ADVERTISEMENT

അസം സ്വദേശിനികളായ  രണ്ടു പൊലീസ് ഉദ്യോഗസ്ഥരാണ് ഓണ്‍ലൈന്‍ ലോകത്തെ ഇപ്പോഴത്തെ താരങ്ങള്‍. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പേരിലാണ് അവര്‍ താരങ്ങളായിരിക്കുന്നത്. അസം പൊലീസ് ഉദ്യോഗസ്ഥർ തന്നെയാണ് ഔദ്യോഗിക പേജിൽ തങ്ങളുടെ സഹപ്രവര്‍ത്തകരുടെ ചിത്രം സന്തോഷത്തോടെ പോസ്റ്റ് ചെയ്തത്. 

അസമിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തില്‍ അധ്യാപക യോഗ്യത പരീക്ഷ നടക്കുമ്പോൾ പുറത്ത് ഡ്യൂട്ടിയിലാണ് രണ്ടു വനിതാ പൊലീസ് ഉദ്യോഗസ്ഥർ. അവരുടെ രണ്ടുപേരുടെയും കയ്യില്‍ ലാത്തിയോ തോക്കോ ഇല്ല. പകരം രണ്ടു കൈക്കുഞ്ഞുങ്ങള്‍. അവരുടെ അമ്മമാര്‍ മികച്ച ഭാവിക്കു വേണ്ടി പരീക്ഷാ ഹാളില്‍ ചോദ്യങ്ങളുമായി മല്ലിടുകയാണ്. 

വനിതാ പൊലീസ് ഉദ്യോഗസ്ഥർ കുഞ്ഞുങ്ങളെ കയ്യിലെടുത്തു നില്‍ക്കുന്ന ചിത്രത്തിന് അടിക്കുറിപ്പും അസാം പൊലീസ് കൊടുത്തിട്ടുണ്ട്. അമ്മ എന്നാല്‍ ഒരു പ്രവൃത്തിയാണെന്നാണ് അവരുടെ അടിക്കുറിപ്പ്. പ്രസവിച്ചതുകൊണ്ടുമാത്രം ആരും അമ്മയാകുന്നില്ല, അമ്മയെപ്പോലെ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ആ പേരിന് അര്‍ഹരാകുന്നതെന്ന് സാരം. 

ചിത്രം പോസ്റ്റ് ചെയ്തതോടെ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് പ്രതികരിച്ചിരിക്കുന്നത്. കള്ളനെ പിടിച്ചു ജയിലില്‍ അടയ്ക്കുന്നത് ധീരകൃത്യമാണ്. സമൂഹത്തിനു വേണ്ടതുമാണ്. അതിലും എത്രയും ധീരമാണ് സഹായം വേണ്ടവര്‍ക്ക് അത് എത്തിച്ചുകൊടുക്കുന്നത്. അതല്ലേ യഥാര്‍ഥ പൊലീസിങ് എന്നാണ് ഒരാളുടെ കമന്റ്. മനുഷ്യത്വം മരിച്ചിട്ടില്ല, മരവിച്ചിട്ടില്ല എന്ന് അനേകം പേര്‍ കമന്റെഴുതി. എല്ലാവരും ഒരുകാര്യത്തില്‍ യോജിച്ചു. രണ്ടു പൊലീസുകാരികള്‍ക്കും സല്യൂട്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com