ADVERTISEMENT

ലോകത്തിന്റെ മനസ്സില്‍ സ്ഥിരമായ ഒരു സ്ഥാനമുണ്ട് ഇംഗ്ലിഷ് മോഡല്‍ നവോമി കാംബലിന്. നാലു പതിറ്റാണ്ടു നീണ്ട ജീവിതത്തില്‍ അഭിനയ ശേഷിയിലൂടെയും ഫാഷന്‍ സെന്‍സിലൂടെയും നേടിയെടുത്ത അസൂയാര്‍ഹമായ സ്ഥാനം. നിറത്തിന്റെ പേരിലുള്ള വിവേചനത്തെ അപ്രസക്തമാക്കിയാണ് കാംബല്‍  ലോകമെങ്ങുമുള്ള ലക്ഷങ്ങളുടെ മനസ്സില്‍ ഇടംനേടിയത്. പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന വേദിയില്‍ പിടിച്ചുനില്‍ക്കാനും കഴിവു തെളിയിക്കാനും വര്‍ഷങ്ങളോളം കാംബലിനു കഴിഞ്ഞു. അതിന്റെ അംഗീകാരമായി ബ്രിട്ടിഷ് ഫാഷന്‍ കൗണ്‍സില്‍ ആദരിക്കുകയാണ്; ഫാഷന്‍ ഐക്കണ്‍ എന്ന പദവി നല്‍കി. 

ലോകത്തെ ഫാഷന്റെ അവസാനവാക്ക്, ഫാഷന്‍ ലോകത്തെ അവതാരം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന പദവി. എന്നാല്‍ താന്‍ തന്നെത്തന്നെ ഫാഷന്റെ അവസാന വാക്കായി കാണുന്നില്ലെന്നാണ് കാംബല്‍ പറയുന്നത്. ഇത് അപൂര്‍വമായ ആദരം തന്നെയാണ്. സംശയമില്ല. പക്ഷേ, ഞാന്‍ എന്നെ ഫാഷന്റെ പര്യായമായി കാണുന്നില്ല. ഈ പദവിയിലേക്കും ആദരവിലേക്കും എന്നെ തിരഞ്ഞെടുത്തതിനെ  മാനിക്കുന്നു. ഞാന്‍ ഇതിന് അര്‍ഹയാണെന്ന് നിങ്ങളാണ് തീരുമാനിച്ചത്. ആ തീരുമാനത്തെയും മാനിക്കുന്നു, സ്വാഗതം ചെയ്യുന്നു. പക്ഷേ, ഞാനൊരിക്കലും ഫാഷന്‍ ഐക്കണ്‍ അല്ല-കാംബല്‍ പറയുന്നു. 

ദീര്‍ഘകാലം ഫാഷന്‍ ലോകത്ത് നിറഞ്ഞുനിന്നതുകൊണ്ടാണോ എനിക്ക് ഈ പദവി നേടിയെടുക്കാന്‍ കഴിഞ്ഞത് ? ഒരുപക്ഷേ ആതായിരിക്കാം കാരണം. പ്രായം ഒരു ഘടകം തന്നെയാണ്. അങ്ങനെയാണെങ്കില്‍ പ്രായമാണോ ഐക്കണ്‍ തിര‍ഞ്ഞെടുപ്പിന്റെ മാനദണ്ഡം? ഒരുപക്ഷേ ആയിരിക്കാം- കാംബല്‍ ആത്മപരിശോധന നടത്തുകയാണ്. ഓരോ സമയത്തും എന്താണോ താന്‍ ചെയ്യുന്നത് അതില്‍ സംതൃപ്തി കണ്ടെത്തുകയാണ് തന്റെ രീതിയെന്നും കാംബല്‍ പറയുന്നു. 

ആരോടും മത്സരിക്കാന്‍ ഞാനില്ല, ഒരേ കാര്യം തന്നെ ആവര്‍ത്തിക്കാറുമില്ല. പല ജോലികള്‍ കൂട്ടിക്കുഴയ്ക്കുന്ന സ്വഭാവവുമില്ല. ഓരോന്നോരാന്നായി ചെയ്തു തീര്‍ക്കുക എന്നതാണ് എന്റെ രീതി. അതില്‍ ഞാന്‍ സംതൃപ്തി കണ്ടെത്തുന്നു- കറുത്ത നിറത്തിന്റെ പേരില്‍ വന്‍കിട ഹോട്ടലില്‍ പ്രവേശനം നിഷേധിക്കപ്പെടുകവരെ ചെയ്തിട്ടുള്ള സൂപ്പര്‍ മോഡല്‍ തന്റെ ചിന്തകള്‍ വെളിപ്പെടുത്തുകയാണ്. 

പതിറ്റാണ്ടുകള്‍ ഫാഷന്‍ ലോകത്ത് മങ്ങലേല്‍ക്കാതെ നിറഞ്ഞുനില്‍ക്കുക എന്നതു ചെറിയ കാര്യമല്ല. പക്ഷേ അതിനുവേണ്ടി താന്‍ പ്രത്യേകിച്ചൊരു പദ്ധതി തയാറാക്കിയിട്ടില്ലെന്നാണ് നവോമി പറയുന്നത്. ഓരോ കാര്യവും സമയമെടുത്ത് വൃത്തിയായി, അടുക്കും ചിട്ടയോടും കൂടി ചെയ്യുക എന്നതാണ് തന്റെ രീതിയെന്നും അവര്‍ വ്യക്തമാക്കുന്നു. 

ചില സമയത്ത് ഞാന്‍ ജോലി ചെയ്യും. ജോലി ഇല്ലാത്തപ്പോള്‍ പ്രത്യേകിച്ചൊന്നും ചെയ്യില്ല. ചിലപ്പോള്‍ വേദികളിലെ വെളിച്ചത്തില്‍ നിങ്ങള്‍ക്കെന്നെ കാണാം. മറ്റു ചിലപ്പോള്‍ ദിവസങ്ങളോളം എന്നെ കണ്ടുവെന്നുവരില്ല. പക്ഷേ, ഞാന്‍ തിരിച്ചുവരും. അതേ, അടിസ്ഥാനപരമായി ഞാന്‍ അങ്ങനെയൊക്കെത്തന്നെയാണ്. അതാണെന്റെ വഴി. എന്തായാലും ഞാനൊരിക്കലും ജോലി ചെയ്യുന്നത് നിര്‍ത്താന്‍പോകുന്നില്ല. നിങ്ങളും സമയമെടുത്തുതന്നെ ജോലികള്‍ പൂര്‍ത്തിയാക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഇഷ്ടപ്പെട്ട കാര്യങ്ങള്‍ സന്തോഷത്തോടുകൂടി ചെയ്യൂ. അതു തന്നെയാണ് സന്തോഷത്തിന്റെ രഹസ്യവും- നവോമി കാംബല്‍ തന്റെ ജീവിതവിജയരഹസ്യം വെളിപ്പെടുത്തുന്നു. 

English Summary : Iam not compete with anybody says naomi campbell

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com