sections
MORE

വേദിയിൽ പൊട്ടിക്കരഞ്ഞ് ആലിയഭട്ട്; ആശ്വാസവാക്കുകളുമായി ബർക്കാദത്ത്

Alia Bhatt With Her Sister Shaheen Bhatt
ആലിയ ഭട്ട് സഹോദരി ഷഹീൻ ഭട്ടിനൊപ്പം
SHARE

ആവേശത്തോടെ സംസാരിച്ചുതുടങ്ങിയെങ്കിലും ഒരു നിമിഷം വിതുമ്പിപ്പോയി ആലിയ ഭട്ട്. സംസാരം തുടരാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ കരച്ചിലില്‍തന്നെ അഭയം തേടുകയും ചെയ്തു. എങ്ങനെ കരയാതിരിക്കും; ആലിയ. പറയുന്നത് സ്വന്തം സഹോദരിയെക്കുറിച്ചാണ്. ഷഹീന്‍ ഭട്ടിനെക്കുറിച്ച്. ഷഹീന്റെ ആദ്യ പുസ്തകത്തെക്കുറിച്ചും. 

കഴിഞ്ഞ വര്‍ഷമാണ് തിരക്കഥാകൃത്തായ ഷഹീന്‍ ഭട്ടിന്റെ പുസ്തകം വെളിച്ചം കണ്ടത്. ഞാന്‍ അസന്തുഷ്ടയായിട്ടേയില്ല... എന്ന പേരില്‍. ഈ നൂറ്റാണ്ടിന്റെ രോഗം എന്നുപോലും വിശേഷിപ്പിക്കാവുന്ന ഡിപ്രഷന്‍ എന്ന വിഷാദരോഗത്തെ അതിജീവിച്ചതിനെക്കുറിച്ചാണ് ഷഹീന്റെ പുസ്തകം പറയുന്നത്. ഒരു പക്ഷേ, ജീവിതത്തിലെ വിഷമം പിടിച്ച ആ നാളുകളെക്കുറിച്ചുള്ള ഓര്‍മയിലായിരിക്കണം ആലിയ നിയന്ത്രം വിട്ടു പൊട്ടിക്കരഞ്ഞത്. മുംബൈയില്‍ മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ വി ദ് വിമന്‍ പരിപാടിക്കിടെയാണ് സഹോദരിയെക്കുറിച്ച് പറഞ്ഞ് അലിയ കരഞ്ഞത്. അവതാരകയായ ബര്‍ഖ ദത്ത് കൂടിയെത്തിയാണ് അലിയയെ സമാശ്വസിപ്പിച്ചത്. 

ഇരു സഹോദരിമാരും സ്നേഹത്തോടെ ചേര്‍ന്നുനില്‍ക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചുകൊണ്ട് ആലിയ ഇന്‍സ്റ്റഗ്രാമില്‍ എഴുതുകയും ചെയ്തു; തന്റെ സഹോദരിയെക്കുറിച്ച്. തങ്ങളുടെ സ്നേഹബന്ധത്തെക്കുറിച്ചും. 

‘സഹോദരിയുടെ ആദ്യ പുസ്തകത്തെക്കുറിച്ചു പറയുന്നതിലും മനോഹരമായ ഒരു അനുഭൂതിയെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍പോലും ആകുന്നില്ല. ഷഹീന്‍ നീ, എത്രയോ വലിയ പ്രതിഭാശാലി.. ഞാന്‍ നിന്നെ എന്തുമാത്രം സ്നേഹിക്കുന്നെന്നോ. ഇങ്ങനെയൊരു അവസരം തന്നതിന് പ്രിയപ്പെട്ട ബര്‍ഖ ദത്ത്, നന്ദി. ഈ ഓര്‍മ ഒരു ജീവിതകാലം മുഴുവന്‍ എന്നോടൊത്തുണ്ടാകും’ ഇതായിരുന്നു അലിയയുടെ പോസ്റ്റ്.

ഷഹീന്റെ ആദ്യ പുസ്തകം ലഭിച്ച നടന്‍ അര്‍ജുന്‍ കപൂറും ഗംഭീരമായ വാക്കുകളാണ് സമൂഹമാധ്യമത്തില്‍ കുറിച്ചത്. ഹൃദയസ്പര്‍ശിയായ ഒരു സന്ദേശം. ‘ ഷഹീന്‍, കാരുണ്യം നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി. എല്ലാവരും ദൗര്‍ബല്യമായി കാണുന്ന രോഗത്തെ ഏറ്റവും വലിയ ശക്തിയായി മാറ്റിയതിന് ഈ ലോകത്തിന്റെ പേരില്‍ ഞാന്‍ നിനക്ക് നന്ദി പറയുന്നു. മറ്റുള്ളവര്‍ എന്തുപറയും എന്നുവിചാരിച്ച് നാണക്കേടിന്റെ മാളത്തില്‍ ഒളിക്കുന്നതിനുപകരം നീ പുറത്തുവന്നു. കടന്നുപോയ ദുരന്തത്തെക്കുറിച്ച് തുറന്നെഴുതി. എത്ര അഭിനന്ദിച്ചാലും മതിയാകില്ല നിന്നെ. ആലിയാ, നിന്റെ സഹോദരി നിന്നെക്കാളും വലിയ താരമാണ്..’ ഇതായിരുന്നു അര്‍ജുന്‍ കപൂറിന്റെ കുറിപ്പ്. 

 2018 ഒക്ടോബര്‍ 10 ന് ലോക മാനസിക ആരോഗ്യ ദിനത്തിലാണ് വിഷാദത്തെ അതിജീവിച്ചതിനെക്കുറിച്ചുള്ള പുസ്കം ഷഹീന്‍ പുറത്തിറക്കിയത്. സഞ്ജയ് ദത്തിനൊപ്പം അഭിനയിച്ച മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സഡക്-2 എന്ന ചിത്രമാണ് ആലിയ ഭട്ടിന്റേതായി ഉടന്‍ പുറത്തുവരുന്നത്. മുംബൈയിലും ഊട്ടിയിലുമായി ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാസ്ത്രയാണ് മറ്റൊരു പുതിയ ചിത്രം. അടുത്ത വര്‍ഷം ജൂലൈ 10 ആണ് റിലീസ് തീയതിയായി നിശ്ചയിച്ചിരിക്കുന്നത്. 

English Summary : While expressing Shaheen’s aura, Alia broke into tears

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA