ADVERTISEMENT

സോന മൊഹാപത്രയുടെ പോരാട്ടം ഒടുവിൽ വിജയം കണ്ടു. സോണി ടെലിവിഷനിലെ സംഗീത റിയാലിറ്റി ഷോയില്‍നിന്ന് ഒടുവില്‍ അനു മാലിക് പുറത്ത്. പക്ഷേ, അനു മാലിക്കിന്റെ പിന്‍മാറ്റം തന്റെ മാത്രം വിജയമായല്ല, രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും വിജയമായാണ് സോന കാണുന്നത്. 

അനു മാലിക്കിന്റെ പിന്‍മാറ്റം മഹത്തായ വാര്‍ത്തയാണ്. ഈ തീരുമാനത്തിലെത്താന്‍ സ്വകാര്യ ടെലിവിഷൻ ചാനൽ കുറച്ചു സമയം എടുത്തു. എങ്കിലും അവസാന തീരുമാനത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. ഞാന്‍ മാത്രമല്ല, രാജ്യം മുഴുവനുമാണ് പോരാട്ടം നയിച്ചത്. അനു മാലിക്കിനെ കാണാന്‍ താല്‍പര്യമില്ലാത്ത ഒട്ടേറേ പേര്‍ രാജ്യത്തുണ്ട്. എത്രയധികം ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നത്. എന്നിട്ടും ടെലിവിഷനില്‍ വിജയിയെപ്പോലെ ചിരിച്ചുകൊണ്ട് അദ്ദേഹം നില്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നത് തെറ്റായ സന്ദേശമാണ്. ലൈംഗിക പീഡനങ്ങള്‍ നടത്തിയാലും ഒടുവില്‍ എളുപ്പം രക്ഷപ്പെടാമെന്ന സന്ദേശം. അതു പാടില്ല- സോന മൊഹാപത്ര പറയുന്നു. 

ഒരു വ്യക്തിക്ക് എതിരെ എന്നതിനേക്കാള്‍ സത്യത്തിനും നീതിക്കും വേണ്ടിയാണ് താന്‍ പോരാടിയതെന്നു പറയുന്നു ഗായിക സോന. 'അനു മാലിക്കില്‍നിന്നു മോശം പെരുമാറ്റം ഉണ്ടായിട്ടുള്ള എല്ലാ സ്ത്രീകളും ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാവും. ഇതു പോരാട്ടത്തിന്റെ അവസാനമൊന്നുമല്ല. തുടക്കം മാത്രമാണ്. ഇതോടെ ഇനി അടങ്ങിയിരിക്കാമെന്നും ഞങ്ങള്‍ ചിന്തിക്കുന്നില്ല. പീഡനത്തിനു മുതിരുന്നവരെ വലയിലാക്കേണ്ടതുണ്ട്'- ആത്മവിശ്വാസത്തോടെ സോന പറയുന്നു. 

2018 ല്‍ സോന ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതോടെയാണ് അനു മാലിക് കുപ്രസിദ്ധനായത്. ശക്തമായ ആരോപണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന് ഇന്ത്യന്‍ ഐഡല്‍ റിയാലിറ്റി ഷോ 10-ാം സീസണില്‍നിന്ന് പിന്‍മാറേണ്ടിവന്നിരുന്നു. ഗായികമാരായ നേഹ ഭാസിനും ശ്വേത പണ്ഡിറ്റും സോനയ്ക്കൊപ്പം ചേര്‍ന്ന് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഒടുവില്‍ ഈ വര്‍ഷം റിയാലിറ്റി ഷോയുടെ 11-ാം സീസണില്‍ അനു മാലിക്കിനെ വീണ്ടും വിധി കര്‍ത്താവാക്കിയതോടെ പ്രതിഷേധം ഉയരുകയായിരുന്നു. 

സോന സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ത്തിയ പ്രതിഷേധത്തെത്തുടര്‍ന്നാണ് സംഭവം രാജ്യത്തിന്റെ ശ്രദ്ധയില്‍പെട്ടതും കൂടുതല്‍ പേര്‍ അനു മാലിക്കിനെതിരെ രംഗത്തുവന്നതും. ഏതാനും ദിവസം മുമ്പ് തനിക്കെതിരെ തെറ്റായതും കെട്ടിച്ചമച്ചതുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെതിരെ അനു മാലിക്കും പ്രതിഷേധിച്ചിരുന്നു. ആരോപണങ്ങള്‍ തന്നെ വേദനിപ്പിക്കുന്നതായും താന്‍ ഇരുണ്ട കാലത്തിലൂടെ കടന്നുപോകുന്നതായും അദ്ദേഹം പോസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷേ, ഇക്കഴിഞ്ഞദിസവം റിയാലിറ്റി ഷോയില്‍ നിന്നു പിന്‍മാറാന്‍തന്നെ അദ്ദേഹം തീരുമാനിച്ചു. സംഭവം ശ്രദ്ധയില്‍പ്പെടുത്തി സോന മൊഹാപത്ര കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിക്ക്  തുറന്ന കത്ത് എഴുതിയിരുന്നു. 

രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിലും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും പ്രകടിപ്പിക്കുന്ന താല്‍പര്യം എനിക്കറിയാം. അനു മാലിക്കിന്റെ മോശം സ്വഭാവത്തെക്കുറിച്ച് ഇപ്പോഴും പലരും എനിക്കെഴുതുന്നു. ദയവു ചെയ്ത് താങ്കള്‍ ഈ പ്രശ്നത്തില്‍ ഇടപെട്ട് ഒരു പരിഹാരത്തിനു ശ്രമിക്കണം- ട്വിറ്ററിലൂടെയും സോന കേന്ദ്രമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ദേശീയ വനിതാ കമ്മിഷന്‍ സ്വകാര്യ ചാനലിന് കാരണം കാണിക്കല്‍ നോട്ടിസും നല്‍കി. പ്രശ്നത്തില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണം എന്നാവശ്യപ്പെട്ടായിരുന്നു കമ്മിഷന്റെ കത്ത്. 

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കത്ത് നല്‍കിയത് ഫലം ഉളവാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് തനിക്കതിനേക്കുറിച്ച് അറിയില്ലെന്നായിരുന്നു സോനയുടെ പ്രതികരണം. 'ഞാന്‍ എന്റെ കൊച്ചു ലോകത്തിലാണ് ജീവിക്കുന്നത്. എന്റെ കത്തില്‍ അവര്‍ നടപടി എടുത്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഞാന്‍ നന്ദിയുള്ളവളായിരിക്കും. എനിക്ക് സ്മൃതി ഇറാനിയോട് സനേഹവും ആദരവുമുണ്ട്'- സോന പറഞ്ഞു. 

English Summary : Anu Malik Steps Down As Indian Idol Judge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com