17 വര്‍ഷം മുമ്പ് ജീന്‍സിന്റെ കീറിപ്പോയ ഭാഗം പശ വച്ച് ഒട്ടിക്കാനുള്ള ശ്രമമാണ് ആ പെണ്‍കുട്ടിയുടെ ജീവിതം അടിമുടി മാറ്റിമറിച്ചത്. ജീന്‍സ് പശ വച്ച് ഒട്ടിച്ചെങ്കിലും ബലമായി അമര്‍ത്താന്‍ ഒരു വസ്തു തേടിനടന്ന പെണ്‍കുട്ടി വീട്ടുമുറ്റത്തുനിന്ന് ഭാരമേറിയ ഒരു വസ്തു കണ്ടെത്തി. അതായിരുന്നു വഴിത്തിരിവ്. സമീപത്തെ ഒരു ആയുധ ഫാക്ടറിയില്‍ നടന്ന സ്ഫോടനത്തെത്തുടര്‍ന്ന് തെറിച്ചുവീണ ഗ്രനേഡിന്റെ അവശിഷ്ടമായിരുന്നു പെണ്‍കുട്ടിയുടെ കയ്യില്‍ തടഞ്ഞത്.
തുണിയില്‍ അമര്‍ത്താന്‍ നോക്കിയ ഭാരമേറിയ വസ്തു പൊട്ടിത്തെറിക്കുകയും പെണ്‍കുട്ടിയുടെ രണ്ടു കയ്യും അറ്റുപോകുകയും ചെയ്തു. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ആഴമേറിയ ഗുരുതരമായ പരുക്കുകള്‍. ആ കുട്ടിയുടെ ജീവിതം അവസാനിച്ചു എന്നുതന്നെ അന്ന് കുടുംബാംഗങ്ങളും അയല്‍ക്കാരും വിധിയെഴുതി. പക്ഷേ, അതങ്ങനെയായിരുന്നില്ല. വിധി പെണ്‍കുട്ടിക്കുവേണ്ടി കാത്തുവച്ചത് മറ്റൊരു ജീവിതം.
ആ പെണ്‍കുട്ടിക്ക് ഇന്ന് 30 വയസ്സ്. പേര് മാളവിക അയ്യര്‍. ജോലി പ്രചോദനാത്മക പ്രഭാഷക. ലോകഭിന്നശേഷി ദിനത്തില്‍ കഴിഞ്ഞദിവസം മാളവിക പ്രസിഡന്റ് റാം നാഥ് കോവിന്ദില്‍നിന്ന് ഉത്തത ബഹുമതി ഏറ്റുവാങ്ങി.
കുടുംബത്തിന്റെ ശക്തമായ പിന്തുണ ഒന്നുകൊണ്ടുമാത്രമാണ് നഷ്ടപ്പെട്ട ജീവിതം താന്‍ തിരിച്ചുപിടിച്ചതെന്നു പറയുന്നു മാളവിക.
രണ്ടു കൈകളുമില്ലാത്ത മാളവിക സഹായിക്കൊപ്പമാണ് ചെന്നൈയില്‍ മെട്രിക്കുലേഷന്‍ പരീക്ഷയെഴുതിയത്. ഭിന്നശേഷി വിഭാഗത്തില്‍ റാങ്ക് വാങ്ങിയായിരുന്നു വിജയം. മാളവികയുടെ വിജയത്തെക്കുറിച്ചറിഞ്ഞ മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാം കുട്ടിയെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചു. ബിരുദം ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍നിന്ന്. വിഷയം ഇക്കണോമിക്സ്. ഡല്‍ഹി സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍നിന്ന് ബിരുദാനന്തര ബിരുദവും.
ഇന്ന് രാജ്യമറിയുന്ന പ്രഭാഷകയാണ് മാളവിക. ട്വിറ്ററില്‍ മാളവിക സ്വയം പരിചയപ്പെടുത്തുന്നത് ബോംബ് സ്ഫോടനത്തിന്റെ ഇര എന്നാണ്. ജഗന്നാഥന്‍ ശ്രീറാമിന്റെ മായ് എന്ന ഗ്രാഫിക് നോവലിന്റെ ഇതിവൃത്തം മാളവികയുടെ ജീവിതമാണ്. 1992 മുതലാണ് ഡിസംബര്‍ 3 ലോകഭിന്നശേഷി ദിനമായി ആചരിക്കുന്നത്.
English Summary : Inspirational Life story of Malvika Iyer