ADVERTISEMENT

ആസിഡ് ആക്രമണത്തിന്റെ ഇരയായ പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രത്തിലഭിനയിക്കാനും അത് നിർമിക്കാനും തീരുമാനിച്ചതിനെക്കുറിച്ച് ദീപിക പദുക്കോൺ. ഛാപക് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോടു സംസാരിക്കവേയാണ് താരം മനസ്സു തുറന്നത്.

'' ഞാൻ ഈ ചിത്രത്തിൽ അഭിനയിക്കാനും അതു നിർമ്മിക്കാനും തീരുമാനിച്ചത് എത്രത്തോളം ആളുകളിലേക്ക് ഈ സ്റ്റോറി എത്തുന്നുവോ അത്രത്തോളം അത് സമൂഹത്തിന്, രാജ്യത്തിന്, ഈ ലോകത്തിന് ഗുണം ചെയ്യും എന്നതുകൊണ്ടു കൂടിയാണ്. ലക്ഷ്മിയും അവളെപ്പോലെയുള്ള മറ്റ് ആസിഡ് ആക്രമണത്തിന്റെ ഇരകളും നമ്മെ എത്രമാത്രം പ്രചേോദിപ്പിക്കുന്നുണ്ട് എന്നതൊക്കെ വളരെ പ്രധാനപ്പെട്ടതാണ്. അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടും അവർ എങ്ങനെ അവരുടെ ജീവിതത്തെ കൊണ്ടുപോകുന്നു എന്നാണ് ഈ ചിത്രത്തിലൂടെ ഞാൻ അഭിനയിച്ചു കാണിക്കുന്നത്.

ആസിഡ് ആക്രമണ ഇരകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തെക്കുറിച്ച് പറയുകയാണെങ്കിൽ മറ്റുള്ളവരെപ്പോലെ തുല്യരായി അവരെ കാണാൻ സമൂഹം തയാറാകുന്നില്ല എന്ന് പറയേണ്ടി വരും. എന്തോ കുറവുകളുള്ള ആളുകളായാണ് അവരെ സമൂഹം കാണുന്നത്. അവരുടെ ജീവിതം നമ്മുടേതിൽ നിന്ന് വ്യത്യസ്തമല്ല. അതുകൊണ്ടു തന്നെ നമ്മളിലൊരാളായിത്തന്നെ അവരെ പരിഗണിക്കാൻ‌ നമ്മൾ ശീലിക്കണം. അവർക്ക് സിംപതി ആവശ്യമില്ല. തുല്യപരിഗണനയാണ് ആവശ്യം. അത് അവരെ സംബന്ധിച്ച് വളരെ പ്രധാനമാണ്.

സാമൂഹിക പ്രസക്തിയുള്ള ഒന്നിലധികം വിഷയങ്ങൾ ചിത്രം പറയാൻ ശ്രമിച്ചിട്ടുണ്ടെന്നും. യഥാർഥ ജീവിതത്തിൽ ലക്ഷ്മി അഗർവാൾ എന്ന പെൺകുട്ടിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്നും ദീപിക പറയുന്നു. 15–ാം വയസ്സിലാണ് ലക്ഷ്മി ആസിഡ് ആക്രമണത്തിന് ഇരയായത്. അവളുടെ ഇരട്ടി പ്രായമുള്ള പുരുഷന്റെ പ്രണയാഭ്യർഥന നിരസിച്ചതിന്റെ പ്രതികാരമെന്നോണമാണ് അയാൾ ലക്ഷ്മിയുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്. 2005 ൽ നടന്ന ആ സംഭവത്തിനു ശേഷം നിരവധി ശസ്ത്രക്രിയകളിലൂടെ ലക്‌ഷ്മിക്ക് കടന്നു പോകേണ്ടി വന്നു. തന്നെപ്പോലെ ആസിഡ് ആക്രമണത്തിന് വിധേയരായ സ്ത്രീകൾക്കുവേണ്ടിയാണ് ലക്ഷ്മി പിന്നീട് തന്റെ ജീവിതം ഉഴിഞ്ഞു വച്ചത്. ആസിഡ് ആക്രണത്തിനെതിരെ ക്യാംപെയിനുകൾ നടത്തുന്ന ലക്ഷ്മി. ആസിഡ് ആക്രമണക്കേസുകളിലെ പ്രതികൾക്ക് അവരർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാൻ പ്രയത്നിക്കുകയും ചെയ്യുന്നുണ്ട്. ലക്ഷ്മിയുടെ ജീവിതത്തെയും പോരാട്ടങ്ങളെയുമാണ് അഭ്രപാളിയിൽ ദീപിക അവതരിപ്പിച്ചത്.

English Summary :  Deepika Padukone talks about Acid Attack Survivors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com