sections
MORE

തെറ്റായ രോഗനിർണയം; കീമോ തെറാപ്പിയ്ക്കും, സ്തന ശസ്ത്രക്രിയയ്ക്കും വിധേയയായി യുവതി, ദുരനുഭവം

Sarah Boyle. Photo Credit : SWNS:South West News Service
സാറ
SHARE

25–ാം വയസ്സിലാണ് സ്തനാർബുദമാണെന്ന രോഗനിർണ്ണയത്തെത്തുടർന്ന് യുവതിക്ക് സ്തനങ്ങൾ നീക്കം ചെയ്യേണ്ടി വന്നതും, കീമോതെറാപ്പിക്ക് വിധേയയാകേണ്ടി വന്നതും. പക്ഷേ രോഗനിർണ്ണയം തെറ്റാണെന്ന് അവർ അറിഞ്ഞത് ചികിൽസ തുടർന്ന് ഒരു വർഷം കൂടി പിന്നിട്ട ശേഷമാണ്. ഇംഗ്ലണ്ടിലെ സാറ ബോയ്‌‌ലി എന്ന യുവതിയാണ് തന്റെ ദുരനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

തുടർച്ചയായി കീമോതെറാപ്പിക്ക് വിധേയയായി, ശസ്ത്രക്രിയകളിലൂടെ രണ്ട് സ്തനങ്ങളും നീക്കം ചെയ്ത് ഒരു വർഷത്തോളം കഴിഞ്ഞപ്പോഴാണ് തന്റെ ബയോപ്സി റിസൽട്ട് തെറ്റായി വ്യഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും തനിക്ക് സ്തനാർബുദമില്ലെന്നും സാറ മനസ്സിലാക്കിയത്. ഡോക്ടർമാർ തെറ്റായി രോഗനിർണ്ണയം നടത്തിയതിനെത്തുടർന്ന് തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ സാറ പറയുന്നതിങ്ങനെ :-

''2016 ലാണ് ബയോപ്സി റിസൽട്ട് കണ്ട് എനിക്ക് ബ്രസ്റ്റ് കാൻസർ ആണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്. തുടർന്ന് കീമോതെറാപ്പി തുടർച്ചയായി ചെയ്തു. രണ്ടു സ്തനങ്ങളും നീക്കം ചെയ്യുകയും ചെയ്തു. പക്ഷേ 2017 ൽ റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോക്ടർമാരാണ് സാറയുടെ രോഗനിർണ്ണയം തെറ്റായിരുന്നുവെന്ന് കണ്ടെത്തിയത്. 25 വയസ്സിലാണ് സാറ തെറ്റായ രോഗനിർണ്ണയത്തെത്തുടർന്ന് പലതവണ ശസ്ത്രക്രിയയ്ക്ക് വിധേയയായത്''. 

കാൻസർ ചികിൽസ അനപത്യതയ്ക്കു കാരണമാകുമെന്നു ഡോക്ടർമാർ തുടക്കത്തിൽ പറഞ്ഞിരുന്നുവെന്നും സാറ പറയുന്നു. ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം ഇംഗ്ലണ്ടിലെ സ്റ്റോക്ക് ഓൺ ട്രെന്റിലാണ് താമസമെന്നും സാറ പറയുന്നു. 7 വയസ്സുകാരൻ റ്റെഡി, 13 മാസം പ്രായമുള്ള ലൂയിസ് എന്നിങ്ങനെ രണ്ടു മക്കളാണ് സാറ–സ്റ്റീവൻ ദമ്പതികൾക്കുള്ളത്. രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തോടെയാണ് തനിക്ക് കാൻസർ രോഗമാണെന്ന് ഡോക്ടർമാർ തെറ്റായ രോഗനിർണ്ണയം നടത്തിയതെന്നും സാറ പറയുന്നു.

'' എനിക്കെന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ എനിക്കിപ്പോഴും അറിയില്ല. ആ ഒരു പ്രായത്തിൽ കാൻസർ ആണെന്ന് കേട്ടപ്പോൾ അത് വളരെ അസാധാരണമായാണ് എനിക്ക് അനുഭവപ്പെട്ടത്. ചികിൽസയുടെ ഭീകര ദിനങ്ങൾ കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടപ്പോൾ ഒരു രോഗവുമില്ലെന്ന് തിരിച്ചറിയുക. ശാരീരിക വിഷമതകളേക്കാൾ എന്നെ  അലട്ടിയത് മാനസിക വിഷമങ്ങളായിരുന്നു. തെറ്റായ രോഗനിർണ്ണയം ചെയ്യുന്നവർ ആളുകളുടെ ജീവൻ വച്ചാണ് കളിക്കുന്നത്. ചിലർ ഭാഗ്യംകൊണ്ടു രക്ഷപെടുന്നു എന്നുമാത്രം. തെറ്റായ രോഗനിർണ്ണയം കാരണം ചികിൽസകൾക്ക് വിധേയരാകുന്നവരെയും അവരുടെ കുടുംബത്തെയും ചികിൽസയുടെ അനന്തരഫലത്തെക്കുറിച്ച്ബോധവൽക്കരണം നടത്തേണ്ടത് അത്യാവശ്യമാണ്.

ഇത്തരം അബദ്ധങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ ആശുപത്രികളിൽ നിർമിത ബുദ്ധി ( ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്) പോലെയുള്ള സാങ്കേതിക വിദ്യകൾ കൊണ്ടുവരണം. തെറ്റായ രോഗനിർണ്ണയം നടത്തിയ ആശുപത്രിക്കെതിരെ നിയമ നടപടികൾക്കൊരുങ്ങുകയാണ്''- സാറ പറയുന്നു.

'സാറ കടുത്ത മാനസിക ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നു പോയത്. അസുഖമില്ലാതെ ചികിൽസയ്ക്കു വിധേയയാകേണ്ടി വന്നതിന്റെ അനന്തര ഫലങ്ങൾ വെറെയുമുണ്ടാകും. ഒരിക്കലും സാങ്കേതിക വിദ്യ മനുഷ്യർക്ക് പകരമാവില്ല. പക്ഷേ മെഡിക്കൽ രംഗത്തെ കുറച്ചുകൂടി മികച്ച രീതിയിൽ സഹായിക്കാനതിനാകും'. - സാറയുടെഅഭിഭാഷക പറയുന്നു.

തെറ്റായ രോഗനിർണ്ണയം നടത്തി സാറയെ ചികിൽസിച്ച ആശുപത്രി അധികൃതർ ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണമിങ്ങനെ :- 

'' വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ് തെറ്റായ രോഗ നിർണ്ണയം. സാറയെയും കുടുംബത്തെയും അതെത്രത്തോളം തകർത്തു കളഞ്ഞെന്ന് ഞങ്ങൾക്ക് നന്നായറിയാം. ഈ സംഭവത്തിൽ നിർവ്യാജം ഖേദിക്കുകയും സാറ നൽകിയ പരാതിയിൻമേലുള്ള അന്വേഷണത്തിൽ പൂർണ്ണമായും സഹകരിക്കുകയും ചെയ്യും. തെറ്റായ റിപ്പോർട്ട് ഒരു ഹ്യൂമൻ എററാണ്. ഇപ്പോൾ കാൻസർ സംബന്ധിയായ വിഷയങ്ങളിൽ ഒരു സെക്കന്റ് പതോളജിസ്റ്റിന്റെ അഭിപ്രായം കൂടി തേടാറുണ്ട്. സാറയുമായി തുടർന്നും ബന്ധം തുടരും. ചികിൽസ സംബന്ധിച്ച എന്തു സംശയങ്ങൾക്കും എല്ലായ്പ്പോഴും സാറയെ ചികിൽസിച്ച മെഡിക്കൽ ടീമിന്റെ സേവനവും സഹായയവും സാറയ്ക്കുണ്ടാകും.''- കമ്പനി വക്താവ് പറയുന്നു.

English Summary :  Woman has double mastectomy and chemo before docs admit they misdiagnosed  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA