sections
MORE

'എന്റെ മേൽ ഒരു കണ്ണുവേണമെന്ന് അയാൾ എന്റെ ഭർത്താവിനോടു പറഞ്ഞു'; സോന മൊഹാപത്ര

Sona Mohapatra, Sonu Nigam
സോന മൊഹാപത്ര, സോനു നിഗം
SHARE

ഒരു വര്‍ഷം കൊണ്ട് എല്ലാം മറക്കുമോ? ഈ ചോദ്യം ചോദിക്കുന്നത് ഒരാള്‍ മാത്രമല്ല, ഒന്നിലേറെപ്പേരാണ്. കൃത്യം ഒരു വര്‍ഷം മുമ്പ് ഇന്ത്യയെ ഇളക്കിമറിച്ച ലൈംഗിക പീഡനക്കേസുകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന സ്ത്രീകള്‍.  ഹോളിവുഡില്‍ തുടങ്ങിയ മീ ടൂ കൊടുങ്കാറ്റ് ഒടുവില്‍ ഇന്ത്യയില്‍ എത്തുകയും പൊതുരംഗത്ത് പ്രശസ്തരായ ചിലര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുകയും ചെയ്തു. 

ചില പ്രമുഖര്‍ക്കെതിരെയാകട്ടെ ഒന്നിലധികം സ്ത്രീകളാണ് ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെപ്പോലും വെറുതെ വിടാതിരുന്ന സംഭവങ്ങള്‍ പോലും ചൂണ്ടിക്കാണിക്കപ്പെട്ടു. ചിലര്‍ക്ക് അവര്‍ വഹിച്ചിരുന്ന സ്ഥാനങ്ങള്‍ നഷ്ടമായി. അതായിരുന്നു അവര്‍ക്കു ലഭിച്ച ശിക്ഷ. ഇപ്പോള്‍  ഒരു വര്‍ഷത്തിനു ശേഷം അന്നു സ്ഥാനം നഷ്ടപ്പെട്ട ചിലര്‍ക്ക് വീണ്ടും അവസരം ലഭിച്ചിരിക്കുന്നു. വീണ്ടും പഴയ അതേ കസേരകളില്‍. മീ ടൂ കാലത്ത് ആരോപണം ഉന്നയിച്ചവരെ മുഴുവന്‍ അദ്ഭുതപ്പെടുത്തയും അസ്വസ്ഥരാക്കുകയും ചെയ്യുന്ന നീക്കമാണിത്. 

ഇന്ത്യന്‍ സംഗീതലോകത്തെ പ്രമുഖനാണ് സംഗീത സംവിധായകന്‍ അനു മാലിക്. തിളക്കമുള്ള കരിയറിനു ശേഷം പ്രശസ്തമായ ഒരു ടെലിവിഷനില്‍ സംഗീത റിയാലിറ്റി ഷോയുടെ വിധികര്‍ത്താവായും അനു മാലിക് പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ വിനോദ വ്യവസായത്തില്‍ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ക്കു വിധേയനായ വ്യക്തിയും അനു മാലിക് തന്നെ. പീഡന ആരോപണങ്ങള്‍ നേരിട്ട മറ്റൊരാളാണ് കൈലാഷ് ഖേര്‍. ഒട്ടേറെ സ്ത്രീകള്‍ അനു മാലിക്കിനെതിരെ ആരോപണം ഉന്നയിക്കുകയുണ്ടായി. 

അന്ന് നഷ്ടപ്പെട്ട റിയാലിറ്റി ഷോയുടെ ജഡ്ജിന്റെ കസേരയില്‍ അദ്ദേഹം വീണ്ടുമെത്തിയിരിക്കുന്നു. ഇതു ശ്രദ്ധിച്ച ചിലരെങ്കിലും സംഭവം മറ്റുള്ളവരുടെയും ശ്രദ്ധയില്‍പ്പെടുത്തി. ഒരാള്‍ ട്വിറ്ററില്‍ ഇക്കാര്യം എഴുതുകയും ചെയ്തു: 

ഇന്ത്യന്‍ ഐഡല്‍ റിയിലാറ്റി ഷോയുടെ വിധികർത്താവായി വീണ്ടും അനു മാലിക്ക് എത്തിയിരിക്കുന്നു. കേസുകളില്‍ അന്വേഷണം നടത്തി മാലിക്കിനെ കുറ്റവിമുക്തനാക്കിയത് അദ്ദേഹത്തിന്റെ ആരാധകരുള്‍പ്പെട്ട കമ്മിറ്റി തന്നെയാണ്. സ്വാധീനശേഷിയുള്ള മാലിക്കിനെപ്പോലുള്ള പ്രമുഖര്‍ക്കെതിരെ ആരോപണം ഉന്നയിക്കാന്‍ ധൈര്യം സംഭരിച്ച സ്ത്രീകളുടെ ഗതി ഇനിയെന്താകും. അവരുടെ ധീരതയെ പരിഹസിക്കുന്നതിനു തുല്യമല്ലേ ഇത് ?

മാലിക്കിനെതിരെ കഴിഞ്ഞ വര്‍ഷം ആരോപണം ഉന്നയിച്ചവരില്‍ സോന മഹാപത്ര ഈ സന്ദേശത്തിനു മറുപടി എഴുതിയതോടെ സംഭവം വീണ്ടും വിവാദമായിരിക്കുകയാണ്. സോന എഴുതുന്നു: അനു മാലിക്കിനു വേണ്ടി പരസ്യമായി രംഗത്തുവന്നവരില്‍ പ്രമുഖനായിരുന്നു സോനു നിഗം. അനു മാലിക് അയാളുടെ അമ്മയുടെ മകനാണെന്നും ലക്ഷങ്ങള്‍ സമ്പാദിക്കാനുള്ള അയാളുടെ അവകാശം ആര്‍ക്കും ചോദ്യം ചെയ്യാനാവില്ലെന്നു മായിരുന്നു സോനുവിന്റെ അന്നത്തെ നിലപാട്. ഞാന്‍ ആരോപണം ഉന്നയിച്ചതിനാല്‍ സോനു എന്റെ ഭര്‍ത്താവിനെ വിളിച്ചിരുന്നു. ഞാന്‍ ശരിയല്ലെന്നും ഭീകരവാദിയാണെന്നും എന്റെ മേല്‍ ഒരു കണ്ണുവേണമെന്നും എന്റെ ഭര്‍ത്താവിനോടു പറയുകയും ചെയ്തു. എന്തായാലും അവര്‍ക്കെല്ലാം ഇപ്പോള്‍ സന്താഷമായിക്കാണും. 

രാജ്യം ഉണരണമെങ്കില്‍ നിര്‍ഭയ മോഡലില്‍ ദുരന്തം ഉണ്ടാകണമെന്നാണോ ഇതിന്റെ അര്‍ഥം. 

ആരോപണം ഉന്നയിച്ച് ഏതാനും ദിവസത്തിനുശേഷം എന്നെ വിധികര്‍ത്താവ് സ്ഥാനത്തുനിന്നു പുറത്താക്കി. അനു മാലിക്കിനെതിരെ ഞാന്‍ ആരോപണം ഉന്നയിച്ചതിനാല്‍ എതിരാളികളുടെ ടിവി ഷോയാണ് ഇപ്പോള്‍ എല്ലാവരും കാണുന്നതെന്നാണ് എന്നെ പുറത്താക്കാനുള്ള കാരണമായി പറഞ്ഞത്. ഇപ്പോഴിതാ ലൈംഗിക വൈകൃതങ്ങളുടെ പേരില്‍ കുപ്രസിദ്ധനായ അനു മാലിക് സ്വന്തം കസേരയില്‍ തിരിച്ചെത്തിയിരിക്കുന്നു. 

കടുത്ത ഭാഷയിലുള്ള സോനു മഹാപത്രയുടെ സന്ദേശം വന്നതോടെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ അനു മാലിക്കിനും അദ്ദേഹത്തിനു വിധി കര്‍ത്താവിന്റെ സ്ഥാനം തിരിച്ചുകൊടുത്ത സ്ഥാപനത്തിനുമെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. 

English Summary : Sona Mohapatra alleges Sonu Nigam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA