ADVERTISEMENT

സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ചും, അവസരങ്ങൾക്കുവേണ്ടി വിട്ടുവീഴ്ചകൾക്ക് തയാറാകേണ്ടി വരുന്നതിനെക്കുറിച്ചും പല അഭിനേത്രികളും മനസ്സു തുറക്കാറുണ്ട്. തനിക്കും കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ബോളിവുഡ്–തെന്നിന്ത്യൻ താരം ഇഷകോപ്പികർ. 

കുറച്ചു വർഷങ്ങളായി സിനിമാ മേഖലയിൽ നിന്ന് വിട്ടു നിന്നിരുന്ന ഇഷ തിരിച്ചു വരവിലാണ് കരിയറിന്റെ തുടക്കകാലത്ത് അഭിമുഖീകരിച്ചിരുന്ന പല പ്രശ്നങ്ങളെയും കുറിച്ച് തുറന്നു പറഞ്ഞത്. അവഗണന, കാസ്റ്റിങ് കൗച്ച്, ഐറ്റം ഡാൻസ് ഗേൾ ആയി ടൈപ് കാസ്റ്റ് ചെയ്യപ്പെട്ടത്... ഇവയെയൊക്കെ അതിജീവിച്ചാണ് താൻ കരിയർ കെട്ടിപ്പടുത്തതെന്ന് അവർ പറയുന്നു. 

തനിക്കായി പറഞ്ഞുവച്ചിരുന്ന പല വേഷങ്ങളും നഷ്ടപ്പെട്ടു പോയതിനെക്കുറിച്ച് ഇഷ പറയുന്നതിങ്ങനെ :-

'' ഒരു പാട് പ്രാവശ്യം എനിക്കായി പറഞ്ഞു വച്ചിരുന്ന റോളുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ആരുടെയെങ്കിലും മകൾക്കോ, കാമുകിക്കോ, പെൺസുഹൃത്തിനോ ഒക്കെയാണ് ആ റോളുകൾ കിട്ടിയിട്ടുള്ളത്. സ്വജനപക്ഷപാതംകൊണ്ട് ഒരുപാടവസരങ്ങളെനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്''.

അവസരങ്ങൾ നഷ്ടപ്പെടുകമാത്രമല്ല കാസ്റ്റിങ് കൗച്ചും തനിക്കുനേരെയുണ്ടായിട്ടുണ്ടെന്ന് ഇഷ പറയുന്നു. ഒരിക്കൽ ഒരു സൂപ്പർ സ്റ്റാർ തനിച്ചു വന്നു കാണാൻ തന്നോടാവശ്യപ്പെട്ടെന്നു പറഞ്ഞുകൊണ്ട് ഇഷ വെളിപ്പെടുത്തിയതിങ്ങനെ :-

'' ഒരിക്കൽ ഒരു നിർമാതാവ് എന്നെ വിളിച്ചു. ഒരു പടമുണ്ടെന്നും അതിന്റെ ആവശ്യത്തിനായി ഒരു നടനെ വിളിക്കണമെന്നും പറഞ്ഞു. നടന്മാരുടെ ഗുഡ് ബുക്കിലിടം പിടിച്ചാലേ സിനിമയിൽ നിലനിൽക്കാനാവൂ എന്നുള്ളതുകൊണ്ട് അയാളെ വിളിച്ചു. വിളിച്ചയുടൻ അയാൾ അയാളുടെ ഒരു ദിവസത്തെ ടൈംടേബിൾ മുഴുവൻ എന്നോടു പറഞ്ഞു. താനൊരു മോണിങ് പേഴ്സനാണെന്നും ഇത്രമണിക്ക് ജിമ്മിൽ പോകുമെന്നും ഡബ്ബിങ്ങിനും മറ്റൊരു കാര്യത്തിനുമിടയിൽ കുറച്ചു സമയമുണ്ടെന്നും അപ്പോൾ തമ്മിൽ കാണാമെന്നും പറഞ്ഞു. ആരുടെയൊപ്പമാണ് വരുന്നതെന്ന് ചോദിച്ചു. ഡ്രൈവറുടെ ഒപ്പമാണെന്നു പറഞ്ഞപ്പോൾ അത് വേണ്ട ഒറ്റയ്ക്കു വന്നാൽ മതിയെന്നു പറഞ്ഞു. അതോടെ അയാളുടെ ഉദ്ദേശം വ്യക്തമായി. ഞാൻ നാളെ ഫ്രീ അല്ലെന്ന് അയാളെ അറിയിച്ചു''.- ഇഷ പറയുന്നു.

ഉടനെ തന്നെ ഞാൻ നിർമാതാവിനെ വിളിച്ചു. അഭിനയിക്കാനുള്ള കഴിവു കണ്ടിട്ട് എന്നെ കാസ്റ്റ് ചെയ്താൽ മതി എന്ന് അദ്ദേഹത്തോടു പറഞ്ഞു. അതിനു ശേഷം ആരും വേഷം നൽകാമെന്നു പറഞ്ഞ് ഇക്കാര്യങ്ങൾക്കൊന്നും എന്നെ നിർബന്ധിച്ചിട്ടില്ല. ഇങ്ങനെയാണ് അവർ ആളുകളെ ഭയപ്പെടുത്തുക. ഒരു പെൺകുട്ടി നോ പറഞ്ഞാൽ അവർക്കതിനെ ഉൾക്കൊള്ളാനാവില്ല. അതിൽപ്പിന്നെ എനിക്ക് അയാൾക്കൊപ്പം അഭിനയിക്കേണ്ടി വന്നിട്ടില്ല. പക്ഷേ ഉന്നത നിലയിലുള്ള ചില സെക്രട്ടറിമാർ മോശമായ തരത്തിലൊക്കെ സ്പർശിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതോടുകൂടി സ്വയം പ്രതിരോധത്തിനുള്ള മാർഗ്ഗങ്ങൾ ഞാൻ അഭ്യസിച്ചു തുടങ്ങി''.- ഇഷ പറഞ്ഞവസാനിപ്പിച്ചു.

English Summary : Isha Koppikar Talks About Casting Couch Experience 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com