sections
MORE

വളർന്നത് വാടക വീട്ടിൽ, പഠിച്ചത് ബേക്കറിയിൽ പാർട്ട് ടൈം ജോലിചെയ്ത്; സന മരിന്റെ ജീവിതം

Sanna Marin With Her Baby. Photo Credit: Instagram
ഫിന്ൻലൻഡ് പ്രധാനമന്ത്രി സന മാരിൻ കുഞ്ഞിനോടൊപ്പം.
SHARE

34–ാം വയസ്സിൽ ഫിൻലൻഡ് പ്രധാനമന്ത്രിയായതോടെയാണ് സന മരിൻ എന്ന പേര് വാർത്തകളിൽ നിറഞ്ഞത്. പൂമെത്തകളിലൂടെ ചവിട്ടി നടന്നല്ല സന ഇന്ന് കാണുന്ന പദവികളിലേക്ക് എത്തിയത് എന്നറിയണമെങ്കിൽ അവരുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയണം. മഴവിൽക്കുടുംബത്തിലെ അംഗമായതിനാൽ കുട്ടിക്കാലത്ത് കുടുംബത്തെക്കുറിച്ച് തുറന്നു സംസാരിക്കാൻ മടികാട്ടിയിരുന്ന സന ഇന്ന് തന്റെ കുടുംബത്തിന്റെ ഐഡന്റിന്റി ഒളിവും മറവുമില്ലാതെ വെളിപ്പെടുത്തുന്നു. ഏറെ അഭിമാനത്തോടെ കുടുംബത്തെക്കുറിച്ചു സംസാരിക്കുന്നു.

പതിവ് കുടുംബസങ്കൽപ്പത്തിൽ നിന്നു വിപരീതമായി രണ്ട് സ്ത്രീകൾ പങ്കാളികളായി ജീവിക്കുന്ന കുടുംബത്തിലാണ് സന മാരിൻ വളർന്നത്. രണ്ട് അമ്മമാർ ചേർന്ന് വളർത്തിയതിന്റെ മൂല്യങ്ങൾ തന്റെ ജീവിതത്തിലുണ്ടെന്ന് മുൻപ് നൽകിയ പല അഭിമുഖങ്ങളിലും സന മാരിൻ പറഞ്ഞിട്ടുണ്ട്.

1985 ലാണ് സന മാരിൻ ജനിച്ചത്. സ്വവർഗാനുരാഗികളായിരുന്നു സനയെ വളർത്തിയത്. അമ്മയും അവരുടെ സ്ത്രീസുഹൃത്തും ചേർന്നെടുത്ത വാടക വീട്ടിലായിരുന്നു സനയുടെ ബാല്യകാല ജീവിതം. മഴവിൽ കുടുംബത്തെക്കുറിച്ച് തുറന്നു പറയാൻ മടിച്ച സന മുതിർന്നപ്പോൾ ബേക്കറിയിൽ പാർട്ട് ടൈം ജോലി ചെയ്താണ് തന്റെ വിദ്യാഭ്യാസത്തിനുള്ള തുക കണ്ടെത്തിയത്.

തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും സ്വപ്നങ്ങളെത്തിപ്പിടിച്ചതിനെക്കുറിച്ചും സന മാരിൻ പറയുന്നതിങ്ങനെ :-

'' എന്നെ സംബന്ധിച്ചിടത്തോളം ആളുകളെല്ലാം തുല്യരാണ്. ഇത് തീരുമാനങ്ങളുടെ മാത്രം കാര്യമല്ല മറിച്ച് എല്ലാത്തിന്റെയും അടിത്തറകൂടിയാണ്''. 

മഴവിൽ കുടുംബത്തിൽ ജനിച്ചതുകൊണ്ട് ചെറുപ്പകാലത്ത് അനുഭവിക്കേണ്ടി വന്ന പ്രതിസന്ധിയെക്കുറിച്ച് സന മാരിൻ പറയുന്നതിങ്ങനെ :-

'' അത് ചർച്ച ചെയ്യപ്പെടേണ്ട ഒരു കാര്യമല്ലെന്ന് ഞാൻ ചിന്തിച്ചിരുന്നു. ഇന്ന് ഈ 21–ാം നൂറ്റാണ്ടിൽ മഴവിൽ കുടുംബങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാനൊക്കെ ആളുകൾ തയാറാകുന്നുണ്ട്. അന്നൊക്കെ നിശ്ശബ്ദതയായിരുന്നു ഏറ്റവും കഠിനമായ കാര്യം. അദൃശ്യയായിരുന്നത് ഒരു തരം അയോഗ്യതയാണെന്നു തന്നെ കരുതിയിരുന്നു. ഞങ്ങളെ യഥാർഥ കുടുംബമായി ആരും അംഗീകരിച്ചിരുന്നില്ല. അല്ലെങ്കിൽ മറ്റുള്ളവരെപ്പോലെ തുല്യരായി കണ്ടിരുന്നില്ല. വലിയ രീതിയിലൊന്നും പരിഹസിക്കപ്പെട്ടിരുന്നില്ല. കുട്ടിക്കാലത്ത് വളരെ നിഷ്കളങ്കയായ അതേസമയം പിടിവാശിക്കാരിയായ കുട്ടിയായിരുന്നു ഞാൻ. ഒരുകാര്യവും ഞാനത്ര ലളിതമായി കണ്ടിരുന്നില്ല''.

തന്റെ സ്വപ്നങ്ങളെ പിന്തുടരാൻ തനിക്ക് പിന്തുണ ലഭിച്ചത് കുടുംബത്തിൽ നിന്നാണെന്ന് മാരിൻ പലതവണ പറഞ്ഞിട്ടുണ്ട്. കുടുംബത്തിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തിനായി കോളജിലെത്തുന്ന ആദ്യത്തെയാളാണ് സന മാരിൻ.

'' എന്റെ അമ്മ എല്ലായ്പ്പോഴും വളരെ നന്നായി എന്നെ പിന്തുണച്ചിട്ടുണ്ട്. ഞാൻ എന്താഗ്രഹിക്കുന്നുവോ അതിലേക്ക് എത്തിച്ചേരാൻ എനിക്ക് കഴിയുമെന്ന ഒരു വിശ്വാസം അമ്മ എന്നിൽ വളർത്തിയെടുത്തിരുന്നു. 

ഇപ്പോൾ സനയും ഒരു അമ്മയാണ്. രണ്ട് വയസ്സ് പ്രായമുള്ള ഒരു കുഞ്ഞിന്റെ അമ്മ. ഔദ്യോഗികത്തിരക്കിനിടയിലും അമ്മയുടെ റോൾ ഭംഗിയായി നിർവഹിക്കാൻ ശ്രദ്ധിക്കാറുണ്ട് സന. സ്ത്രീകൾ ജോലിക്കൊയ്പ്പം കുടുംബജീവിതവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്ന സന തന്റെ സ്വകാര്യ ജീവിതത്തിലെ സുന്ദര ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

English Summary: Inspirational Life Story Of Finland Prime Minister Sanna Marin

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA