ADVERTISEMENT

അപൂര്‍ണതകളാണ് ഓരോ ശരീരത്തിന്റെയും പ്രത്യേകതളെന്നിരിക്കെ, ഒരു വ്യക്തിയെ പരിഹസിക്കുന്നതും പരിഹാസം  പ്രചരിപ്പിക്കുന്നതും ഏറ്റവും വേദനാജനകമാണെന്നു പറയുന്നു നടി ഇലിയാന ഡിക്രൂസ്. കൗമാരം മുതലേ തനിക്ക് നേരിട്ടും ഓണ്‍ലൈനിലും ശരീരത്തിന്റെ പേരില്‍ പരിഹാസവും അപമാനവും നേരിടേണ്ടിവന്നിട്ടുണ്ടെന്നും നടി വെളിപ്പെടുത്തുന്നു.

തുടക്കത്തില്‍ പരിഹാസവും അപമാനവും തന്നെ വേദനിപ്പിച്ചെങ്കിലും പിന്നീട് തന്റെ അപൂര്‍ണതകളെ ഇഷ്ടപ്പെടാനും സ്വന്തം ശരീരത്തെ സ്നേഹിക്കാനും പഠിച്ചെന്നും നടി അവകാശപ്പെടുന്നു. തന്റെ അനുഭവം ഒരുപക്ഷേ മറ്റുള്ളവര്‍ക്കും നേരിടേണ്ടിവന്നേക്കാമെന്നും ശരീരത്തെ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും സമൂഹത്തിന്റെ തെറ്റായ പ്രതികരണങ്ങളെ അവഗണിക്കാനും കഴിയണമെന്നും ഇലിയാന പറയുന്നു. വളര്‍ന്നുവരുന്ന നടികള്‍ക്കും സാധാരണ ജീവിതം നയിക്കുന്നവര്‍ക്കും ഇതു ബാധകമാണെന്നും നടി പറയുന്നു. 'പാഗല്‍പന്തി' എന്ന കോമഡി സിനിമയിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഇലിയാന. 

''എന്റെ ചിത്രങ്ങളില്‍ മാറ്റം വരുത്തി പ്രചരിപ്പിക്കുമ്പോഴാണ് എനിക്ക് ഏറ്റവും കൂടുതല്‍ അസ്വസ്ഥതയുണ്ടാകുന്നത്. ഞാന്‍ എങ്ങനെയാണോ അങ്ങനെതന്നെ അവതരിപ്പിക്കുന്നതിനുപകരം കുറച്ചുകൂടി ശരീരഭാരമുള്ളയാളായി എന്നെ ചിത്രീകരിക്കുമ്പോള്‍ ഞാന്‍ അസ്വസ്ഥയാകാറുണ്ട്. 13 വയസ്സുമുതല്‍ ഈ കൃത്രിമ പ്രചാരണം ഞാന്‍ അനുഭവിക്കുകയാണ്,നേരിടുകയാണ്''- ഇലിയാന വെളിപ്പെടുത്തുന്നു. 

'കൗമാരം ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറെ നിര്‍ണായകമായ ഒരു ഘട്ടമാണ്. ഒരു പെണ്‍കുട്ടി ആണ്‍കുട്ടികളോട് സംസാരിച്ചുതുടങ്ങുന്ന കാലഘട്ടം. സ്വന്തം ശരീരത്തെ അറിയുകയും മനസ്സിലാക്കുകയും ലോകത്തെ അറിയുകയും ചെയ്യുന്ന ഘട്ടം. അക്കാലത്തുതന്നെയാണ് ശരീരത്തിന്റെ പേരില്‍ ഞാന്‍ അപമാനിക്കപ്പെട്ടതും. ഒരാള്‍ നമ്മളെ വിമര്‍ശിക്കുമ്പോള്‍ അവരുടെ കാഴ്ചപ്പാടിലായിരിക്കും പിന്നീട് നാം നമ്മുടെ ശരീരത്തെ നോക്കിക്കാണുന്നത്. അതാണ് ഏറ്റവും പ്രയാസകരം. തീരെ മെലിഞ്ഞ വ്യക്തിയെന്ന ആക്ഷേപം കേള്‍ക്കേണ്ടിവന്നാല്‍ പിന്നീട് നാം നമ്മളെത്തന്നെ മെലിഞ്ഞ വ്യക്തി ആയിട്ടായിരിക്കും കാണുന്നത്. നിങ്ങളുടെ ശരീരം സാധാരണ പോലെയല്ലല്ലോ എന്ന പ്രതികരണവും ഞാന്‍ കേട്ടിട്ടുണ്ട്. ഒടുവില്‍ സ്വന്തം ശരീരത്തില്‍ ഞാന്‍ സംതൃപ്തി കണ്ടെത്തിത്തുടങ്ങി. അതോടെ എനിക്ക് ആശ്വാസവും ലഭിച്ചു'- ഇലിയാന പറയുന്നു.

അപൂര്‍ണതകളാണ് ജീവിതത്തിന്റെയും ശരീരത്തിന്റെയും പ്രത്യേകത. അപൂര്‍ണതകളെ ഉള്‍ക്കൊണ്ട് സ്വന്തം ശരീരത്തെ സ്നേഹിക്കാന്‍ പഠിക്കണം. അപൂര്‍ണതകളിലാണ് സൗന്ദര്യമുള്ളത്. ഓരോ വ്യക്തിയുടെയും അപൂര്‍ണതകളാണ് ആ വ്യക്തികളെ  പ്രത്യേകതയുള്ളവരാക്കുന്നത്- ഇലിയാന പറയുന്നു. നേരത്തെ റെയ്ഡ്, റസ്റ്റം എന്നീ ചിത്രങ്ങളിലും ഇലിയാന ശ്രദ്ധേയ അഭിനയം കാഴ്ചവച്ചിരുന്നു. 

English Summary : Ileana D’Cruz Talks About Body Shaming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com