ADVERTISEMENT

ഒരാഴ്ചയായി ലോക വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണെങ്കിലും പ്രശസ്തിയിൽനിന്നു വഴിമാറി രാജ്യത്തിനുവേണ്ടി ചെയ്യാനുള്ള അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധയൂന്നാൻ അഭ്യർഥിച്ച്  ഫിൻലൻഡ് പ്രധാനമന്ത്രി സന മാരിൻ. 

തന്നെക്കുറിച്ചു മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ താൻ ശ്രദ്ധിക്കാറേയില്ലെന്നു പറഞ്ഞ മരിൻ, കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ അടിയന്തര നടപടിവേണമെന്നും അഭിപ്രായപ്പെട്ടു. 

യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലാണ് ലോകം തന്നെ ശ്രദ്ധിക്കുന്നതിനുപകരം പ്രശ്നങ്ങളിലാണ് ശ്രദ്ധിക്കേണ്ടതെന്ന് സന പറഞ്ഞത്. കഴിഞ്ഞ ആഴ്ചയാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സന മാരിൻ ഫിൻലൻഡിൽ അധികാരത്തിലേറിയത്. അഞ്ചുകക്ഷികളുടെ സഖ്യമാണ് നിലവിൽ രാജ്യം ഭരിക്കുന്നത്. 5 കക്ഷികളുടെ നേതാക്കന്മാരും സ്ത്രീകളാണ്. നാലു പേർ 35 വയസ്സിൽ താഴെയുള്ളവരും. 

'ഫിൻലൻഡിൽ ഭരണകക്ഷിയിൽ ഉണ്ടായ മാറ്റമോ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള എന്റെ വരവോ ഒന്നും ഞാൻ കാര്യമായി എടുത്തിട്ടില്ല. ചെയ്യാനുള്ള നൂറുകണക്കിനു ജോലികളിലാണ് എന്റെ ശ്രദ്ധ'- ഹെൽസിങ്കിയിൽനിന്ന് ബ്രസൽസിൽ എത്തിയ സന മരിൻ പറഞ്ഞു. ബ്രസൽസിലാണ് രണ്ടു ദിവസത്തെ യൂറോപ്യൻ യൂണിയൻ ഉച്ചകോടി നടക്കുന്നത്. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുലയും  ഹിലറി ക്ലിന്റൻ ഉൾപ്പെടെയുള്ള ലോക  നേതാക്കളും സനയെ അഭിനന്ദിക്കുന്ന തിരക്കിലാണ്. അഭിമുഖം വേണം എന്നാവശ്യപ്പെട്ട് ഒട്ടേറെപ്പേരാണ് വിളിക്കുന്നതെന്നും മരിൻ പറഞ്ഞു. 

സ്വന്തം പാർട്ടിയിലെ ഇടതുപക്ഷക്കാരിയാണ് സന. ഫിൻലൻഡിൽ നടപ്പാക്കുന്ന ജനക്ഷേമ പ്രവർത്തന ങ്ങൾക്കുവേണ്ടി ശക്തമായി വാദിക്കുന്നയാളും. പ്രൈമറി തലം മുതൽ സർവകലാശാല വരെ ഇപ്പോൾ തന്നെ ഫിൻലൻഡിൽ വിദ്യാഭ്യാസം സൗജന്യവും സാർവത്രികവുമാണ്. ഒരുവിധ അല്ലലും അലട്ടലുമില്ലാതെ എല്ലാവർക്കും ജീവിക്കാൻ കഴിയുന്ന ഒരു ഫിൻലൻഡാണ് തന്റെ സ്വപ്മെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു. 

2050 ആകുമ്പോഴേക്കും കാർബൺ രഹിതമാകാനുള്ള ഒരുക്കത്തിലാണ് ഫിൻലൻഡ്. മുന്നേറ്റത്തിനു നേതൃത്വം വഹിക്കുന്നതാകട്ടെ സന മരിനും. 'പുതിയ തലമുറയ്ക്ക് ഫിൻലൻഡിലെ ഭരണസഖ്യത്തിൽ വലിയ പ്രതീക്ഷകളാണുള്ളത്. ആ പ്രതീക്ഷകൾക്കൊത്ത് ഉയരുകയാണ് ഞങ്ങളുടെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് എനിക്ക് ആശങ്കകളുണ്ട്. ഇനിയുമേറെ ചെയ്യാനുണ്ടെന്ന ധാരണയുമുണ്ട്'- ഭാവി പദ്ധതികളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും സന വ്യക്തമാക്കി. 

English Summary : We have work to do’ says Finland’s Sanna Marin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com