ADVERTISEMENT

നിലപാടുകളിലെ വ്യത്യസ്തത കൊണ്ടും സ്വാഭാവികമായ ആത്മാര്‍ഥതകൊണ്ടും ലോകത്തിന്റെ മനസ്സില്‍ ഇടംനേടിയ നേതാവാണ് ബറാക് ഒബാമ. യുഎസ് പ്രസിഡന്റ് സ്ഥാനത്തിരുന്ന വര്‍ഷങ്ങളിലും പിന്നീടും നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത വ്യക്തി. കഴിഞ്ഞ ദിവസം സിംഗപ്പൂരില്‍ നടന്ന ഒരു പരിപാടിയില്‍ നേതൃത്വത്തെക്കുറിച്ചും നേതൃശേഷിയെക്കുറിച്ചും ലോകത്തിന്റെ ഭാവിയെക്കുറിച്ചും ഒബാമ സംസാരിച്ചു. എന്തുകൊണ്ട് രാഷ്ട്രീയത്തില്‍നിന്നു മാറിനില്‍ക്കുന്നു എന്നതിനെക്കുറിച്ചും. 

യുഎസ് പ്രസിഡന്റ് ആയിരുന്ന കാലത്ത് തന്റെ മനസ്സിലൂടെ കടന്നുപോയ ഒരു ചിന്ത ഒബാമ പങ്കുവച്ചു. അതു സ്ത്രീകളെക്കുറിച്ചാണ്. മിക്ക രാജ്യങ്ങളിലെയും നേതൃസ്ഥാനത്ത് സ്ത്രീകളായിരുന്നെങ്കില്‍ ലോകം ഇതിലും മികച്ചതായിരുന്നേനേം എന്നാണത്രേ അദ്ദേഹം ചിന്തിച്ചത്. ജീവിതനിലവാരവും വര്‍ധിക്കുമായിരുന്നു. വികസനത്തിലും മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമായിരുന്നെന്നും ഒബാമ പറയുന്നു. ലോകത്തെ മിക്ക പ്രശ്നങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പിന്നില്‍ പുരുഷന്‍മാരാണെന്നാണ് ഒബാമയുടെ അഭിപ്രായം. പ്രത്യേകിച്ചും പ്രായം കൂടിയ പുരുഷന്‍മാര്‍. അവര്‍ ഒരിക്കലും അധികാരസ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്നവരല്ല. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ ധാരളമായി പ്രചരിപ്പിക്കുന്നതിലുള്ള ആശങ്കയും അദ്ദേഹം പങ്കുവച്ചു. 

പ്രിയപ്പെട്ട വനിതകളേ, നിങ്ങള്‍ അറിയാന്‍ വേണ്ടി ഞാന്‍ പറയുകയാണ്. നിങ്ങള്‍ തീര്‍ച്ചയായും അറിയണം. നിങ്ങള്‍ പൂര്‍ണതയുള്ളവരാണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. എന്നാല്‍ ഒരുകാര്യം എനിക്ക് ഉറപ്പു പറയാന്‍ കഴിയും. നിങ്ങള്‍ തീര്‍ച്ചയായും പുരുഷന്‍മാരേക്കാള്‍ മെച്ചപ്പെട്ടവരാണ്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ എല്ലാ രാജ്യങ്ങളിലും സ്ത്രീകള്‍ നേതൃപദവിയില്‍ എത്തുകയാണെങ്കില്‍ തീര്‍ച്ചയായും ലോകത്ത് പുരോഗതിയുണ്ടാകും. ജീവിത നിലവാരം ഉള്‍പ്പെടെ എല്ലാ മേഖലകളിലും മാറ്റം വരും-ഒബാമ വ്യക്തമാക്കി. 

രാഷ്ട്രീയ നേതൃത്വത്തിലേക്ക് തിരിച്ചുപോകുമോ എന്ന ചോദ്യത്തിനും ഒബാമയ്ക്ക് മറുപടിയുണ്ടായിരുന്നു. സമയമാകുമ്പോള്‍ അധികാരത്തില്‍നിന്നു മാറിനില്‍ക്കാന്‍ തയാറാകണം-അദ്ദേഹം പറഞ്ഞു. പലരും അധികാരത്തില്‍നിന്നു മാറിനില്‍ക്കാത്തതുകൊണ്ടാണ് പല പ്രശ്നങ്ങളും ഉണ്ടാകുന്നതെന്നും ഒബാമ പറഞ്ഞു. 

നേതൃസ്ഥാനത്തുള്ളവരെ ഒരുകാര്യം ഓര്‍മിപ്പിക്കേണ്ടതുണ്ട്- നിങ്ങള്‍ക്ക് ഒരു ജോലി ചെയ്യാനുണ്ട്. അതു ചെയ്തു കഴിയുമ്പോള്‍ ജോലിയില്‍നിന്നു മാറിനില്‍ക്കണം. ജീവിതത്തില്‍ എല്ലാക്കാലത്തേക്കുമല്ല ഒരു പദവിയും. നിങ്ങളുടെ സംതൃപ്തി ആയിരിക്കരുത് ലക്ഷ്യം. ലോകത്തിന്റെ പുരോഗതിയായിരിക്കണം- ഒബാമ ഓര്‍മിപ്പിച്ചു. 

2009 മുതല്‍ 17 വരെയായിരുന്നു ഒബാമ ഭരണത്തിലുണ്ടായിരുന്നത്. അതിനുശേഷം മിഷേലിനൊപ്പം സ്ഥാപിച്ച ഫൗണ്ടേഷനിലൂടെ ചെറുപ്പക്കാരെ നേതൃപദവിയില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഒബാമ ഏര്‍പ്പെട്ടിരിക്കുന്നത്. ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞയാഴ്ച മലേഷ്യയിലാരുന്നു ദമ്പതികള്‍. 

English Summary : Women are better leaders than men Says Barack Obama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com