ADVERTISEMENT

എന്റെ അച്ഛന്‍ അധ്യാപകനാണ്. മുത്തച്ഛന്‍ കര്‍ഷകനും. കുടുംബത്തില്‍ നിന്ന് ആരും ഇതുവരെ സൈന്യത്തില്‍ ചേര്‍ന്നിട്ടേയില്ല. എന്നിട്ടും എന്റെ ആഗ്രഹങ്ങള്‍ക്ക് കുടുംബം എതിരുനിന്നിട്ടില്ല. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിനു പോകണമെന്നു പറഞ്ഞാലും നാവികസേനയില്‍ ചേരണമെന്നു പറഞ്ഞാലുമെല്ലാം വീട്ടില്‍ സമ്മതം. 

പറയുന്നത് മുസാഫര്‍പുർ സ്വദേശിനി സബ് ലഫ്റ്റനന്റ് ശിവാംഗി. ഇന്ത്യന്‍ നാവിക സേനയുടെ ആദ്യ വനിതാ പൈലറ്റ്. നാവികസേനയില്‍ പൈലറ്റായി അംഗീകരിക്കപ്പെടുന്നത് ഗോള്‍ഡന്‍ വിങ്സ് സെറിമണി കഴിയുമ്പോഴാണ്. ശിവാംഗി കൊച്ചിയില്‍ തിങ്കളാഴ്ച ചടങ്ങ് പൂര്‍ത്തിയാക്കി പൈലറ്റായി ചുമതലയേറ്റു. 

കോളജ് പഠന കാലത്ത് സായുധ സേനകളെ പരിചയപ്പെടുത്തുന്ന ഒരു വിഡിയോ കണ്ടതുമുതലാണ് ശിവാംഗിയിലും മോഹം വളര്‍ന്നത്. കുടുംബം പിന്തുണയുമായി കൂടെനിന്നപ്പോള്‍ സ്വപ്നം സഫലമായി. നാവികസേനയും ചരിത്രസംഭവത്തില്‍ ആഹ്ലാദം പ്രകടിപ്പിട്ട് സന്ദേശം പുറത്തിറക്കി. നാവികസേനയ്ക്ക് അഭിമാനമുഹൂര്‍ത്തമാണെന്നു കുറിച്ചുകൊണ്ടും. 

അറുമാസം വ്യോമസേനയുടെ പരിശീലനം നേടിയിരുന്നു. പിന്നീട് ഐഎന്‍എസ് ഗരുഡിലെ ഐഎന്‍എസ് 550 സ്ക്വാഡ്രനില്‍. 140 മണിക്കൂര്‍ വിമാനം പറത്തിക്കഴിഞ്ഞ ശിവാംഗി ജനുവരി മുതല്‍ ഡ്രോണിയര്‍ വിമാനത്തില്‍ കൂടുതല്‍ പരിശീലനം നടത്തും. 228 ഡ്രോണിയര്‍ വിമാനത്തിലായിരുന്നു കഴിഞ്ഞ ദിവസം ശിവാംഗി കൊച്ചി നാവിക ആസ്ഥാനത്തുവച്ച് ചരിത്രം കുറിച്ചത്. 

'സന്തോഷം പ്രകടിപ്പിക്കാന്‍ എനിക്കു വാക്കുകളില്ല'- ചരിത്ര മുഹൂര്‍ത്തം പൂര്‍ത്തിയാക്കി ശിവാംഗി പറഞ്ഞു. കുട്ടിക്കാലം മുതലേ കൊണ്ടുനടന്ന മോഹത്തെക്കുറിച്ചും തനിക്ക് എല്ലാ പിന്തുണയും നല്‍കിയ കുടുംബത്തെക്കുറിച്ചും ശിവാംഗി വാചാലയാകുമ്പോള്‍ കുറച്ചപ്പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു പിതാവ് ഹരിഭൂഷണ്‍ സിങ്ങും മാതാവ് പ്രിയങ്കയും. 

'സാധാരണ കുടുംബമാണ് ഞങ്ങളുടേത്. ഇപ്പോള്‍ ഞങ്ങള്‍ പ്രശസ്തരായതിനു കാരണം മകള്‍.  അവളെക്കുറിച്ച് ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. പെണ്‍കുട്ടികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന വിദ്യാഭ്യാസം കൊടുക്കണമെന്നാണ് എനിക്കു പറയാനുള്ളത്'- ഹരിഭൂഷന്‍ സിങ് പറഞ്ഞു. ബിഹാറിലെ മുസഫര്‍പൂരിലെ അറിയപ്പെടാത്ത ഗ്രാമത്തിലാണ് ശിവാംഗി ജനിച്ചതും വളര്‍ന്നതുമെല്ലാം. 

'പരിശീലന കാലത്ത് കമാന്‍ഡിങ് ഓഫിസര്‍ എന്നോടൊരു കാര്യം വ്യക്തമാക്കി. വിമാനത്തിന് സ്ത്രീയും പുരുഷനും എന്നുള്ള വ്യത്യാസമൊന്നുമില്ല. സ്വയം ഒരു പുരുഷനെന്നോ സ്ത്രീയെന്നോ കണക്കിലാക്കാതെ പരിശീലനം നേടുന്ന വ്യക്തി എന്നുമാത്രം കരുതൂ. സഹപ്രവര്‍ത്തകരില്‍നിന്നും മുതിര്‍ന്ന ഓഫിസര്‍മാരില്‍നിന്നുമെല്ലാം എനിക്കു വലിയ പിന്തുണ ലഭിച്ചു. സഹായം ലഭിച്ചു. ഞാന്‍ സംതൃപ്തയാണ്'- ശിവാംഗി പറഞ്ഞു.

'കഠിനമായി അധ്വാനിക്കുക, എല്ലാ കഴിവുകളും ഉപയോഗിക്കുക, സ്വപ്നങ്ങളെ പിന്തുടരാന്‍ മടിക്കരുത്, എന്നും ശ്രമിച്ചുകൊണ്ടേയിരിക്കുക. ഒരിക്കല്‍ സ്വപ്നം യാഥാര്‍ഥ്യമാകും'- ശിവാംഗി പറഞ്ഞു. 

English Summery : Work hard, and try your best. Never be afraid to pursue your dreams Says Sub Lt Shivangi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com