ആത്മകഥ 'ബികമിങ്ങി'ന്റെ ഓഡിയോ ബുക്ക് വേര്‍ഷന്റെ പേരില്‍ മിഷേല്‍ ഒബാമയ്ക്ക് ഗ്രാമി പുരസ്കാര നോമിനേഷന്. ബീസ്റ്റി ബോയ്സ് അംഗങ്ങള്‍, നടനും സംവിധായകനുമായ ജോണ്‍ വാട്ടേഴ്സ്, കവി സെകോ ആന്‍ഡ്ര്യൂസ്, സംഗീതജ്ഞന് എറിക് അലക്സാന്ഡ്രിക്സ് എന്നിവരാണ് മിഷേല്‍ ഒബാമയ്ക്കൊപ്പം പുരസ്കാര പട്ടികയിലുള്ളത്. മുന്‍പ് രണ്ടുവട്ടം ഇതേ പുരസ്കാരം ബറാക് ഒബാമ നേടിയിട്ടുണ്ട്.
പ്രസിദ്ധീകരത്തിനുശേഷം 10 ദശലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ 'ബികമിങ്' ഓര്‍മക്കുറിപ്പുകളുടെ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകങ്ങളിലൊന്നാണ്. 55 വയസ്സുകാരിയായ മിഷേലിനെ 61-ാം ഗ്രാമി പുരസ്കാര പട്ടികയിലേക്കാണ് ഇപ്പോള്‍ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. അമേരിക്കയ്ക്കു പുറമെ യുകെ, ജര്‍മനി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലും 'ബികമിങ്' ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ കൂട്ടത്തിലുണ്ട്. പ്രസിദ്ധീകരണ ചരിത്രത്തില്‍ ഇതുവരെയും ഒരു ഓര്മക്കുറിപ്പും 10 ദശലക്ഷത്തിലധികം ഇതിനു മുമ്പ് വിറ്റുപോയിട്ടില്ലെന്നാണ് പ്രസാധകരും പറയുന്നത്. ചിക്കോഗയിലെ ബാല്യകാലം മുതല്‍ വൈറ്റ് ഹൗസില്‍ ചെലവഴിച്ച എട്ടുവര്‍ഷങ്ങള്‍ വരെയുള്ള ജീവിതകാലത്തെക്കുറിച്ചുള്ള ഓര്‍മകളാണ് മിഷേല്‍ ഓര്മക്കുറിപ്പില് വിവരിക്കുന്നത്.
ബറാക് ഒബാമയുടെ ജന്മസ്ഥലത്തിന്റെ പേരില്‍ വിവാദം ഉയര്‍ത്തിയ ഇപ്പോഴത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് താന്‍ ഒരിക്കലും ക്ഷമിക്കില്ലെന്ന് 'ബികമിങ്ങി'ല്‍ മിഷേല്‍ എഴുതുന്നുണ്ട്. പുസ്തകം പ്രസിദ്ധീകരിച്ചിട്ട് ഒരു വര്‍ഷമായി എന്നത് വിശ്വസിക്കാനാവുന്നില്ലെന്നും മിഷേല്‍ പറയുന്നു. ബുക് സ്റ്റോറുകളില്‍ കാണുന്ന കൊച്ചു പെണ്‍കുട്ടികള്‍ എന്നെ സ്നേഹത്തോടെ സ്വീകരിക്കുന്നു. കൗമാരക്കാരികള്‍ ഹൃദയം തുറന്നു സംസാരിക്കുന്നു. കണ്ടുമുട്ടുന്ന ഓരോ പെണ്‍കുട്ടിക്കും സ്ത്രീകള്‍ക്കും പറയാനുണ്ട് അവരുടേതായ കഥകള്‍. നമ്മുടെയൊന്നും കഥകള്‍ ആരും അറിയേണ്ട എന്നാണ് നാം കരുതിയതെങ്കില്‍ തെറ്റി. നമ്മുടെ കഥകള്‍ക്കും ലോക ചരിത്രത്തില്‍ സ്ഥാനമുണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടയാണ്- മിഷേല്‍ പറയുന്നു.
ഞാന്‍ പഠിച്ച ഒരു വലിയ സത്യമുണ്ട്. നമ്മുടെ ഏറ്റവും അപ്രധാനമായ നിമിഷങ്ങള്‍ക്കുപോലും പ്രാധാന്യമുണ്ട്. അങ്ങനെയുള്ള അവസരങ്ങളില്‍ മനസ്സില്‍ തോന്നുന്നതെല്ലാം എഴുതൂ. താല്പര്യമുണ്ടെങ്കില് മറ്റുള്ളവരുമായി പങ്കുവയ്ക്കൂ. അങ്ങനെയാണ് നമ്മള് ഓരുരുത്തരും നമ്മളായിത്തീരുന്നത്- മിഷേല്‍ പറയുന്നു. ലോകത്തെ ഏറ്റവും ആരാധിക്കപ്പെടുന്ന സ്ത്രീകളില്‍ ഒരാളായും മിഷേലിനെ തിരഞ്ഞെടുത്തിരുന്നു. ജനുവരി 26 നാണ് ഗ്രാമി പുരസ്കാര പ്രഖ്യാപനം.
English Summary : Michelle Obama receives Grammy nomination