ADVERTISEMENT

കൊടുക്കൽ വാങ്ങലുകൾ നടക്കുന്ന ഒരു കച്ചവടമാണ് സിനിമയെന്ന് ബോളിവുഡ് താരം നീന ഗുപ്ത. സിനിമ ഒരു വ്യവസായമാണ്. അവിടെ നിലനിൽക്കണമെങ്കിൽ നിങ്ങൾ വില്‍ക്കാൻ തയാറാകണമെന്നും നീന ഗുപ്ത തുറന്നടിച്ചു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു നീനയുടെ പ്രതികരണം. ‘സാന്ത് കി ആങ്ഘ്’ എന്ന ചിത്രത്തില്‍ അവസരം ചോദിച്ച് സഹനിർമാതാവായ അനുരാഗ് കശ്യപിനെ വിളിച്ചപ്പോൾ ലഭിച്ച മറുപടി കേട്ട് താൻ അമ്പരന്നതായും നീന പറഞ്ഞു. 

‘ചിത്രത്തില്‍ പ്രായമുള്ള സ്ത്രീ കഥാപാത്രം ചെയ്യുന്നതിനായാണ് അനുരാഗ് കശ്യപിനെ വിളിച്ചത്. ഈ കഥാപാത്രം ചെയ്യാൻ തയാറാണെന്നു പറഞ്ഞു. പക്ഷേ, അപ്പോൾ എനിക്കു മനസിലായി , സിനിമാ മേഖല എന്നത് വ്യവസായമാണ്. നിങ്ങള്‍ക്കു വിൽക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ സിനിമയിൽ അവസരം ലഭിക്കും. അല്ലാത്തവർക്ക് അവസരങ്ങൾ നിഷേധിക്കപ്പെടും.’– നീന ഗുപ്ത പറഞ്ഞു.   

തന്റെ കഥാപാത്രത്തിനു വേണ്ടത് പ്രായമായ സ്ത്രീ ആണെന്നും എന്നാൽ ചിത്രത്തിനായി പണം മുടക്കുന്നവർക്ക് വേണ്ടത് യുവതികളെയാണെന്നും അനുരാഗ് കശ്യപ് അറിയിച്ചതായി നീന ഗുപ്ത വ്യക്തമാക്കി. ‘അതുകൊണ്ടാണ് ഈ മേഖല വ്യവസായമാണെന്നു പറയുന്നത്. വിൽക്കാനുണ്ടെങ്കിൽ നിങ്ങൾക്കു നേടാൻ കഴിയും.’– നീന ഗുപ്ത പറഞ്ഞു. 

‘സാന്ത് കി ആങ്ഘി’ന്റെ ട്രെയിലർ കഴിഞ്ഞ വർഷം റിലീസ് ചെയ്തപ്പോൾ തന്നെ പ്രസ്തുത കഥാപാത്രം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച സജീവമായിരുന്നു. എന്തുകൊണ്ട് പ്രായമായ വനിതകളെ ഈ കഥാപാത്രത്തിനായി തിരഞ്ഞെടുത്തില്ല എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയര്‍ന്ന ചോദ്യം. നീന ഗുപ്തയെ പോലുള്ളവർക്ക് ഈ കഥാപാത്രം നൽകാമായിരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. 

‘ഞാനും അതേപറ്റി ചിന്തിക്കുകയാണ്. എന്തുകൊണ്ട് ഈ കഥാപാത്രത്തിനായി ഷബാന ആസ്മിയെയോ ജയ ബച്ചനേയോ തിരഞ്ഞെടുത്തില്ല’ എന്ന് നീന ഗുപ്ത ട്വിറ്ററിൽ കുറിച്ചു. അതേസമയം, ആര് കഥാപാത്രം ചെയ്താലും അത് നന്നായി ചെയ്യുകയാണ് വേണ്ടതെന്ന മറുപടിയുമായി ചിത്രത്തിലെ നായിക തപ്സി പന്നുവും രംഗത്തെത്തി. 

English Summary: "When Anurag announced this film Saand Ki Aankh, I called him and said 'Ye role to mai kar sakti hu," Neena Gupta said in an interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com