ADVERTISEMENT

സിറിയയിലെ അഭയാർഥി ക്യാംപിലുള്ള ഐഎസ് സംഘടനയിൽപ്പെട്ട സ്ത്രീകളെക്കുറിച്ചും അവരുടെ കുട്ടികളെക്കുറിച്ചുമുള്ള പരാമർശത്തിൽ മാപ്പുപറഞ്ഞ് ഫിൻലൻഡിലെ പുതിയ ധനമന്ത്രി. ഇൻസ്റ്റഗ്രാമിൽ നടത്തിയ പരാമർശമാണ് പുതിയ ധനമന്ത്രി കത്രി കുൾമുനിൽസിനെ വിവാദ നായികയാക്കിയത്.

ഭീകര സംഘനടയിൽപ്പെട്ട സ്ത്രീകളുടെ കുട്ടികളെ തനിച്ച് ഫിൻലൻഡിൽ എത്തിക്കണോ അതോ അവരുടെ അമ്മമാരെയും കൂടെകൂട്ടണമോ എന്ന കാര്യത്തിൽ വോട്ടടെുപ്പ് നടത്താമെന്നായിരുന്നു മന്ത്രിയുടെ അഭിപ്രായം. ഇതാണ് വിവാദത്തിലാകുകയും മന്ത്രിയുടെ ക്ഷമാപണത്തിൽ അവസാനിക്കുകയും ചെയ്തിരിക്കുന്നത്. 

കുർദിഷ് നിയന്ത്രണത്തിലുള്ള ക്യാംപിൽ നിലവിൽ 10 സ്ത്രീകളും 30 കുട്ടികളും ഫിൻലൻഡുകാരാണ്. ചില പാശ്ചാത്യ രാജ്യങ്ങൾ ഇപ്പോൾത്തന്നെ കുട്ടികളെ മാത്രമായി മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. ഇതു രൂക്ഷമായ വാദപ്രതിവാദങ്ങളിലേക്കും നയിക്കുകയാണ്. ഭീകര സംഘടനയിൽപെട്ട സ്ത്രീകൾ തിരിച്ചുവരുന്നത് രാജ്യസുരക്ഷയ്ക്ക് അപകടമാണെന്ന നിലപാടിലാണ് ചില പ്രമുഖ രാഷ്ട്രീയ കക്ഷികൾ. ഫിൻലൻഡിലെ രണ്ടാമത്തെ വലിയ രാഷ്ട്രീയ കക്ഷിയായ നാഷണലിസ്റ്റ് ഫിൻസ് പാർട്ടി കുട്ടികളെ അവരുടെ അമ്മമാരിൽനിന്ന് വേർതിരിക്കുന്നതിന് എതിരാണ്. 

സങ്കീർണമായ ഈ വിഷയം സമൂഹമാധ്യമത്തിൽ ചർച്ച ചെയ്യാനായിരുന്നു എന്റെ ശ്രമം. പരാജയപ്പെട്ടു. ഞാൻ മാപ്പു ചോദിക്കുന്നു- മന്ത്രി പറഞ്ഞു. കഴിഞ്ഞയാഴ്ച അധികാരമേറ്റ സന മാരിൻ സർക്കാരിൽ ഉൾപ്പെട്ട സെന്റർ പാർട്ടിയെയാണ് ധനമന്ത്രി പ്രതിനിധീകരിക്കുന്നത്. 

ഭീകര സംഘനടയിൽ ചേരാൻപോയ ഇരുപതോളം പേർ ഫിൻലൻഡിൽ തിരിച്ചെത്തിയതായാണ് കണക്ക്. ക്യാംപുകളിലുള്ള ഫിന്നിഷ് പൗരൻമാർക്ക് മരുന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങളും എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അവർ രാജ്യത്ത് തിരിച്ചുവരുന്നതിനോട് താൽപര്യമില്ലെന്നുമാണ് പുതിയ സർക്കാരിന്റെ നിലപാട്. 

English Summary : A Finnish minister has apologised for an Instagram post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com