ADVERTISEMENT

സിനിമാ സെറ്റുകളും തിയറ്ററുകളും നിശ്ചലമായ ലോക്ഡൗണ്‍ കാലം തന്റെ കന്നി സംവിധാന സംരംഭത്തിനു തുടക്കം കുറിക്കാന്‍ തിരഞ്ഞെടുത്തിരിക്കുകയാണ് ശ്രേയ ധന്വന്തരി. ‘ദ് ഫാമിലി മാനി’ലൂടെ പ്രശസ്തയായ താരം. മൈക്രോ സിരീസുമായാണ് താരത്തിന്റെ വരവ്. പേര്- ‘എ വൈറല്‍ വെഡ്ഡിങ്’. ഇങ്ങനെയൊരു സിരീസ് ഇപ്പോള്‍ ഒരുക്കാനുള്ള കാരണവും ശ്രേയ വ്യക്തമാക്കുന്നുണ്ട്- അതു ലോക്ഡൗണ്‍ തന്നെ. 

കഴിഞ്ഞ വര്‍ഷമാണ് അഭിനയ രംഗത്ത് ശ്രേയ ചുവട് വച്ചത്. ഇമ്രാന്‍ ഹാഷ്മിക്കൊപ്പം അഭനിയിച്ച വൈ ചീറ്റ് ഇന്ത്യ എന്ന സിനിമയിലൂടെ. പെട്ടെന്നുതന്നെ ആമസോണിന്റെ വെബ് സിരീസ് ‘ദ് ഫാമിലി മാനി’ലുമെത്തി. അതു പ്രശസ്തിയിലേക്കുള്ള ചവിട്ടുപടിയുമായി. ഛായാഗ്രാഹകനും പബ്ലിസിറ്റി ഫൊട്ടോഗ്രഫറുമായ പ്രഥാ നാരംഗിനൊപ്പമാണ് ശ്രേയയുടെ സംവിധാന സംരംഭം. ഫാമിലി മാനിന്റെ അണിയറ ശില്‍പികളായ രാജ് നിദിമൊരു, കൃഷ്ണ ഡി.കെ. എന്നിവരുടെ പിന്തുണയുമുണ്ട്. 

ലോക്ഡൗണ്‍ കാലത്ത് ചിത്രീകരിച്ച, എഡിറ്റ് ചെയ്ത ഭാവനയില്‍ കണ്ട ഇന്ത്യയിലെ ആദ്യത്തെ മൈക്രോ സിരീസാണ് വൈറല്‍ വെഡ്ഡിങ് എന്നാണ് ശ്രേയ അവകാശപ്പെടുന്നത്. വീട്ടില്‍നിന്നുണ്ടായ ആശയം വീട്ടില്‍വച്ചു തന്നെ ചിത്രീകരിച്ച് വീടുകളെത്തിക്കുന്നു. പുറത്തു നിന്നുള്ള ഉപകരണങ്ങളൊന്നും ചിത്രീകരണത്തില്‍ ഉപയോച്ചിട്ടില്ലേയില്ല. ഇതു പൂര്‍ണമായും ഹോം മെഡ് ആണ്. നൂറു ശതമാനം വീട്ടുസിരീസ്. ഇതിന്റെ ഓരോ രംഗവും ആ അനുഭവം കാഴ്ചക്കാര്‍ക്ക് പകരുകയും ചെയ്യും- ആത്മവിശ്വാസത്തോടെ ശ്രേയ പറയുന്നു. 

കഥ പറയുന്നതില്‍ പുതിയ സങ്കേതങ്ങള്‍ പരീക്ഷിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് ഫാമിലി മാന്‍ സംവിധായകന്‍ രാജ് ആണെന്നു പറയുന്നു ശ്രേയ. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്നത് വളരെ നല്ല അനുഭവമാണെന്നും. ഇപ്പോഴത്തെ സാഹചര്യം ആരും പ്രതീക്ഷിച്ചതല്ല. ഈ നിശ്ചലത. ഒരു രാജ്യമല്ല. ലോകമാകെത്തന്നെ. ഈ ആശയത്തില്‍ നിന്നാണ് എന്റെ സിരീസിന്റെയും തുടക്കം. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്നു കഥ മെനയാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അതു ഗൗരവമായല്ല പറയുന്നത്. തമാശയിലൂടെ കാര്യം പറയാനാണ് ശ്രമിച്ചിരിക്കുന്നത്- ശ്രേയ പറയുന്നു. 

സമൂഹ മാധ്യമങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന ഒരാളുടെ കഥയാണ് വൈറല്‍ വെഡ്ഡിങ് പറയുന്നത്. പ്രധാന കഥാപാത്രത്തിന്റെ റോളില്‍ എത്തുന്നത് ശ്രേയ തന്നെ. ലോക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും വിവാഹം റദ്ദാക്കാന്‍ ആ യുവതി തയാറാകുന്നില്ല. അതിനെത്തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളാണ് നര്‍മരസത്തില്‍ പറയുന്നത്. വിവാഹ ദിവസം രാവിലെയാണ് കഥ തുടങ്ങുന്നത്. വിവാഹം നടക്കുമോ ഇല്ലയോ എന്നതാണ് സസ്പെന്‍സ്. വൈറല്‍ വെഡ്ഡിങ് കണ്ടുകഴിയുമ്പോള്‍ പ്രേക്ഷകന്റെ മുഖത്ത് ചിരി വിരയുമെന്നാണ് ശ്രേയ അവകാശപ്പെടുന്നത്. 

അമോല്‍ പരാശര്‍, സണ്ണി ഹിന്ദുജ, ഐശ്വര്യ ചൗധരി, അരിട്രോ എന്നിവരും സിരീസില്‍ അഭിനിയിച്ചിട്ടുണ്ട്. ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു. അവസാന മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്ത ആഴ്ച തന്നെ റിലീസ് ചെയ്യാനാവുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. ലോക് ഡൗണ്‍ കാലത്ത് ലോക്ഡൗണിനെ പശ്ചാത്തലമാക്കി ചെയ്ത സിരീസ് ലോക്ഡൗണ്‍ കഴിയുന്നതിനുമുന്‍പു തന്നെ പുറത്തെത്തുന്നു. 

English Summary: The Family Man's Shreya Dhanwanthary to direct micro-series A Viral Wedding: Made In Lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com