ADVERTISEMENT

ബംഗ്ലാദേശില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വിഡിയോയുടെ പേരില്‍ മാപ്പു പറഞ്ഞ് ആർട്ടിസ്റ്റുകൾ. ഒരാള്‍ വിദ്യാര്‍ഥിനിയാണ്. മറ്റൊരാള്‍ മുതിര്‍ന്ന പുരുഷനും. അവര്‍ പോസ്റ്റ് ചെയ്ത വിഡിയോ ബംഗ്ലാദേശിലെ യാഥാസ്ഥിതിക സമൂഹത്തില്‍ കാട്ടുതീ പോലെയാണു പടര്‍ന്നുപിടിച്ചതും പ്രശംസയ്ക്കൊപ്പം പ്രതിഷേധവും ക്ഷണിച്ചുവരുത്തിയതും. രാജ്യത്തിന്റെ സംസ്കാരത്തിനു ചേര്‍ന്നതല്ലെന്നും തെറ്റ് ആവര്‍ത്തിക്കില്ലെന്നുമുള്ള ഉറപ്പില്‍ വിവാദത്തില്‍നിന്നു തലയൂരിയിരിക്കുകയാണ് രണ്ടു താരങ്ങളും. 

ബംഗ്ലാദേശിലെ തിരക്കേറിയ തെരുവിലൂടെ പൊതുജനം നോക്കിനില്‍ക്കെ, അര്‍ധനഗ്നനായ മുതിര്‍ന്ന പുരുഷനെ നായയെപ്പോലെ ചങ്ങലയില്‍ വലിച്ചുകൊണ്ടുപോകുന്ന പെണ്‍കുട്ടി- ഇതായിരുന്നു വിഡിയോ. അഫ്സാന ഷെജുട്ടി എന്നാണ് വിഡിയോയില്‍ കാണുന്ന പെണ്‍കുട്ടിയുടെ പേര്. ആധുനിക വസ്ത്രം ധരിച്ച്, കൂളിങ് ഗ്ലാസ്സും വച്ച് പരിസരം ശ്രദ്ധിക്കാതെ നടന്നുനീങ്ങുകയാണ് വിഡിയോയില്‍ പെണ്‍കുട്ടി. തുതുല്‍ ചൗധരി എന്നാണു പുരുഷന്റെ പേര്. അയാള്‍ പട്ടിയെപ്പോലെ കാലും കയ്യും നിലത്തുകൂടി ഇഴച്ചുനീക്കുകയാണ്. ചങ്ങലയിലുമാണ്. 

1968 -ല്‍ വിയന്നയില്‍ നടന്ന സമാനമായ ഒരു സംഭവത്തിന്റെ ആവര്‍ത്തനമാണ് തങ്ങള്‍ പുനരാവിഷ്കരിച്ചതെന്നാണ് താരങ്ങളുടെ വാദം. പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം വിഡിയോ പ്രചരിച്ചു. വലിയ വിവാദവുമായി. ധാക്ക സര്‍വകലാശാലയില്‍ ഫൈന്‍ ആര്‍ട്സ് പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് ഷെജൂട്ടി. രാജ്യ തലസ്ഥാനമായ ധാക്കയിലൂടെയാണ് ഷെജൂട്ടി ചൗധരിയെ നായയെപ്പോലെ വലിച്ചിഴച്ചുകൊണ്ടുപോകുന്നത്.പരാതികള്‍ വ്യാപകമായതിനെത്തുടര്‍ന്ന് പൊലീസ് രണ്ടു താരങ്ങളെയും ഞായറാഴ്ച വിളിച്ചുവരുത്തി. 

വിയന്നയില്‍ അമ്പതോളം വര്‍ഷങ്ങള്‍ക്കുമുമ്പ് അക്കാലത്തെ ഫെമിനിസ്റ്റുകള്‍ അവതരിപ്പിച്ച ഒരു ദൃശ്യമാണ് തങ്ങള്‍ പുനരാവിഷ്കരിച്ചതെന്ന് താരങ്ങള്‍ പറഞ്ഞു. 'ഫ്രം ദ് പോര്‍ട്ഫോളിയോ ഓഫ് ഡോഗഡ്നെസ്' എന്നായിരുന്നു അന്നത്തെ അവതരണത്തിന്റെ പേര്. പക്ഷേ, അനുമതിയില്ലാതെയാണു പുനരാവിഷ്കരണം റോഡില്‍ നടത്തിയതെന്ന് പൊലീസ് പറയുന്നു. എന്തായാലും മാപ്പു പറയുകയും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു കൊടുക്കുകയും ചെയ്തതിനാല്‍ പൊലീസ് രണ്ടുപേരെയും വിട്ടയച്ചു. 

വിഡിയോയ്ക്ക് എതിരെയുണ്ടായ എതിര്‍പ്പ് ഇന്നത്തെ സമൂഹത്തിന്റെ നിഷേധചിന്തയുടെ ഫലമാണെന്നാണ് ഷെജൂട്ടി വാദിക്കുന്നത്. ഒരു പെണ്‍കുട്ടി പുരുഷനെ ചങ്ങലയ്ക്കിട്ടു കൊണ്ടുപോകുന്നത് അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ ഇന്നും സമൂഹം തയാറല്ല. സമൂഹത്തിന്റെ ഈ കാഴ്ചപ്പാടാണ് തങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചതെന്നും ഷെജൂട്ടി പറയുന്നു. ഷെയ്ഖ് ഹസീനയാണ് ഇപ്പോള്‍ ബംഗ്ലദേശിന്റെ പ്രധാനമന്ത്രി. ഹസീനയുടെ കീഴില്‍ രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യം വ്യാപകമായി ഹനിക്കപ്പെടുകയാണെന്ന പ്രചാരണത്തിനിടയില്‍തന്നെയാണ് പുതിയ സംഭവവും ഉണ്ടായിരിക്കുന്നത്. 

English Summary : Bangladesh artists sorry for dog-collar feminist stunt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com