ADVERTISEMENT

ആദ്യമായി ഒരു സെലിബ്രിറ്റിയെ പരിചയപ്പെട്ടതിനെക്കുറിച്ചും അദ്ദേഹത്തിന്റെ പെരുമാറ്റം മനസ്സു കവർന്നതിനെക്കുറിച്ചും മനസ്സു തുറക്കുകയാണ് ടെലിവിഷൻ താരം ഹിന ഖാൻ. മിനിസ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് ചുവടുറപ്പിക്കാനുള്ള ഒരുക്കത്തിലാണ് കക്ഷിയിപ്പോൾ. ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഹിനയെ പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞത്.

അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ബോളിവുഡിലെ കിങ്ഖാൻ ഷാരൂഖിനെ പരിചയപ്പെട്ടതി നെക്കുറിച്ചും ആദ്യ കാഴ്ചയിൽത്തന്നെ അദ്ദേഹം വാക്കുപാലിച്ചതിനെക്കുറിച്ചും ഹിന തുറന്നു പറഞ്ഞത്.

'' വിമാനയാത്രക്കിടെയാണ് അദ്ദേഹത്തെക്കണ്ടത്. ഞാനിപ്പോഴും ഓർക്കുന്നു. ഒരു ഫോട്ടോ എടുക്കാനുള്ള അനുവാദം ചോദിച്ചുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ സമീപിച്ചത്. വിമാനം ലാൻഡ് ചെയ്താലുടൻ എന്റെയൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാമെന്ന് അദ്ദേഹം വാക്കു നൽകി. വിമാനം ലാൻഡ് ചെയ്ത ശേഷം അദ്ദേഹം എന്റെയടുത്തെത്തി എനിയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. വളരെ എളിമയുള്ള മനുഷ്യനാണ് അദ്ദേഹം''.

ഇതാദ്യമായല്ല ഒരാൾ ഷാരൂഖ് ഖാന്റെ വിനയത്തെ പുകഴ്ത്തുന്നത്. പ്രശസ്തരുൾപ്പടെയുള്ളവർ‌ ഷാരൂഖാന്റെ എളിമയെയും എല്ലാവരെയും സ്വീകരിക്കാനുള്ള നല്ല മനസ്സിനെയും കുറിച്ച് പലവുരു പറഞ്ഞിട്ടുണ്ട്. കുടുംബത്തോടുള്ള കരുതലും പക്കാഫാമിലിമാനെന്ന ഇമേജും ഷാരൂഖിന്റെ ജനപ്രീതിക്ക് മറ്റൊരു കാരണമാണ്.

മാലിദ്വീപിൽ അവധിയാഘോഷിക്കാൻ പോയപ്പോഴെടുത്ത ചിത്രങ്ങളുടെ പേരിലാണ് അടുത്തിടെ ഹിന വാർത്തകളിലിടം പിടിച്ചത്. വിക്രം ഭട്ടിന്റെ ഹാക്ക്ഡ് എന്ന ചിത്രത്തിലൂടെയാണ് ഹിന ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നത്. എല്ലാക്കാര്യങ്ങളും വെർച്വൽ ലോകത്ത് പങ്കുവയ്ക്കുന്നത് അപകടമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് സൈബർ ആക്രമണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന ചിത്രമാണത്. 2020 ജനുവരി 31നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

English Summary :  Hina Khan Talks Abou First Meeting With The Superstar On a Flight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com