ADVERTISEMENT

599 പുരുഷന്മാർ പഠിക്കുന്ന കോളജിലെ ഒരേയൊരു വനിതാ വിദ്യാർഥിനിയായി മൂന്നു വർഷം പഠിച്ച അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് എഴുത്തുകാരിയും ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സണുമായ  സുധാ മൂർത്തി. 'കോൻ ബനേഗ ക്രോർപതി' എന്ന പരിപാടിയുടെ അവസാന എപ്പിസോഡിന്റെ ടീസറിൽ സുധാ മൂർത്തി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വെർച്വൽ ലോകത്ത് തരംഗമായിരിക്കുന്നത്.

ഷോയിലേക്ക് അമിതാബ് ബച്ചൻ സുധാമൂർത്തിയെ ക്ഷണിക്കുന്നതിന്റെയും സ്വതസിദ്ധമായ സംസാരംകൊണ്ട് നിമിഷങ്ങൾക്കകം സുധാമൂർത്തി കാണികളെ കൈയിലെടുക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വളരെ ദൈർഘ്യം കുറഞ്ഞ എന്നാൽ പ്രചോദാത്മകമായ വാക്കുകളിലൂടെയാണ് സുധാ മൂർത്തി തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞത്.

കർണാടകയിലെ ഹൂബ്ലിയിൽ എൻജിനീയറിങ്ങിനു ചേർന്നപ്പോൾ ആ കോളേജിലെ 599 പുരുഷന്മാർക്കിടയിലെ ഏക വനിത താൻ ആയിരുന്നെന്നും, സാരി ധരിച്ചു മാത്രമേ കോളജിൽ വരാൻ പാടുള്ളൂവെന്ന് പ്രിൻസിപ്പലിന്റെ കർശന നിർദേശമുണ്ടായിരുന്നുവെന്നും സുധാമൂർത്തി പറയുന്നു. അതുമാത്രമല്ല കോളജ് കാന്റീനിൽ പോകാൻ പാടില്ല, ആൺകുട്ടികളുമായി സംസാരിക്കാൻ പാടില്ല എന്നീ നിർദേശങ്ങളും ഉണ്ടായിരുന്നുവെന്നും ആദ്യത്തെ രണ്ട് നിർദേശങ്ങളും താൻ കർശനമായി പാലിച്ചിരുന്നുവെന്നും സുധാമൂർത്തി പറയുന്നു.

''ആദ്യത്തെ നിർദേശം ഞാൻ അംഗീകരിച്ചിരുന്നു. കാന്റീൻ വളരെ മോശമായതിനാൽ അവിടെയും ഞാൻ പോയില്ല. ആൺകുട്ടികളോട് സംസാരിക്കരുതെന്ന നിർദേശം ഒരു വർഷം ഞാൻ കൃത്യമായി പാലിച്ചു. ആദ്യത്തെ ഒരു വർഷം ഞാൻ അവരോട് മിണ്ടിയതേയില്ല. രണ്ടാമത്തെ വർഷം ഫസ്റ്റ് റാങ്ക് എനിക്ക് കിട്ടുമെന്നറിഞ്ഞ് അവർ എന്നോട് ഇങ്ങോട്ടു വന്നു കൂട്ടുകൂടി''.- സുധാമൂർത്തി പറയുന്നു.

പൊട്ടിച്ചിരിയോടെയും നിറഞ്ഞ കൈയടിയോടെയുമാണ് സുധാമൂർത്തിയുടെ വാക്കുകളെ കാണികൾ സ്വീകരിച്ചത്. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള സംസാരത്തിൽ ഇൻഫോസിസിലെ ജോലിയെക്കുറിച്ചും ദേവദാസി വിഭാഗത്തിനുവേണ്ടി ജോലി ചെയ്തതിനെക്കുറിച്ചും ഇൻഫോസിസ് ഫൗണ്ടേഷനിലൂടെ 16,000 ശുചിമുറികൾ നിർമ്മിച്ചതിനെക്കുറിച്ചും സുധാ മൂർത്തി പരാമർശിച്ചു.

English Summary : Sudha Murthy Talks About Being Only Woman In College Of 599 Men

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com