ADVERTISEMENT

മാനസിക ആരോഗ്യത്തെക്കുറിച്ചു പറയുന്നവരെ സംശയത്തോടെ നോക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. മാനസിക ആരോഗ്യം കുറഞ്ഞവരെ പരിഹസിക്കുകയും ഒറ്റപ്പെടുത്തുകയും അവരെ അപമാനിക്കുകയും ചെയ്യുന്നവരുടെ  കാലം. ശാരീരിക അസ്വസ്ഥതകള്‍ പോലെ മാനസിക ആരോഗ്യ തകര്‍ച്ചയും സ്വാഭാവികമാണെന്നും അത്തരം പീഡകള്‍ അനുഭവിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടയമാണെന്നുമാണ് പുതിയ കാഴ്ചപ്പാട്. സങ്കീര്‍ണതകളും സംഘര്‍ഷങ്ങളും നിറഞ്ഞ ലോകത്ത് മാനസിക ആരോഗ്യ തകരുന്നുവെന്ന് പരാതിപ്പെടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകയുമാണ്. 

ബിഗ് ബോസ് -13 സീസണിലെ മത്സരാര്‍ഥിയായ ആര്‍തി സിങ്ങാണ് ഏറ്റവുമൊടുവില്‍ മാനസിക ആരോഗ്യ തകര്‍ച്ചയുടെ പേരില്‍ പരിഹസിക്കപ്പെട്ട താരം. സിദ്ധാര്‍ഥ ശുക്ല, അസിം റിയാസ് എന്നിവരുമായി സൗഹൃദത്തിലായിരുന്ന ആര്‍തി അടുത്തിടെ അവരുമായി പിണങ്ങുകയും ഒറ്റപ്പെടുകയും ചെയ്തു. അതിനുശേഷമാണ് ആകാംക്ഷയും ഉത്കണ്ഠയും കൂടിയതിനെത്തുടര്‍ന്ന് നടി മാനസിക തകര്‍ച്ചയെക്കുറിച്ച് പരാതിപ്പെടുന്നത്. കണ്ണീര്‍ ഒഴുകിയിറങ്ങുന്ന മുഖവുമായി ആര്‍തി മിനി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടതോടെ പലരുടെയും പരിഹാസത്തിനും നടി ഇരയായി. പക്ഷേ, സിനിമാ ലോകത്തുനിന്നും കുടുംബത്തില്‍നിന്നും ആര്‍തിക്കു ലഭിച്ചത് നിര്‍ലോഭമായ പിന്തുണ. 

സഹോദരനും ഹാസ്യ നടനുമായ ക്രുഷ്ന അഭിഷേകാണ് ആദ്യം തന്നെ ആര്‍തിക്ക് പിന്തുണയുമായി എത്തിയത്. ‘ പ്രിയപ്പെട്ടവളേ, നീ കരയുന്നത് അങ്ങേയറ്റം ഹൃദയഭേദകമായ കാഴ്ചയാണ്. കാണാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത കാഴ്ച. ഭയപ്പെടാതിരിക്കൂ. വേഗം നിന്റെ അടുത്തെത്തി ആശ്വസിപ്പിക്കാന്‍ എന്റെ മനസ്സ് കൊതിക്കുന്നു. പ്രിയപ്പെട്ട പ്രേക്ഷകരേ, ആര്‍തിക്ക് നിങ്ങളുടെ പിന്തുണ വേണം. സഹായം വേണം... ആര്‍തിയെ പിന്തുണയ്ക്കൂ'... ക്രുഷ്ന അഭിഷേക് സമൂഹ മാധ്യമത്തില്‍ എഴുതി. 

ബോളിവുഡ് നടി ബിപാഷ ബസുവും ആര്‍തിക്ക് നിര്‍ലോഭമായ പിന്തുണയുമായി എത്തി. ‘വിദ്യാഭ്യാസമുള്ളവര്‍ പോലും നമ്മുടെ രാജ്യത്ത് മാനസിക ആരോഗ്യത്തിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവാന്മാരല്ലെന്നത് ദുഃഖകരം തന്നെയാണ്. പ്രശ്നങ്ങളുണ്ടെങ്കില്‍ ആര്‍ക്കാണ് ആഗ്രഹിക്കുന്നതുപോലെ ജീവിക്കാനാകുക. സംഘര്‍ഷ ങ്ങളുണ്ടാകുമ്പോള്‍ അവയെ നേരിടാന്‍ ധൈര്യം സംഭരിച്ചേ മതിയാകൂ. ആര്‍തി സിങ്ങും വിഷമകാലത്തിലൂടെ യാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ബിഗ് ബോസില്‍ ഉള്‍പ്പെട്ടവരോ അല്ലാത്തവരോ ആര്‍തിയെ പരിഹസിക്കുകയോ അപമാനിക്കുകയോ ചെയ്യരുത്. അങ്ങനെ ചെയ്യുന്നവര്‍ നിര്‍വികാരത്വമുള്ളവരാണ്. ഇന്നത്തെ കാലത്ത് മാനസിക ആരോഗ്യം എന്നത് നിരോധിക്കപ്പെട്ട വിഷയമൊന്നുമല്ല’ - ബിപാഷ സമൂഹ മാധ്യമത്തില്‍ എഴുതി. 

‘ പ്രശ്നങ്ങളെ നേരിടാന്‍ വേണ്ടത് പിന്തുണയാണ്. സഹായമാണ്. സ്നേഹത്തോടെയും കാരുണ്യത്തോടെയുമുള്ള സമീപനമാണ് വേണ്ടത്. ഞാനും ആഗ്രഹിക്കുന്നത് അവയൊക്കെത്തന്നെ’ ... തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞും കൂടുതല്‍ സ്നേഹം പ്രതീക്ഷിച്ചും ആര്‍തിയും മറുപടി എഴുതി. 

English Summary : Arti Singh  suffered an anxiety attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com