ADVERTISEMENT

പതി പത്നി ഓര്‍ വോ’  ഒരു സാധാരണ സിനിമയല്ലെന്നു പറയുന്നു ചിത്രത്തിലെ നടിമാരില്‍ ഒരാളായ ഭൂമി പട്നേക്കര്‍. കഴിഞ്ഞ ദിവസം മുംബൈയില്‍ ചിത്രത്തിന്റെ ട്രെയ്‍ലര്‍ ലോഞ്ച് ചടങ്ങിലായിരുന്നു താരത്തിന്റെ അവകാശവാദം.

വിവാഹത്തെ ലൈംഗിക കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ഒരു സിനിമ മാത്രമല്ല പതി. മറിച്ച് സ്ത്രീ പുരുഷ തുല്യതയെക്കുറിച്ച് തമാശ കൂടി ഉള്‍പ്പെടുത്തി ഗൗരവത്തോടെ പഠിക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്നും ഭൂമി പറയുന്നു. 

ചിത്രത്തിന്റെ തിരക്കഥ വായിക്കുന്നതുവരെ എനിക്കും സംശയങ്ങളുണ്ടായിരുന്നു. പക്ഷേ, തിരക്കഥ പൂര്‍ണമായും വായിച്ചതോടെ എന്റെ സംശയങ്ങളെല്ലാം ഇല്ലാതായി. ചിത്രത്തില്‍ ഒട്ടേറെ തമാശ മുഹൂര്‍ത്തങ്ങളുണ്ട്. പക്ഷേ, ഗൗരവമില്ലാത്ത നിസ്സാരമായ സിനിമയല്ല പതി. സ്ത്രീകളെയും പുരുഷന്‍മാരെയും ഒരുപോലെ ശാക്തീകരിക്കാന്‍ ശ്രമിക്കുന്ന സിനിമയാണ്. 

ജീവിതത്തിലെന്നപോലെ ഈ സിനിമയിലും ആരും പൂര്‍ണമായി കറുത്തവരോ വെളുത്തവരോ അല്ല. കുറ്റങ്ങളും കുറവുകള്‍ക്കുമൊപ്പം നന്മകളുമുള്ളവരാണ്. മികച്ച കഥയുടെ ഉറപ്പില്ലാത്ത നിസ്സാരമായ ഒരു സിനമയാകരുത് പതി എന്നകാര്യത്തില്‍ സംവിധായകന് നിര്‍ബന്ധമുണ്ടെന്ന് പതി തെളിയിക്കും. സിനിമയുടെ ഭാഗമായ നടീ നടന്‍മാരും സാങ്കേതിക പ്രവര്‍ത്തകരുമെല്ലാം ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചത് പതി ഒരു ലൈംഗിക സൂചനകളുള്ള സിനിമ ആകാതിരിക്കാനാണ്. 

കഥ കേട്ടപ്പോഴല്ല മറിച്ച് തിരക്കഥ വായിച്ചപ്പോഴാണ് എനിക്ക് ചിത്രത്തിന്റെ സൗന്ദര്യം മനസ്സിലായത്. പെട്ടെന്ന് തെറ്റിധരിക്കാവുന്ന സിനിമയാണിത്. ഏതു നിമിഷം വേണമെങ്കിലും മോശം നിലവാരത്തിലേക്കു പോവുന്നതായിരുന്നു വിഷയം. അതു തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയും. ഒടുവില്‍ ഒരു മികച്ച സിനിയയായി പതിയെ മാറ്റാന്‍ കഴിഞ്ഞത് നേട്ടം തന്നെയാണ്. വലിയ നേട്ടം- ഭൂമി പറയുന്നു. 

അടുത്തിടെ റിലീസായ 'സാന്ദ് കി ആംഖ്' എന്ന ചിത്രം വന്‍ വിജയമായതിന്റെ ആവേശത്തിലാണ് ഇപ്പോള്‍ ഭൂമി. 

കാര്‍ത്തിക് ആര്യന്‍, അനന്യ പാണ്ഡെ, അപര്‍ശക്തി ഖുറാന എന്നിവരും സംവിധായകന്‍ മുദാസര്‍ അസീസ്, നിര്‍മാതാക്കള്‍ ജുനോ ചോപ്ര, അഭയ് ചോപ്ര  എന്നിവരും സിനിമയുടെ ട്രെയ്‍ലര്‍ ലോഞ്ചിന് എത്തിയിരുന്നു. 

എന്റെ എല്ലാ സിനിമകളും സ്ത്രീ കേന്ദ്രീകൃതമാണ്. വനിതകള്‍ക്ക് മികച്ച അവസരങ്ങളും ഞാന്‍ കൊടുത്തിട്ടുണ്ട്. സിനിമ കണ്ടുകഴിയുമ്പോള്‍ ഭാര്‍ത്താവിന്റെ അവസ്ഥ എന്താണെന്നും ഭാര്യയുടെയും കാമുകിയുടെയും അവസ്ഥ എന്താണെന്നും എല്ലാവര്‍ക്കും മനസ്സിലാകും- സംവിധായകന്‍ മുദാസര്‍ അസീസ് പറയുന്നു.  

1978 ല്‍ ബി.ആര്‍.ചോപ്ര സാക്ഷാത്കരിച്ച ഇതേ പേരിലുള്ള സിനിമയുടെ റി മേക്കാണ് ഇപ്പോള്‍ സംവിധായകന്‍ മുദാസര്‍ അസീസ് പ്രേക്ഷകര്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഭാര്യാ-ഭർതൃു ബന്ധത്തെക്കുറിച്ചുള്ള ഒരു തമാശച്ചിത്രമായിരുന്നു ബി.ആര്‍ ചോപ്രയുടേത്. തന്റെ ഭാര്യ അസുഖമായി കിടപ്പിലാണെന്ന് കള്ളം പറഞ്ഞ് സെക്രട്ടറിയുടെ സ്നേഹം നേടിയെടുക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിന്റെ കഥ. ഭാര്യ നേരിട്ടു രംഗത്തുവരികയും കള്ളം കണ്ടുപിടിക്കുകയും ചെയ്യുന്നതോടെ ഭര്‍ത്താവിന്റെ പദ്ധതികള്‍ പൊളിയുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഡിസംബര്‍ ആറിനു പുറത്തുവരാനിരിക്കുന്ന റീ മേക്കില്‍ പുതയൊരു ക്ലൈമാക്സാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ്. 

English Summary: Bhumi Pednekar Talks About New Film

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com