണം ഒരു മാസം നടത്തുന്നത്. ഈ വര്‍ഷം നവംബറില്‍, മവംബര്‍ ക്യാംപെയ്നില്‍ പങ്കെടുക്കാന്‍ ബില്ലി സ്ത്രീകളെയും ആഹ്വാനം ചെയ്യുന്നു. 

കഷ്ടപ്പെട്ട് മീശയും താടി രോമങ്ങളും  നീക്കം ചെയ്യുന്നതിനു പകരം അവ വളര്‍ത്താന്‍ ബ്രാന്‍ഡ് സ്ത്രീകളെ ആഹ്വാനം ചെയ്യുകയാണ്. അങ്ങനെ വ്യത്യസ്തമായ ഒരു സൗന്ദര്യ സംസ്കാരത്തിനു തുടക്കമിടാനും. മീശ വടിച്ചുകളയാതെ വളര്‍ത്തുന്ന ഒട്ടേറെ സ്ത്രീകളെ ബില്ലിയുടെ പരസ്യം അവതരിപ്പിക്കുന്നു. മീശ അഭിമാനമാണെന്ന് പറയുന്നവരെ. 

പരസ്യമിങ്ങനെ

ന്യൂസ്ഫ്ലാഷ്: സ്ത്രീകള്‍ക്കും മീശയുണ്ട്. വളര്‍ന്നുവരുന്ന ഓരോ രോമത്തെയും പല വിധ മാര്‍ഗങ്ങളുപയോഗിച്ച് ഇല്ലാതാക്കാനാണ് ഞങ്ങള്‍ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നത്. പക്ഷേ, അതിനു യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ല. മീശ, അത്, അവിടെത്തന്നെയുണ്ട്. അതുകൊണ്ട് ഈ മവംബറില്‍ മേല്‍ചുണ്ടിനു മുകളിലുള്ള രോമങ്ങള്‍ വളര്‍ത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. 

പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്ന സ്ത്രീകള്‍ മീശ മിനുക്കുന്നതും എണ്ണയിട്ട് ഒതുക്കിവയ്ക്കുന്നതും ചീപ്പ് ഉപയോഗിച്ചു ചീകിവയ്ക്കുന്നതുമൊക്കെ കാണാം. അതേ, അവര്‍ക്ക് മീശ അപമാനത്തിനു പകരം അഭിമാനമാണ്. ഈ നവംബര്‍ മാസത്തേക്കെങ്കിലും. ഇതോടെ മവംബര്‍ പ്രചാരണത്തില്‍ സ്ത്രീകളെയും പങ്കെടുപ്പിക്കുന്ന ആദ്യത്തെ റേസര്‍ ബ്രാന്‍ഡ് ആകുകയാണ് ബില്ലി. സ്ത്രീകള്‍ മീശ വളര്‍ത്തുന്നത് സൗന്ദര്യത്തിന്റെ ഭാഗം മാത്രമല്ല. പ്രൊസ്റ്റേറ്റ് കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗം കൂടിയാണ് സ്ത്രീകളുടെ മീശ. ബില്ലി ഇതിനുമുമ്പും വിചിത്രമായ പരസ്യങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 

ശരീരത്തിലെ സ്വകാര്യഭാഗങ്ങളില്‍ രോമങ്ങള്‍ വളര്‍ത്തുന്ന സ്ത്രീകളെ മോഡലുകളാക്കി അവര്‍ പരസ്യം ചെയ്തിരുന്നു. ഇവയിലൂടെ അവര്‍ പറയാന്‍ ശ്രമിക്കുന്നത് വ്യക്തം: രോമങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി സ്ത്രീകള്‍ അനാവശ്യമായി സമയവും പണവും ചെലവഴിക്കേണ്ടതില്ല. ആവശ്യമുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ അങ്ങനെയുള്ളവര്‍ മാത്രം രോമങ്ങള്‍ നീക്കം ചെയ്യട്ടെ. ആവശ്യമില്ലെന്നു തോന്നുന്ന സ്ത്രീകള്‍ മീശയും മറ്റും വളര്‍ത്തട്ടെ ! 

English Summary : Women have moustaches too

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA