ADVERTISEMENT

മെഡിക്കല്‍ ബിരുദമുള്ളവര്‍ ഏതു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും ഇപ്പോള്‍ ഒരൊറ്റ ലക്ഷ്യത്തിലേക്ക് മനസ്സ് കേന്ദ്രീകരിക്കേണ്ട സമയമാണ്. രാജ്യം അത്തരമൊരു അവസ്ഥയിലാണ്. ഓരോ ദിവസവും കൂടുന്ന കോവിഡ് കേസുകള്‍. മരണങ്ങള്‍. ലോക്ഡൗണ്‍. വൈദ്യസഹായത്തിനുവേണ്ടിയുള്ള നിലയ്ക്കാത്ത സഹായ അഭ്യര്‍ഥനകള്‍. ഇതിന്റെയെല്ലാം പ്രാധാന്യം മനസ്സിലാക്കി ഒരു ബോളിവുഡ് നടി ആരോഗ്യമേഖലയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ആശുപത്രിയിലേക്ക്. നഴ്സ് ആയി ജോലി ചെയ്യാന്‍. നടി ശിഖ മല്‍ഹോത്രയാണ് കോവിഡ് കാലത്ത് അപൂര്‍വ മാതൃകയുമായി ശ്രദ്ധേയയാകുന്നത്.  

‘ഫാന്‍’ എന്ന ഷാറൂഖ് ഖാന്‍ സിനിമയില്‍ അഭിനയിച്ചിട്ടുള്ള ശിഖ മുംബൈയിലെ ഒരു ആശുപത്രിയിലാണ് നഴ്സ് ആയി ജോലി ചെയ്യാന്‍ സന്നദ്ധയായി മുന്നോട്ടുവന്നിരിക്കുന്നത്. കോവിഡ് ബാധിച്ച രോഗികള്‍ ഏറ്റവും കൂടുതലുള്ളത് ഇപ്പോള്‍ മഹാരാഷ്ട്രയിലാണ്. സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് സംസ്ഥാനം രോഗത്തിനെതിരായ ചെറുത്തുനില്‍പ് കര്‍ശനമാക്കിയിരിക്കുകയാണ്.

കോവിഡ് രോഗികളെ സഹായിക്കാനുള്ള തീരുമാനം ഞാന്‍ വ്യക്തിപരമായി എടുത്തതാണ്- ഡല്‍ഹി വര്‍ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളജില്‍ നിന്നു ബിരുദമെടുത്ത്, സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ജോലി ചെയ്തിട്ടുള്ള  ശിഖ പറയുന്നു. 

രാജ്യത്തെ സേവിക്കാന്‍ ഞാന്‍ എന്നും തയാറാണ്. ഒരു നഴ്സ് ആയിട്ടാണെങ്കില്‍ അങ്ങനെ. നടിയായിട്ടാണെങ്കില്‍ അങ്ങനെ. രാജ്യം എന്ത് ആവശ്യപ്പെടുന്നോ അതാണ് എന്റെയും മനസ്സില്‍. എന്നെ അനുഗ്രഹിക്കൂ. എല്ലാവരും വീട്ടില്‍തന്നെ ഇരിക്കുക. സുരക്ഷിതരായിരിക്കുക. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക- ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റില്‍ ശിഖ പറയുന്നു.

കോവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ മെഡിക്കല്‍ ബിരുദമുള്ള എല്ലാവരും ഒരു മനസ്സോടെ രംഗത്തുവരണമെന്നും നടി അഭ്യര്‍ഥിച്ചു. മുംബൈ ജോഗേശ്വരിയില്‍ ബാലാസാഹെബ് താക്കറെ ട്രോമ സെന്ററിലും ശിഖ ജോലി ചെയ്യുന്നുണ്ട്. സഞ്ജയ് ശര്‍മയ്ക്കൊപ്പം ‘കാഞ്ച്‍ലി’ എന്ന ചിത്രത്തിലും ശിഖ അഭിനയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ചിത്രം റിലീസ് ചെയ്തത്.

ഇക്കഴിഞ്ഞ ‘മന്‍കിബാത്’ റേഡിയോ പ്രഭാഷണത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ  സേവനങ്ങള്‍ എടുത്തുപറഞ്ഞിരുന്നു. സമര്‍പ്പിത സേവനം നടത്തുന്നവര്‍ക്ക് ഇന്‍ഷുറന്‍സും പ്രഖ്യാപിച്ചു.

English Summary: "Always There To Serve Country": Actor Turns Nurse To Fight COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com