sections
MORE

ഭർത്താവും മക്കളുമുള്ളതുകൊണ്ട് അത്തരം വേഷങ്ങൾ അണിയാനാവില്ല, എംപിയെ ട്രോളി എംപി; വിവാദം

Deb Frecklington, Annastacia Palaszczuk
ഡെബ് ഫ്രെക്ലിങ്ടണ്‍, അനസ്റ്റേഷ്യ പാലെഷെ
SHARE

ഓസ്ട്രേലിയയിലെ ക്വീന്‍സ്‍ലാന്‍ഡില്‍ രണ്ടു വനിതാ എംപിമാര്‍ തമ്മിലുള്ള വാക്പോരാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. രണ്ടുപേരും സെനറ്റ് അംഗങ്ങളാണ്. ഒരുമിച്ചു നില്‍ക്കേണ്ട വനിതകള്‍ക്കിടയില്‍തന്നെ പോര് പൊട്ടിപ്പുറപ്പെട്ടതോടെ അദ്ഭുതപ്പെടുന്നതു വനിതകള്‍ മാത്രമല്ല പുരുഷന്‍മാരും. 

എന്‍എന്‍പി പാര്‍ട്ടി നേതാവ് ഡെബ് ഫ്രെക്ലിങ്ടണ്‍,  അനസ്റ്റേഷ്യ പാലെഷെ എന്ന എംപിയെ വിമര്‍ശിച്ചതോടെയാണു വിവാദം തുടങ്ങിയത്. അനസ്റ്റേഷ്യയുടെ വസ്ത്രധാരണം ഉള്‍പ്പെടെയുള്ള ഫാഷന്‍ രീതികളെയാണ് ഫ്രെക്ലിങ്ടണ്‍ വിമര്‍ശിച്ചത്. തനിക്ക് ഭര്‍ത്താവും പ്രായമായ പെണ്‍കുട്ടികളുമുള്ളതിനാല്‍ അനസ്റ്റേഷ്യ ചെയ്യുന്നതുപോലെ പറ്റില്ലെന്നും കൂടി ഫെക്ലിങ്ടണ്‍ പറഞ്ഞതോടെ വിവാദം ചൂടുപിടിച്ചു. 

'ഞാന്‍ എന്റെ വേഷവിധാനത്തിലോ പെരുമാറ്റരീതികളിലോ എന്തെങ്കിലും മാറ്റം വരുത്തിയാല്‍ ചോദിക്കാനാളുണ്ട്. എന്റെ പെണ്‍മക്കള്‍ ഉടന്‍ വിളിക്കും. എനിക്കവരോട് മറുപടി പറയണം. അനസ്റ്റേഷ്യയ്ക്ക് അങ്ങനെയുള്ള പ്രശ്നങ്ങളൊന്നുമില്ല. പൂര്‍ണമായ മേക് ഓവര്‍ സാധ്യമാണു താനും. പക്ഷേ അനസ്റ്റേഷ്യയുടെ മേക് ഓവര്‍ കുറച്ചു കൂടിപ്പോകുന്നില്ലേ എന്നാണ് എന്റെ സംശയം. ഈ രാജ്യത്ത് എന്തെല്ലാം പ്രശ്നങ്ങളുണ്ട്. അവയെല്ലാം അവഗണിച്ച് ഫാഷന്റെ പിന്നാലെ പോകുന്നതു നന്നാണോ'- ഫ്രെക്ലിങ്ടണ്‍ ചോദിച്ചു. 

മൂന്നു മക്കളാണ് ഫ്രെക്ലിങ്ടണിന്. 17 നും 20 നും ഇടയില്‍ പ്രായമുള്ളവര്‍. അനസ്റ്റേഷ്യ ആകട്ടെ ഗര്‍ഭിണിയാകാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിന്റെ വേദനയിലുമാണ്. അവര്‍ക്ക് അടുത്തിടെയാണ് ഗര്‍ഭഛിദ്രം സംഭവിച്ചത്.ഐവിഎഫിലൂടെ ഗര്‍ഭിണിയാകാന്‍ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. എന്‍ഡോമെട്രിയോസിസ് എന്ന രോഗത്തെത്തുടര്‍ന്നാണ് ഗര്‍ഭം ധരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടത്. സെനറ്റംഗം ക്രിസ്റ്റിന കെനാലി ഫ്രെക്ലിങ്ടണിന്റെ വിമര്‍ശനത്തിന് എതിരെ രംഗത്തു വന്നു. ഒന്നിലധികം ട്വിറ്റര്‍ സന്ദേശങ്ങളിലൂടെയാണ് അവര്‍ തന്റെ എതിര്‍പ്പ് വ്യക്തമാക്കിയത്. 

അനസ്റ്റേഷ്യ എവിടെ നിന്നാണ് വസ്ത്രങ്ങള്‍ വാങ്ങുന്നത് എന്നുവരെ ഫ്രെക്ലിങ്ടണ്‍ പരസ്യമാക്കുകയും അതേപ്പറ്റി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. സെനറ്റിലെ രണ്ടംഗങ്ങള്‍ തമ്മില്‍ ഇത്തരം കാര്യങ്ങളില്‍ വാദപ്രതിവാദം നടത്തുന്നതും തര്‍ക്കത്തിലേര്‍പ്പെടുന്നതും നന്നല്ലെന്നാണ് ക്രിസ്റ്റിനയുടെ വാദം. 

ഫ്രെക്ലിങ്ടണിന്റെ വിമര്‍ശനം കടന്നുപോയെന്നും രാജ്യത്തെ എല്ലാ സ്ത്രീകളും നാണക്കേടില്‍ തല കുനിക്കേണ്ട അവസ്ഥയാണ് വിമര്‍ശനം മൂലം സംജാതമായതെന്നും മറ്റ് എംപിമാരും ചൂണ്ടിക്കാട്ടി. വിമര്‍ശനം കടുത്തെങ്കിലും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഫ്രെക്ലിങ്ടണ്‍. താന്‍ തന്റെ യഥാര്‍ഥ അനുഭവങ്ങളാണ് പറഞ്ഞതെന്നും കുടുംബത്തെക്കുറിച്ച് പറയാതിരിക്കാന്‍ തനിക്കു കഴിയില്ലെന്നുമാണ് അവരുടെ വാദം. എന്തായാലും ഒരുമിച്ചുനില്‍ക്കേണ്ട വനിതാ അംഗങ്ങള്‍ തന്നെ പോരടിച്ചതോടെ ആരുടെ ഭാഗം ചേരണമെന്ന ആശയക്കുഴപ്പത്തിലാണ് പുരുഷ എംപിമാര്‍. 

English Summary : Queensland LNP leader, Deb Frecklington, after she  criticised Annastacia Palaszczuk

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA