sections
MORE

പ്ലാസ്റ്റിക് സർജറി; വേദന; ഇത് എന്റെ മുഖവും ജീവിതവുമാണ്; ബോൾഡായി പ്രതികരിച്ച് ശ്രുതി

shruti
SHARE

ബോഡി ഷെയിമിങ്ങിനെതിരെ ശ്രുതി ഹാസൻ. തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന അനുഭവങ്ങൾ താരം ആരാധകരുമായി പങ്കുവച്ചു. ഹോർമോൺ വ്യതിയാനം മൂലം ശാരീരികമായും മാനസികമായും വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. കഠിന പ്രയത്നത്തിലൂടെയാണ് ഈ വെല്ലുവിളികളെ നേരിട്ടത്. സ്വന്തം ശരീരത്തിന്റെ കാര്യത്തില്‍ മറ്റുള്ളവരുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കാറില്ല. വണ്ണംവച്ചെന്നും മെലിഞ്ഞു പോയെന്നും തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളെ തള്ളിക്കളയുകയാണ് ചെയ്യുന്നതെന്നും ശ്രുതി പറഞ്ഞു.

കഴിഞ്ഞ ദിവസം ശ്രുതി പോസ്റ്റ് ചെയ്ത ചിത്രത്തിന് വലിയ രീതിയിലുള്ള വിമർശനമാണ് ഉയർന്നത്. താരത്തിന്റെ മൂക്കും, ചുണ്ടും പ്ലാസ്റ്റിക് സർജറി നടത്തിയതാണെന്ന തരത്തിലുള്ള പരിഹാസങ്ങളും ട്രോളുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇത്തരം വിമർശകർക്ക് മൂന്നു ദിവസത്തിനിടെയുള്ള തന്റെ രണ്ടു ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്താണ് ശ്രുതിയുടെ മറുപടി. താൻ പ്ലാസ്റ്റിക് സർജറി നടത്തിയിട്ടുണ്ടെന്നും ശ്രുതി ഹാസൻ സമൂഹമാധ്യമത്തിൽ കുറിച്ചു. 

ശ്രുതി ഹാസന്റെ പോസ്റ്റിന്റെ സംക്ഷിപ്ത രൂപം. 

മുൻപോസ്റ്റിനു മറുപടിയായി ഈ പോസ്റ്റ് കാണണം. എന്തുകൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റ് എന്ന് അറിയണം. അവൾ വണ്ണം കൂടി, മെലിഞ്ഞു എന്നിങ്ങനെയുള്ള മറ്റുള്ളവരുടെ അഭിപ്രായ പ്രകടനങ്ങൾ ഞാൻ മുഖവിലയ്ക്കെടുക്കാറില്ല. പക്ഷേ, ഇപ്പോൾ ചിലകാര്യങ്ങൾക്കു മറുപടി പറയണം എന്നു  തോന്നി. ഈ രണ്ടു ചിത്രങ്ങളും മൂന്നു ദിവസങ്ങൾക്കകം എടുത്തതാണ്. ഞാൻ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ സ്ത്രീകൾക്ക് കൃത്യമായും മനസിലാകും. ഹോർമോണുകളുടെ കരുണകൊണ്ടാണ് ശാരീരികമായും മാനസികമായും ഞാൻ നിലനിൽക്കുന്നത്.

വർഷങ്ങളോളം നീണ്ട പരിശ്രമത്തിനു ശേഷമാണ് ഹോർമോണുകളുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കാൻ എനിക്കു സാധിച്ചത്. അത് അത്ര എളുപ്പമല്ല. ആ വേദനയും ശരീരവുമായുള്ള ഹോര്‍മോണുകളുടെ പൊരുത്തപ്പെടലും എളുപ്പമല്ല. പക്ഷേ, നിങ്ങൾ കാണുന്നത് എളുപ്പത്തിൽ നീങ്ങുന്ന എന്റെ ജീവിതം മാത്രമാണ്. മറ്റൊരാളെ വിലയിരുത്താനും വിധിക്കാനുമുള്ള  അധികാരം  ഈ ലോകത്തിൽ ആർക്കും ഇല്ല. ഇത് എന്റെ ജീവിതമാണ്. എന്റെ മുഖമാണ്. അതു നിങ്ങളെ കാണിക്കുന്നതിൽ ഞാൻ സന്തുഷ്ടയാണ്.

ഞാൻ പ്ലാസ്റ്റിക് സർജറിക്ക് വിധേയയായിരുന്നു. അത് സമ്മതിക്കാൻ എനിക്ക് യാതൊരു മടിയും ഇല്ല. ഞാൻ എപ്പോഴെങ്കിലും അത് നിരസിച്ചിട്ടുണ്ടോ? ഇല്ല. ഞാൻ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് ഞാൻ തന്നെയാണ്. നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും മാറ്റങ്ങൾ സ്വയം അംഗീകരിക്കുക എന്നതു വലിയ കാര്യമാണ്. മറ്റുള്ളവരുടെ കാര്യതത്തിലും അത് അങ്ങനെതന്നെ. സ്നേഹം നൽകൂ. നമുക്ക് ഈ ജീവിതം മനോഹരമാക്കാം. ഓരോ ദിവസവും എന്നെ കൂടുതൽ സ്നേഹിക്കാൻ  പഠിക്കുകയാണ് ഞാൻ. എന്റെ ജീവിതത്തെ ഞാൻ പ്രണയിക്കുകയും ചെയ്യുന്നു. നിങ്ങൾക്കും അതിന് സാധിക്കെട്ട...!

English Summary: "This Is My Life, My Face": Shruti Haasan On Body Shaming, Plastic Surgery And Hormonal Pain

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA