sections
MORE

അവസരങ്ങൾ ചോദിക്കുന്നതിനെ അഹങ്കാരമായി കരുതുന്നവർ; വെളിപ്പെടുത്തലുമായി നടി

Sumona Chakravarti
സുമോണ ചക്രവർത്തി
SHARE

കരിയറിൽ മികച്ച അവസരങ്ങൾ തേടിയെത്തണമെങ്കിൽ നല്ല അഭിനയം മാത്രം കാഴ്ചവച്ചാൽപ്പോരെന്നും ഇൻഡസ്ട്രിയിൽ ഇപ്പോഴും ലൈവ് ആയി നിൽക്കുന്നുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുക കൂടി വേണമെന്നും പറയുകയാണ് ടെലിവിഷൻ–സിനിമാ താരമായ സുമോണ ചക്രവർത്തി. താനെന്ന അഭിനേത്രി ഇവിടെയുണ്ടെന്ന കാര്യം പോലും പലരും മറന്ന മട്ടാണെങ്കിലും അത് തന്റെ പബ്ലിക് റിലേഷൻ വർക്കിന്റെ അപര്യാപ്തത കൊണ്ടാണെന്നും താരം തുറന്നു സമ്മതിക്കുന്നു. താൻ ആഗ്രഹിക്കുന്ന പോലെയുള്ള വേഷങ്ങളൊന്നും ലഭിക്കുന്നില്ലെന്ന പരാതിയും കക്ഷിക്കുണ്ട്. 

2014 ൽ സൽമാൻ ഖാൻ അഭിനയിച്ച ക്വിക്ക് എന്ന ചിത്രത്തിലാണ് ഇവർ ഒടുവിൽ അഭിനയിച്ചത്. കപിൽ ശർമ്മ അവതരിപ്പിക്കുന്ന ഷോയിലാണ് കരിയറിൽ താൻ നേരിടുന്ന പ്രതിസന്ധിയെ പ്പറ്റിയും ഒരു അഭിനേത്രി എന്ന നിലയിലുള്ള അതൃപ്തിയെപ്പറ്റിയും അവർ മനസ്സു തുറന്നത്.

'' ഞാനത്ര സോഷ്യലൈസ് ഒന്നുമല്ല, പാർട്ടികളിലൊന്നും അങ്ങനെ പങ്കെടുക്കാറുമില്ല. ഷൂട്ടിങ് കഴിഞ്ഞാൽ വീട്ടിലിരിക്കാനോ, അല്ലെങ്കിൽ സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിക്കാനോ ആണ് എനിക്കേറെയിഷ്ടം. ഞാനെന്ന ഒരാൾ ഇവിടുണ്ടെന്നുവരെ പലരും മറന്ന മട്ടാണ്. പക്ഷേ ഒരു അഭിനേതാവായി തുടരണമെങ്കിൽ തീർച്ചയായും നിങ്ങൾ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കണം.''

ആഗ്രഹിക്കുന്ന രീതിയിലുള്ള വേഷങ്ങൾ ലഭിക്കാത്തതിനെക്കുറിച്ചും സുമോണയ്ക്ക് ഏറെ പറയാനുണ്ട് :-

'' എനിക്കറിയാം. ഞാനൊരു അഹങ്കാരിയാണെന്നാണ് ആളുകളുടെ ധാരണ. ഒരുപാട് പ്രതിഫലമൊക്കെ വാങ്ങിക്കും എന്നൊക്കെയാണ് അവർ ധരിച്ചു വച്ചിരിക്കുന്നത്. പക്ഷേ, അത് സത്യമല്ല. ഒരു അഭിനേത്രി എന്ന നിലയിൽ ഞാനർഹിക്കുന്ന പ്രതിഫലമാണ് ഞാൻ ആവശ്യപ്പെടുന്നത്. നല്ല പ്രൊജക്റ്റുകൾ വരുകയാണെങ്കിൽ പ്രതിഫലത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഞാൻ തയാറാണ്. എന്റെ പബ്ലിക് റിലേഷൻ ജോലികൾ പ്രതീക്ഷിച്ചത്ര ഉയരുന്നില്ല. ഞാനത് തിരിച്ചറിഞ്ഞപ്പോൾ കുറച്ചു വൈകിപ്പോയി. ഇപ്പോൾ എന്റെ സമീപനത്തിൽ മാറ്റം വരുത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ആളുകളെ മീറ്റ് ചെയ്യാനും, ഫോണ്‍ ചെയ്യാനും, മെസേജ് അയയ്ക്കാനും ഒക്കെ ശ്രമിക്കുന്നുണ്ട്. അതുവഴിഅവസരങ്ങൾ ചോദിക്കാനും. അവസരങ്ങൾ ചോദിക്കുന്നതിൽ നാണക്കേടൊന്നുമില്ലെന്ന് ഞാനിപ്പോഴാണ് മനസ്സിലാക്കിയത്. മുൻപൊക്കെ ഞാൻ കരുതിയിരുന്നത് നമ്മൾ നമ്മുടെ ജോലിചെയ്താൽ മാത്രം മതി ബാക്കിയെല്ലാം നമ്മളെ തേടിവരുമെന്നാണ്. പക്ഷേ നന്നായി ജോലിചെയ്താൽ മാത്രം പോര എന്ന് ഇപ്പോൾ മനസ്സിലാകുന്നുണ്ട്''. – സുമോണ വിശദീകരിക്കുന്നു.

റൊമാൻസ് സ്റ്റോറീസിനേക്കാൾ ഡാർക്ക് സ്റ്റോറീസ് ആണ് തന്നെ മോഹിപ്പിക്കുന്നതെന്നും ഒരു സൈക്കോ കഥാപാത്രമോ, പൊലീസ് അല്ലെങ്കിൽ ഇൻവെസ്റ്റിഗേഷൻ ഓഫിസറുടെ കഥാപാത്രമോ അഭിനയിക്കാൻ സാധിച്ചിരുന്നെങ്കിൽ നന്നായിരുന്നേനേം എന്ന്  ചിലപ്പോൾ ആഗ്രഹിക്കാറുണ്ടെന്നും അവർ പറയുന്നു.

English Summary : I feel people think I’m arrogant, will ask for heavy remuneration  Says Sumona Chakravarti

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA