ADVERTISEMENT

എട്ടു വര്‍ഷം മുമ്പു നടന്ന ഒരു ചടങ്ങില്‍ അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസയ്ക്കു വേണ്ടി കുട്ടികളോടു സംസാരിക്കവെ, ധരിച്ച വസ്ത്രത്തെക്കുറിച്ചുള്ള ശാസ്ത്രജ്ഞയുടെ കുറിപ്പ് ഓണ്‍ലൈന്‍ ലോകത്ത് തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. യാഥാസ്ഥിതിക വേഷങ്ങള്‍ ധരിച്ചാണ് ശാസ്ത്രജ്ഞര്‍ പൊതുവെ ചടങ്ങുകളില്‍ പങ്കെടുക്കാറ്. അവര്‍ പൊതുവെ ഗൗരവ പ്രകൃതമുള്ളവരായാണ് പരിഗണിക്കപ്പെടാറ്. ഇതില്‍നിന്നു വ്യത്യസ്തമായ വേഷം ധരിച്ച് കുട്ടികളെ അഭിസംബോധന ചെയ്തതിന്റെ കാരണമാണ് ഒരു വനിതാ ശസ്ത്രജ്ഞ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

അമേരിക്കയിലെ മന്‍ഹാറ്റനില്‍ സയന്‍സ് ഹൗസ് എന്ന സ്ട്രാറ്റജിക് കണ്‍സല്‍ട്ടന്‍സി സ്ഥാപനം നടത്തുന്ന റീത്ത ജെ. കിങ് ആണ് വ്യത്യസ്തമായ വസ്ത്രധാരണത്തിലൂടെ എട്ടു വര്‍ഷം മുമ്പ് 2011 ല്‍ കുട്ടികളുടെ മനം കവര്‍ന്നതും ഇന്ന് അതേക്കുറിച്ചെഴുതി ലോകത്തെ സന്തോഷിപ്പിച്ചതും. വെര്‍ജീനിയയിലെ ഹാംപ്റ്റനില്‍, വളര്‍ന്നുവരുന്ന കുട്ടികളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് അന്ന് റിത്ത ജെ.കിങ് കുട്ടികളെ അഭിസംബോധന ചെയ്തത്.

യാഥാസ്ഥിതിക വേഷത്തിനു പകരം താന്‍ എന്തുകൊണ്ടാണ് വെട്ടിത്തിളങ്ങുന്ന സ്വര്‍ണനിറത്തിലുള്ള വേഷം ധരിച്ചതെന്നാണ് കിങ് വിശദീകരിച്ചിരിക്കുന്നത്. ‘ വസ്ത്രങ്ങള്‍ വച്ചിരുന്ന അലമാരയിലൂടെ പരതുമ്പോഴാണ് ഞാന്‍ സ്വര്‍ണനിറത്തിലുള്ള ഗൗണ്‍ കാണുന്നതും അണിയാന്‍ തീരുമാനിക്കുന്നതും. അനുയോജ്യവസ്ത്രത്തിനുവേണ്ടി പരതുമ്പോള്‍ ഞാന്‍ ഓര്‍ത്തത് അഭിസംബോധന ചെയ്യാന്‍ പോകുന്ന കുട്ടികള്‍ എനിക്കെഴുതിയ കത്താണ്.

ശ്രദ്ധേയമായ, തിളക്കമുള്ള വേഷം അണിയൂ; ശാസ്ത്രജ്ഞര്‍ക്കും ആധുനിക വേഷം അണിയാമെന്ന് ലോകം മനസ്സിലാക്കട്ടെ എന്നായിരുന്നു കുട്ടികള്‍ എനിക്ക് എഴുതിയത്’. റീത്തയുടെ ട്വീറ്റ് വേഗംതന്നെ വൈറലായി. 40,000 ല്‍ അധികം പേരാണ് സന്ദേശം ഇഷ്ടപ്പെട്ടത്. പലരും മറ്റുള്ളവര്‍ക്കു പങ്കുവയ്ക്കുകയും ചെയ്തു.

ശാസ്ത്രം എല്ലവര്‍ക്കും വേണ്ടിയാണ്. ആധുനിക വേഷങ്ങള്‍ അണിയുന്നവര്‍ക്കും ശാസ്ത്രമേഖലയില്‍ കടന്നുവരാമെന്നു തെളിയിച്ചതിനു നന്ദി- ഒട്ടേറെപ്പേര്‍ റീത്തയ്ക്കു നന്ദിയുമായി ട്വിറ്ററില്‍ നിറഞ്ഞു. പുരുഷന്‍മാര്‍ക്ക് ആധിപത്യമുള്ള ശാസ്ത്രമേഖലയില്‍ ഒരു വനിതയായി ജോലി ചെയ്യുന്നതിനും വനിതകളുടെ സ്വാഭാവികതകളെ അംഗീകരിച്ചതിനും റീത്തയ്ക്കു നന്ദി പറയുകയും ചെയ്തു.

പുരുഷന്‍മാര്‍ ഗൗരവമുള്ളവരും സ്ത്രീകള്‍ നിസ്സാരകളാണെന്നും ഒരു പൊതുബോധമുണ്ട്. അത് തെറ്റാണ്. ഒരു സ്ത്രീയായി ജീവിച്ചുകൊണ്ടും, സ്ത്രീകളുടെ സ്വാഭാവിക പ്രത്യേകതകളെ തള്ളിപ്പറയാതെയും ഗൗരവമുള്ള ലോകത്തും പ്രവര്‍ത്തിക്കാമെന്നാണ് തെളിയിക്കേണ്ടത്. റീത്ത അത് ചെയ്തിരിക്കുന്നു. നന്ദി... എന്നാണ് പലരും സന്ദേശം അയച്ചിരിക്കുന്നത്.

തന്റെ കൊച്ചുമകളെ ശാസ്ത്രലോകത്തേക്ക് ആനയിക്കാന്‍ ആഗ്രഹിച്ച തനിക്ക് റീത്തയുടെ സന്ദേശം പ്രചോദനമായെന്ന് ഒരാള്‍ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രജ്ഞയാകുന്നതോടെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം ഉപേക്ഷിക്കിക്കേണ്ടതില്ലെന്ന പാഠമാണ് റീത്ത പകരുന്നതെന്നും മറ്റൊരാള്‍ ചൂണ്ടിക്കാണിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com