ADVERTISEMENT

2011- ല്‍ ആയിരുന്നു ആ തലവേദന. വാലന്റൈന്‍സ് ഡേയുടെ തൊട്ടു തലേദിവസം. ഗെയിം ഓഫ് ത്രോണ്‍സ് ടെലിവിഷന്‍ പരമ്പരയുടെ ആദ്യസിരീസ് പൂര്‍ത്തിയാക്കി എമിലിയ ക്ലാര്‍ക്ക് തിരിച്ചെത്തിയ ദിവസം. കിഴക്കന്‍ ലണ്ടനിലെ ജിമ്മില്‍ നില്‍ക്കുമ്പോള്‍ തലവേദന കൂടുകയും ശുചിമുറിയില്‍ പോയി ഛർദ്ദിക്കുകയും ചെയ്യുമ്പോഴും ഗെയിം ഓഫ് ത്രോണ്‍സ് ഇനിയും അനേകം പരമ്പരകള്‍ നീളുമെന്ന് എമിലിയയ്ക്ക് അറിയില്ലായിരുന്നു.

ലോകത്തെ റെക്കോര്‍ഡുകളെല്ലാം ഭേദിച്ച് ഏറ്റവും വിജയം വരിച്ച പരമ്പരയായി മാറുമെന്ന്. ലോകത്തിലെ എക്കാലത്തെയും മികച്ച പരമ്പരയായി നിരൂപകരാലും പ്രേക്ഷകരാലും തിരഞ്ഞെടുക്കപ്പെടുമെന്ന്. പുരസ്കാരങ്ങള്‍ വാരിക്കൂട്ടുമെന്ന്. അതെല്ലാം സന്തോഷകരമായ കാര്യങ്ങളാണ്. 

പക്ഷേ, അപ്പോള്‍ മറ്റൊന്നു കൂടി സംഭവിച്ചു. 24-ാം വയസ്സില്‍ ആരുമറിയാതെ എമിലിയ ക്ലാര്‍ക്ക് എന്ന നടി പക്ഷാഘാതത്തിനു വിധേയയാകുകയായിരുന്നു. തലച്ചോറിനു ചുറ്റുമുള്ള മേഖലയിലേക്ക് രക്തം ഇരച്ചുകയറുകയായിരുന്നു. ആന്തരിക രക്തസ്രാവം. അന്ന് ആ തലവേദനയക്കു ശേഷം സംഭവിച്ച ഛർദ്ദി ഗുരുതരമായ രോഗമാണെന്നോ അപൂര്‍വം പേര്‍ മാത്രമേ ആ രോഗത്തെ അതിജീവിച്ചിട്ടുള്ളൂ എന്നും അപ്പോള്‍ എമിലിയയ്ക്ക് അറിയില്ലായിരുന്നു.

അതിജീവിച്ചാല്‍ തന്നെ അത് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും ഓരോ തവണ ആവര്‍ത്തിക്കുമ്പോഴും അങ്ങേയറ്റം അപകടകരമാണെന്നും അവര്‍ അറിഞ്ഞതുമില്ല. ഇപ്പോള്‍ അന്നത്തെ രക്തസ്രാവത്തിന് എട്ടുവര്‍ഷത്തിനുശേഷം മുറിയിലെ പ്രിയപ്പെട്ട പിങ്ക്  സോഫയില്‍ കിടക്കുമ്പോള്‍ എമിലിയയുടെ മുഖത്ത് ഒരു പുഞ്ചിരിയുണ്ട്. ജീവിതം സമ്മാനിച്ച വിജയത്തിനും അപ്രതീക്ഷിതമായ ആഘാതത്തിലൂടെ അടി തെറ്റിച്ച് യാഥാര്‍ഥ്യത്തിലേക്ക് ഉണര്‍ത്തിയതിനും. 

ഇപ്പോള്‍ 33 വയസ്സാണ് എമിലിയ ക്ലാര്‍ക്കിന്. 24-ാം വയസ്സില്‍ ഗെയിം ഓഫ് ത്രോണ്‍സില്‍ അഭിനയിക്കുന്നതിനുമുമ്പ് ഡോക്ടേഴ്സ് എന്ന ഒറ്റത്തവണ ടെലിവിഷന്‍ എപ്പിസോഡില്‍ മാത്രമാണ് അവര്‍ അഭിനയിച്ചിരുന്നത്. ജീവിതത്തില്‍ എന്താകുമെന്നോ എന്തെങ്കിലും ആകുമെന്നോ തീര്‍ച്ചയില്ലാതിരുന്ന ഘട്ടം. അപ്പോഴാണ് ഗെയിം ഓഫ് ത്രോണ്‍സ് സുവര്‍ണവസരമായി വരുന്നതും എമിലിയയുടെ ജീവിതം മാറ്റിമറിക്കുന്നതും. പക്ഷേ, ആദ്യ പരമ്പര പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ എത്തിയ രോഗം ഭാവിയെത്തന്നെ തകര്‍ത്തുകളയുന്ന ഭീഷണിയായി മാറുകയും ചെയ്തു. അതിനുശേഷം ലോകം എമിലിയയുടെ വിജയം ആസ്വദിക്കുന്ന കാലത്തൊക്കെയും അവര്‍ ജീവിച്ചത് രോഗം സമ്മാനിച്ച വേദനകളും അസ്വസ്ഥതകളുമായി. 

ഏറ്റവും വലിയ സന്തോഷവും ഏറ്റവും വലിയ വേദനയും നിറഞ്ഞുനിന്ന പത്തുവര്‍ഷങ്ങള്‍. അങ്ങനെയാണ് കഴിഞ്ഞകാലത്തെ എമിലിയ വിശേഷിപ്പിക്കുന്നത്. ഇതേകാലത്ത് ‘ സെയിം യൂ’ എന്ന പേരില്‍ ഒരു സന്നദ്ധ സംഘടനയും നടി രൂപീകരിച്ചു. പെട്ടെന്നുണ്ടാകുന്ന അസുഖങ്ങളെ പ്രതിരോധിക്കാനാകാതെ തളര്‍ന്നുപോകുന്നവരെ സഹായിക്കുകയാണ് സെയിം യു വിന്റെ ലക്ഷ്യം. ഇപ്പോള്‍ തന്റെ രോഗത്തെക്കുറിച്ച് എമിലിയ വെളിപ്പെടുത്തുന്നതുപോലും സെയിം യുവിനെക്കുറിച്ച് ലോകത്തെ അറിയിക്കാനും സംഘടനയുടെ ധനശേഖരണത്തിനുവേണ്ടിയും. 

തലച്ചോറിലെ ശസ്ത്രക്രിയയ്ക്കു ശേഷമാണ് എമിലിയ ഗെയിം ഓഫ് ത്രോണ്‍സിന്റെ രണ്ടാം ഭാഗം അഭിനയിക്കാന്‍ എത്തുന്നത്. അക്കാലമായിരുന്നു ഏറ്റവും വേദനാജനകം. ആരോടും പറയാതെ. ആരും അറിയാതെ എമിലിയ വേദന കടിച്ചമര്‍ത്തിയാണ് ആ സീസണ്‍ മുഴുവന്‍ അഭനയിച്ചത്. ഓരോ സീന്‍ ഷൂട്ട് ചെയ്തു തിരികെവരുമ്പോഴും താന്‍ മരിക്കാന്‍ പോകുകയാണെന്നും അടുത്ത സീനില്‍ താന്‍ കാണുകയില്ലെന്നുംതന്നെ എമിലിയ വിചാരിച്ചിരുന്നു. ഭയപ്പെട്ടിരുന്നു. പക്ഷേ നിയോഗം അതല്ലായിരുന്നു എന്നു മാത്രം. ജീവിതം തുടരാനും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് ഉയരാനുമായിരുന്നു വിധി. ഉള്ളിന്റെ ഉള്ളിലെ വേദന ആരും അറിഞ്ഞില്ലെന്നു മാത്രം. 

മനോഹരമായ പുഞ്ചിരിയും വെട്ടിത്തിളങ്ങുന്ന വസ്ത്രങ്ങളുമായി എല്ലാം ദിവസവും മാധ്യമങ്ങളിലും ഫാഷന്‍ ലോകത്തും നിറ‍ഞ്ഞുനില്‍ക്കുകയായിരുന്നു എമിലിയ. രോഗത്തെക്കുറിച്ച്, വേദനയെക്കുറിച്ച്, ശസ്ത്രക്രിയയെക്കുറിച്ച് ആരോടും ഒന്നും പറ‍ഞ്ഞില്ല. കൂട്ടുകാരിയോടൊപ്പം ചെലവഴിച്ച സ്നേഹനിമിഷ ങ്ങളില്‍പ്പോലും തളര്‍ച്ച അനുഭവപ്പെടാ റുണ്ടായിരുന്നെന്ന് എമിലിയ വെളിപ്പെടുത്തുന്നു. കൂടുതല്‍ ജോലി ചെയ്തതിന്റെ ക്ഷീണമാണെന്നായിരുന്നു പലപ്പോഴും വിശദീകരണം.

മരിക്കുകയാണെന്ന ചിന്ത ഉള്ളില്‍ രഹസ്യമാക്കിവച്ചുകൊണ്ട് പുഞ്ചിരിക്കേണ്ടിവരിക അത്യന്തം ദയനീയമാണ്. അതാണ് എമിലിയ ചെയ്തതും ചെയ്യാന്‍ വിധിക്കപ്പെട്ടതും. ഗെയിം ഓഫ് ത്രോണ്‍സിനുശേഷം എമിലിയയെ കാത്തിരുന്നത് ലോകത്തിലെ ഏറ്റവും മികച്ച നടന്‍മാര്‍ക്കൊപ്പം മികച്ച വേഷങ്ങള്‍. ലോകത്തിന്റെ നായികാ പദവി. ഇപ്പോഴാകട്ടെ ലാസ്റ്റ് ക്രിസ്മസ് എന്ന ഹിറ്റും. 

English Summary : Emilia Clarke reveals about how she coped with the brain haemorrhage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com