ADVERTISEMENT

ഏറെ ഉത്സാഹത്തോടെ അതിലുപരി ആത്മവിശ്വാസത്തോടെ ക്യാമറയ്ക്കു മുന്നിൽ നിന്ന് തന്റെ ജോലി ഭംഗിയായി ചെയ്യുകയായിരുന്നു അലക്സ് ബോസർജിയാൻ എന്ന വനിതാ റിപ്പോർട്ടർ.  ജോർജിയയിലെ സാവന്നയിലെ വെർച്വൽ ചാനൽ ത്രീയ്ക്കുവേണ്ടി സാവന്ന ബ്രിഡ്ജിൽ നിന്ന് ഓട്ടമൽസരത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മൽസരത്തിൽ പങ്കെടുക്കുന്ന ഒരാൾ അലക്സയോട് മോശമായി പെരുമാറിയത്.

ബഹളം വച്ചും ആർപ്പു വിളിച്ചും പായുന്ന മൽസരാർഥികൾ അലക്സയുടെ റിപ്പോർട്ടിങ്ങിനിടയിൽ കയറി ചില കുസൃതികളൊക്കെ ഒപ്പിക്കുന്നുണ്ട്. ചിലതിനോടൊക്കെ ചിരിയോടെ പ്രതികരിച്ചുകൊണ്ടാണ് റിപ്പോർട്ടിങ്ങ് തുടങ്ങിയത്. റിപ്പോർട്ടിങ് തുടരുന്നതിനിടെ പൊടുന്നനെ അലക്സയുടെ മുഖഭാവം മാറുന്നതും അവർ നടുക്കത്തോടെ റിപ്പോർട്ടിങ് തുടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. 

ഓട്ടത്തിനിടയിൽ ഒരാൾ അലക്സയുടെ നിതംബത്തിൽ സ്പർശിച്ചുകൊണ്ടാണ് അവളോടു മോശമായി പെരുമാറുന്നത്. അതിന്റെ ഞെട്ടലിൽ അലക്സ ഒരു നിമിഷം നിശ്ശബ്ദയാകുന്നതും നടുക്കം മാറാത്ത മുഖത്തോടെ റിപ്പോർട്ടിങ് തുടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

എന്നാൽ മോശം പെരുമാറ്റത്തിൽ മനംനൊന്ത് നിശ്ശബ്ദത പാലിക്കാനൊന്നും അലക്സ ഒരുക്കമല്ലായിരുന്നു. ജോലി ചെയ്യുന്ന അവസരത്തിൽ അനുഭവിക്കേണ്ടി വന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറയാനായിരുന്നു അവളുടെ തീരുമാനം. താൻ മോശം പെരുമാറ്റത്തിന് ഇരയാകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചുകൊണ്ട് അലക്സ കുറിച്ചതിങ്ങനെ :-

'' ലൈവ് റിപ്പോർട്ടിങ്ങിനിടെ എന്റെ നിതംബത്തിൽ പ്രഹരിച്ചയാളോട് എനിക്ക് പറയാനുള്ളതിതാണ്. നിങ്ങൾ പരിധികൾ ലംഘിച്ചു, എന്നെ സംഭ്രമത്തിലാക്കി. ഇനിയൊരു സ്ത്രീയ്ക്കും ജോലിസ്ഥലത്തോ, മറ്റെവിടെയെങ്കിലും വച്ചോ ഇത്തരം ആക്രമണങ്ങൾ സംഭവിക്കാൻ പാടില്ല. കുറച്ചുകൂടി നന്നായി പെരുമാറാൻ പഠിക്കൂ''.

അലക്സ പങ്കുവച്ച ദൃശ്യങ്ങൾ വെർച്വൽ ലോകത്ത് വ്യാപകമായി പ്രചരിച്ചതോടെ മൽസരം സ്പോൺസർ ചെയ്ത സാവന്നാ സ്പോർട്സ് കൗൺസിലിന്റെ ഡയറക്ടർ റോബർട്ട് വെൽസ് പ്രതികരണവുമായി രംഗത്തു വന്നു. 

'' ഞങ്ങൾ സംഘടിപ്പിച്ച പരിപാടിയിൽ ഇത്തരമൊരു അനീതി വച്ചുപൊറുപ്പിക്കാനാവില്ല. അയാളെ പെട്ടന്നു കണ്ടുപിടിക്കാൻ സഹായകമാകുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവച്ചതിനു നന്ദി. അലക്സയെ അഭിസംബോധന ചെയ്ത് അദ്ദേഹമെഴുതിയ കുറിപ്പിൽ പറയുന്നതിങ്ങനെ :-

' അലക്സ, ഇന്ന് സംഭവിച്ച മോശം കാര്യത്തെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. ഞങ്ങൾ ഉടൻ തന്നെ അയാളെ തിരിച്ചറിയുമെന്ന് ഉറപ്പു നൽകുന്നു'.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസിന്റെ ഭാഗത്തു നിന്നും അലക്സയെത്തേടി സഹായ വാഗ്ദാനങ്ങളെത്തുന്നുണ്ട്. സാവന്നാ പൊലീസ് വിഭാഗത്തിലെ പബ്ലിക് ഇൻഫർമേഷൻ കോർഡിനേറ്റ

റായ കെറ്റുറ ഗ്രീൻ സംഭവത്തെപ്പറ്റി പറയുന്നതിങ്ങനെ. സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അന്വേഷിക്കാൻ തയാറുമാണ്. അലക്സയ്ക്ക് ഏതു രീതിയിലാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ താൽപര്യം എന്നതനുസരിച്ചായിരിക്കും മുന്നോട്ടുള്ള കാര്യങ്ങൾ. അധികൃതരുടെ സന്ദേശത്തോട് അലക്സയോ അവർ വർക്ക് ചെയ്യുന്ന സ്ഥലത്തെ അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മോശം പെരുമാറ്റത്തെ അതിജീവിച്ച് ജോലിതുടർന്ന അലക്സയെ അഭിനന്ദിച്ചുകൊണ്ട് മറ്റു ടെലിവിഷനിലെ റിപ്പോർട്ടേഴ്സും തങ്ങളുടെ അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്. 'നീ വളരെ നന്നായി ആ സാഹചര്യത്തെ കൈകാര്യം ചെയ്തു'വെന്നാണ് എമ്മ ഹാമിൽട്ടൺ എന്നൊരു റിപ്പോർട്ടർ പറഞ്ഞത്. ഇത്തരം മോശം പെരുമാറ്റം അവസാനിപ്പിക്കണം എന്നാണ് രോഷത്തോടെ മറ്റുചിലർ അഭിപ്രായപ്പെട്ടത്.

അലക്സയ്ക്കുണ്ടായ ദുരനുഭവം പങ്കുവയ്ക്കപ്പെട്ടതോടെ ജോലിക്കിടയിൽ സമാനമായ ആക്രമണം നേരിട്ടതിനെപ്പറ്റിയുള്ള അനുഭവങ്ങൾ മറ്റു വനിതാ റിപ്പോർട്ടേഴ്സും പങ്കുവയ്ക്കുന്നുണ്ട്. 2003 ൽ റിപ്പോർട്ടറിനെ ചുംബിക്കണമെന്നാവശ്യപ്പെട്ടതിന്റെ പേരിൽ ഒരു ഫുട്ബോൾ പ്ലേയർക്ക് ക്ഷമചോദിക്കേണ്ടി വന്നിട്ടുണ്ട്. താങ്കളുടെ വലിയ അഭിനന്ദനത്തിന് നന്ദിയെന്ന കൗശലമുള്ള മറുപടിയോടെയാണ് റിപ്പോർട്ടർ കായികതാരത്തിന്റെ മോശം ഉദ്ദേശത്തെ പ്രതിരോധിച്ചത്.

റഷ്യയിൽ നടന്ന ലോകകപ്പ് റിപ്പോർട്ടിങ്ങിനിടെ കൊളംബിയൻ റിപ്പോർട്ടറായ ജൂലിയത്ത് ഗോൺസലെസ് തെരൻ എന്ന റിപ്പോർട്ടറെ ഒരാൾ ചുംബിക്കുകയും അവരുടെ മാറിടത്തിൽ മോശമായി സ്പർശിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ റിപ്പോർട്ടർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും. സ്ത്രീകൾ ഇത്തരത്തിലുള്ള പെരുമാറ്റമല്ല അർഹിക്കുന്നതെന്ന് പറയുകയും ചെയ്തിരുന്നു. സ്നേഹപ്രകടനവും ശാരീരിക ആക്രമണവും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ആളുകൾ മനസ്സിലാക്കണമെന്നു പറഞ്ഞുകൊണ്ടാണ് അവർ വിഡിയോ പങ്കുവച്ചത്.

കെന്റുകി ടിവി റിപ്പോർട്ടറോട് മോശമായി പെരുമാറിയ ആൾക്കെതിരെ ഈ വർഷമാദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ലൈവ് പ്രോഗ്രാമിനിടെ തന്നെ ചുംബിക്കാൻ ശ്രമിച്ചയാളെ തള്ളിമാറ്റി അസ്വസ്ഥമായ ചിരിയോടെ അവർ റിപ്പോർട്ടിങ് തുടരുകയായിരുന്നു അന്ന്. സംഭവത്തെക്കുറിച്ച് റിപ്പോർട്ടർ സാറ റിവേസ്റ്റ് സഹപ്രവർത്തകരോട് പറഞ്ഞതിങ്ങനെ. '' ഞാൻ ഞെട്ടിപ്പോയിരുന്നു, പക്ഷേ എന്റെ നേർവസ് ആയ പുഞ്ചിരി ഒരിക്കലും അയാൾക്കുള്ള സമ്മതമായിരുന്നില്ല. എനിക്കപ്പോൾ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് അറിയുമായിരുന്നില്ല. ആ പ്രവർത്തി എന്നെ അസ്വസ്ഥയാക്കിയെങ്കിലും എനിക്കെന്റെ ജോലി തുടരണമായിരുന്നു''.

English Summery : Woman Reporter Blasts Man Who Assaulted Her On Live TV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com