ADVERTISEMENT

ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കിടെ തന്റെ പ്രസംഗത്തില്‍ ഇടപെടാന്‍ ശ്രമിച്ച മുതിര്‍ന്ന അംഗത്തോടുള്ള ചെറുപ്പക്കാരിയായ വനിതാ പാര്‍ലമെന്റംഗത്തിന്റെ പ്രതികരണം ചര്‍ച്ചയായിരിക്കുന്നു. പ്രതികരണം ഉണ്ടായപ്പോള്‍ പാര്‍ലമെന്റില്‍ അതു വലിയ ഒച്ചപ്പാടൊന്നും ഉണ്ടാക്കിയില്ലെങ്കിലും സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ ഓണ്‍ലൈന്‍ ലോകം വനിതാ അംഗത്തിന്റെ പ്രസരിപ്പും ആവേശവും പ്രതികരണശേഷിയും അംഗീകരിച്ചും പ്രശംസിച്ചും രംഗത്തുവന്നിരിക്കുന്നു. 

കോള്‍ സ്വര്‍ബ്രിക് എന്നാണ് വനിതാ അംഗത്തിന്റെ പേര്. കാര്‍ബണ്‍ രഹിത ലോകത്തെക്കുറിച്ചുള്ള പാര്‍ലമെന്റ് ചര്‍ച്ചയ്ക്കിടെയാണ് സംഭവം. 2050- ആകുമ്പോഴേക്കും ന്യൂസിലന്‍ഡിനെ കാര്‍ബണ്‍ രഹിത രാജ്യമാക്കാന്‍വേണ്ടി അവതരിപ്പിച്ച ബില്ലിന്മേലായിരുന്നു ചര്‍ച്ച. സ്വര്‍ബ്രിക് ചര്‍ച്ചയില്‍ പങ്കെടുത്ത് ആവേശത്തോടെ സംസാരിക്കുന്നതിനിടെയായാരുന്നു മുതിര്‍ന്ന അംഗത്തിന്റെ ഇടപെടല്‍. പ്രസംഗത്തില്‍ നിന്നു വ്യതിചലിക്കാതെതന്നെ ‘ഓകെ ബൂമര്‍’ എന്നുപറഞ്ഞുകൊണ്ട് സ്വര്‍ബ്രിക് പ്രസംഗം തുടരുകയായിരുന്നു. 

1981 നും 96 നും മധ്യേ ജനിച്ച തലമുറയില്‍ പെട്ട വ്യക്തിയാണ് സ്വര്‍ബ്രിക്. മിലേനിയല്‍സ് എന്നാണ് ഈ പ്രായക്കാര്‍ അറിയപ്പെടുന്നത്. പുതിയ തലമുറ അഥവാ ചെറുപ്പക്കാര്‍. ഇത്തരക്കാര്‍ മുതിര്‍ന്ന തലമുറയെ പരിഹസിച്ചു പറയുന്ന പ്രയോഗമാണ് ബൂമര്‍ എന്നത്. പ്രസംഗത്തിനിടെ തടസപ്പെടുക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വര്‍ബ്രിക് പെട്ടെന്നുതന്നെ, ബൂമര്‍ എന്ന് മുതിര്‍ന്ന അംഗത്തെ വിളിച്ചതോടെ അദ്ദേഹത്തിന്റെ നാവിറങ്ങിപ്പോയ പ്രതീതിയായിരുന്നു. പരിഹാസം കുറിക്കുകൊണ്ടു എന്നര്‍ഥം. 55 നും 73 നും ഇടയ്ക്കു പ്രായമുള്ള തലമുറയെയാണ് ബൂമര്‍ എന്ന പ്രയോഗം കൊണ്ടു വിശേഷിപ്പിക്കുന്നത്. 

കാര്‍ബണ്‍ വിപത്തിനെക്കുറിച്ച് എത്രയോ വര്‍ഷങ്ങളായി നമ്മുടെ ലോക നേതാക്കള്‍ക്കെല്ലാം അറിയാം. എന്നിട്ടും ഇപ്പോഴും അടച്ചിട്ട മുറികളിലെ രഹസ്യ ചര്‍ച്ചകളില്‍ മാത്രം സംഭവം ഒതുങ്ങിപ്പോകുന്നു. ഇപ്പോള്‍ അമ്പതും എഴുപതും വയസ്സുള്ളവര്‍ക്ക് അതാകാമായിരുന്നു. പക്ഷേ, എനിക്കും എനിക്കുശേഷം വരുന്ന തലമുറകള്‍ക്കും സമയം അവശേഷിച്ചിട്ടില്ല. ഇപ്പോഴെങ്കിലും ഞങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍ ഭാവി ഇരുളടഞ്ഞതായിപ്പോകും- സ്വര്‍ബ്രിക് പാര്‍ലമെന്റില്‍ പറഞ്ഞു. 49 വയസ്സാണ് ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗങ്ങളുടെ ഇപ്പോഴത്തെ ശരാശരി പ്രായം. 

പിന്നീട് ഒരു ഫെയ്സ്ബുക് പോസ്റ്റില്‍ തന്റെ പരാമര്‍ശം ചിലരെ അസ്വസ്ഥരാക്കി എന്നകാര്യം സ്വര്‍ബ്രിക് സമ്മതിച്ചു. അതല്ലാതെ വേറെ വഴിയില്ലായിരുന്നു എന്നും. പരിഹസിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രായത്തെക്കുറിച്ചു സൂചിപ്പിച്ച് തിരിച്ചുപറയുന്നത് കടന്നകയ്യാണ്. പക്ഷേ, അപ്പോള്‍ അതു ചെയ്യാതെ വേറെ മാര്‍ഗമില്ലായിരുന്നു എന്നാണ് സ്വര്‍ബ്രിക്കിന്റെ പ്രതികരണം. തനിക്ക് തന്റെതന്നെ പെരുമാറ്റത്തില്‍ പശ്ചാത്താപം ഇല്ലെന്നും. 

English Summary : OK, Boomer": Millennial MP's Retort To Heckler

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com