sections
MORE

മൗനം ബലഹീനതയല്ല, ചായ കുടിക്കാറില്ല; വിവാദങ്ങളോട് പ്രതികരിച്ച് അനുഷ്ക

Virat Kohli, Anushka Sharma
വിരാട് കോഹ്‌ലി, അനുഷ്ക ശർമ്മ
SHARE

ക്രിക്കറ്റ് താരം വിരാട് കോലിയെ പ്രണയിച്ച കാലം മുതൽ വിവാദങ്ങളുടെ ഉറ്റതോഴിയാണ് ബോളിവുഡ് താരം അനുഷ്ക ശർമ. ക്രീസിൽ വിരാടിന്റെ പ്രകടനം മോശമായാൽ പോലും അതിന്റെ പഴി കേൾക്കേണ്ടി വരുന്ന സാഹചര്യം പോലും അനുഷ്കയ്ക്കുണ്ടായി. പിന്നീട് ഇരുവരും വിവാഹിതരായപ്പോഴും അതിനു ശേഷവും വിവാദങ്ങൾ ഒരു നിഴൽ പോലെ അനുഷ്കയെ പിന്തുടർന്നു.

ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരം ഫാറൂഖ് എഞ്ചിനിയറുടെ ഒരു പരാമർശമാണ് അനുഷ്കയെ വീണ്ടും വിവാദത്തിലേക്ക് വലിച്ചിട്ടിരിക്കുന്നത്. മിക്കി മൗസ് സിലക്‌ഷൻ കമ്മിറ്റിയാണ് ഇന്ത്യൻ ക്രിക്കറ്റിൽ ഇപ്പോഴുള്ളതെന്നു പറഞ്ഞുകൊണ്ട് 82കാരനായ മുൻ വിക്കറ്റ് കീപ്പർ ഫറൂഖ് എൻജിനീയർ നടത്തിയ പരാമർശമിങ്ങനെ :-

‘സിലക്ടർമാരുടെ മത്സരപരിചയമെടുത്താൽ എല്ലാവരുംകൂടി പത്തോ പന്ത്രണ്ടോ ടെസ്റ്റ് കളിച്ചിട്ടുണ്ടാകും. ക്യാപ്റ്റൻ വിരാട് കോലിക്കു താരങ്ങളെ തിരഞ്ഞെടുക്കുന്നതിൽ വലിയ പങ്കുണ്ട്. പക്ഷേ, എന്തു കാര്യം. യോഗ്യതയുള്ളവർ സിലക്ടർമാരുടെ അക്കൂട്ടത്തിലില്ല. ഏകദിന ലോകകപ്പ് ഇംഗ്ലണ്ടിൽ നടന്നപ്പോൾ ഞാൻ ചിലരെ കണ്ടിരുന്നു. ഇന്ത്യയുടെ കുപ്പായമണിഞ്ഞ്, സിലക്ടർമാർ എന്നു സ്വയം പരിചയപ്പെടുത്തിയവരുടെ പ്രധാന ജോലി കോലിയുടെ ഭാര്യ അനുഷ്ക ശർമയ്ക്കു ചായ കൊണ്ടുകൊടുക്കലായിരുന്നു'.

ഇന്ത്യൻ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തുടർച്ചയായി തന്റെ പേര് വലിച്ചിഴക്കപ്പെടുന്നതിൽ കടുത്ത രോഷത്തോടെയാണ് അനുഷ്ക ശർമ ഇക്കുറി പ്രതികരിച്ചത്. വിവാദങ്ങളോടു മൗനം പാലിക്കുന്നത് തന്റെ ബലഹീനതയായി കരുതരുത് എന്ന മുന്നറിയിപ്പോടെയാണ് താരം ചില കാര്യങ്ങൾ തുറന്നു പറഞ്ഞത്. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയതും, തനിക്കെതിരെ തുടർച്ചയായി ഉയർന്നു വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളോട് പ്രതികരിച്ചതും.

'' വ്യാജവാർത്തകളോടും, കെട്ടിച്ചമച്ച വാർത്തകളോടും മൗനംപാലിക്കുക എന്നതാണ് അതിനെ നേരിടാനുള്ള ഏറ്റവും നല്ല വഴിയെന്നാണ് ഞാൻ കരുതുന്നത്. അങ്ങനെതന്നെയാണ് 11 വർഷത്തോളം കരിയർ ഞാൻ മുന്നോട്ടു കൊണ്ടു പോയതും ഇപ്പോൾ കൊണ്ടുപൊയ്ക്കൊണ്ടിരിക്കുന്നതും. എന്റെ മൗനത്തിനു പിന്നിൽ സത്യവും അന്തസ്സുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

ചിലർ ചില നുണകൾ പറയുന്നു... തുടർച്ചയായ ആ നുണകൾ പറഞ്ഞ് പറഞ്ഞ് അത് സത്യമാക്കാൻ ശ്രമിക്കുന്നു. ഇത് പലപ്പോഴും എന്റെ സ്വൈര്യം കെടുത്തുന്നുണ്ട്. എന്റെ മൗനത്തിനു മേൽ ആ നുണകൾ പടർന്ന് എന്റമേൽ തന്നെ പതിക്കുകയാണ്. അതിന് ഇന്ന് ഒരു അവസാനം വേണം.

വിരാടിനെ പ്രണയച്ചുകൊണ്ടിരുന്ന കാലത്തും അദ്ദേഹം എന്റെ ഭർത്താവായതിനു ശേഷവും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സംഭവിക്കുന്ന അടിസ്ഥാന രഹിതമായ പലകാര്യങ്ങൾക്കും എനിക്ക് കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ ഞാൻ മൗനം പാലിച്ചിട്ടേയുള്ളൂ. കെട്ടിച്ചമയ്ക്കപ്പെട്ട മറ്റൊരു വാർത്ത ബോർഡ് യോഗങ്ങളുമായി ബന്ധപ്പെട്ടതാണ്. മീറ്റിങ്ങുകളിൽ ഞാൻ പങ്കെടുക്കാറുണ്ടെന്നും ടീം തെരഞ്ഞെടുക്കുന്നതിൽ പോലും  ഞാൻ സ്വാധീനം ചെലുത്താറുണ്ടെന്നും ആരോപണങ്ങളുണ്ടായി. അപ്പോഴും എന്റെ മറുപടി മൗനമായിരുന്നു. മറ്റൊരു ആരോപണം വിദേശ യാത്രകളിൽ വിരാടിനൊപ്പം അധിക ദിവസങ്ങൾ ചെലവഴിക്കുന്നുണ്ടായിരുന്നു. ഞാൻ എല്ലായിപ്പോഴും പ്രോട്ടോക്കോൾ പാലിക്കുന്ന ഒരാളായിരുന്നു.

എന്റെ ടിക്കറ്റും സുരക്ഷയും സംബന്ധിച്ചായിരുന്നു ഉയർന്നു വന്ന മറ്റൊരു ആരോപണം. എന്റെ ടിക്കറ്റ്, സുരക്ഷ ഇവ നിർവഹിക്കുന്നത് ബോർഡ് ആണെന്നായിരുന്നു ആരോപണം. എന്നാൽ ഇതിന്റെയൊക്കെ ചിലവ് ഞാൻ തന്നെയാണ് വഹിക്കുന്നത്. പിന്നെ വന്നത് ഒരു ഗ്രൂപ്പ് ഫോട്ടോ വിവാദമായിരുന്നു. ഹൈക്കമ്മിഷ്ണറുടെ ഭാര്യയ്ക്കൊപ്പം നിന്ന് ഫോട്ടോയെടുത്തന്നായിരുന്നു അത്. എന്റെ എതിർപ്പ് അവഗണിച്ചാണ് അന്ന് ആ ഫോട്ടോ എടുത്തത്. പക്ഷേ കഥകൾ പുറത്തു വന്നത് ഞാൻ ഒരു അവസരത്തിനു വേണ്ടി കാത്തിരുന്ന് ആ ഫോട്ടോ എടുത്തുവെന്നായിരുന്നു. അവിടെ ഞാൻ ക്ഷണിക്കപ്പെട്ട വ്യക്തിയാണെന്ന് അറിഞ്ഞിട്ടാണ് ചിലർ ഇങ്ങനെയുള്ള ആരോപണങ്ങൾ പടച്ചു വിട്ടത്.

ലോകകപ്പ് മൽസരത്തിനു പോയതുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് അനുഷ്ക പറഞ്ഞതിങ്ങനെ : -

'' ചിലർ തെറ്റായ കഥകളിലേക്ക് എന്നെ വലിച്ചിഴയ്ക്കുകയാണ്. ഞാൻ ലോകകപ്പിനു പോയിരുന്നു. ഫാമിലി ബോക്സിൽ ഇരുന്നാണു കളി കണ്ടത്. സിലക്ടർമാർക്കൊപ്പം ഇരുന്നിട്ടേയില്ല. സിലക്ടർമാരെ വിമർശിക്കണമെങ്കിൽ ആർക്കു വേണമെങ്കിലും അതു ചെയ്യാം. പക്ഷേ, വെറുതെ എന്റെ പേര് അതിനായി ഉപയോഗിക്കരുത്. സെലക്ടർമാർ തനിക്ക് ചായക്കൊണ്ടുത്തന്നു എന്ന ആരോപണത്തോട് വളരെ വ്യക്തമായ, ശക്തമായ ഭാഷയിലാണ് അനുഷ്ക പ്രതികരിച്ചത്.

ഇക്കുറി പുറത്തു വന്ന വ്യാജ വാർത്തയും ആരോപണവും എന്നെ വല്ലാതെ ബാധിച്ചവിഷമിപ്പിച്ചതുകൊണ്ടാണ് മൗനം വെടിയാൻ ഞാൻ തയാറായത്. വളരെ മോശമായ കാര്യങ്ങളാണ് ഇക്കുറി വെളിയിൽ വന്നത്. ആ വാർത്തക്കെതിരെയുള്ള പ്രത്യാരോപണമായൊന്നും ഇതിനെ കാണണ്ട. മൗനം ഒരാളുടെ ബലഹീനതയാണെന്ന് കരുതുകയും വേണ്ട. ആർക്കെങ്കുമെതിരെയുള്ള ആരോപണത്തിന്റെ പേരിൽ എന്റെ പേരുപയോഗിക്കുകയാണെങ്കിൽ അതിന് കൃത്യമായ തെളിവുണ്ടായിരിക്കണം. ഞാൻ എന്റെ ജീവിതമാണ് ജീവിക്കുന്നത്, വളരെ കഷ്ടപ്പെട്ട് ഞാനുണ്ടാക്കിയെടുത്ത കരിയാറാണ്. അതുകൊണ്ടു തന്നെ ഒന്നിനോടും കോംപ്രമൈസ് ചെയ്യാതെ അന്തസ്സോടെ ഞാൻ ജീവിക്കും. ചിലർക്കെങ്കിലും വിശ്വസിക്കാൻ പ്രയാസമുണ്ടാകും ഞാന്‍ സ്വയം പര്യാപ്തയും സ്വതന്ത്രയുമായ സ്ത്രീയാണ്. ഒരു ക്രിക്കറ്റ് താരത്തിന്റെ ഭാര്യയായി എന്നു മാത്രമേയുള്ളു. അവസാനമായി ഒരു കാര്യം കൂടി  ഞാന്‍ ചായ കുടിക്കാറില്ല, കാപ്പിയാണ് കുടിക്കാറുള്ളത്''.

English Summary : For the record, I drink coffee Says Anushka Sharma

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA