ADVERTISEMENT

സ്വന്തം ജീവൻ പോലും പണയം വച്ച് കോവിഡ്–19 രോഗികളെ പരിചരിക്കുകയാണ് ആരോഗ്യ പ്രവർത്തകർ. പലരും ഉറ്റവരെ പോലും  കണ്ടിട്ട് കാലമേറെയായിരിക്കുന്നു. അത്തരത്തിൽ വീട്ടിൽ പോകാനായി കാത്തിരുന്ന വനിത ഡോക്ടര്‍ തന്റെ അനുഭവം പങ്കുവയ്ക്കുകയാണ് ഹ്യൂമൻസ് ഓഫ് മുംബൈ എന്ന ഫെയ്സ് ബുക്ക് പേജിലൂടെ. അടുത്തിടെ വിവാഹിതയായ ഡോക്ടർ നാലുമാസത്തോളമായി അവധിയെടുക്കാതെ ജോലി ചെയ്യുകയായിരുന്നു. വീട്ടുകാർ തിരികെ വരാൻ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ ജോലിയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. കോറോണ വാർഡിൽ ഒറ്റപ്പെട്ടു കഴിയുന്ന രോഗികളുടെ കണ്ടതോടെ തന്റെ തീരുമാനം തെറ്റിയില്ലെന്നു തെളിഞ്ഞെന്നും അവർ കുറിപ്പിലൂടെ വ്യക്തമായി. 

ഡോക്ടറുടെ കുറിപ്പിന്റെ സംക്ഷിപ്ത രൂപം. 

ഞാൻ ഒരു ഡോക്ടറാണ്. ഒരു വശത്ത് ക്ഷേത്രവും മറുവശത്ത് ആശുപത്രിയുമുള്ള ഹോസ്റ്റലിലാണ് താമസം. അമ്പലത്തിൽ നിന്നും പ്രാർഥനയ്ക്കു ശേഷം മണിയടിക്കുന്ന ശബ്ദമോ ആംബുലൻസിന്റെ ശബ്ദമോ കേട്ടാണ് എല്ലാ ദിവസവും രാവിലെ ഉണരുന്നത്. കോവിഡ് തുടങ്ങിയതോടെ രണ്ടാമത്തെ ശബ്ദമായി കൂടുതൽ കേൾക്കുന്നത്. കൊറോണ കേസുകളുടെ എണ്ണം പെരുകിത്തുടങ്ങി. ആശുപത്രിയിലെ മിക്ക ഡിപ്പാർട്ട്മെന്റുകളും കൊറോണ വാർഡുകളാക്കി മാറ്റി. ഇതേകുറിച്ച് അറിഞ്ഞപ്പോൾ ഭർത്താവും മാതാപിതാക്കളും തിരിച്ചു വരണമെന്ന് ആവശ്യപ്പെട്ടു. വാർത്ത  കേട്ട് പേടിച്ചു  പോയ  അമ്മ ദിവസത്തിൽ അഞ്ചുതവണയൊക്കെ വിളിക്കാൻ  തുടങ്ങി. 

അടുത്തിടെയായിരുന്നു എന്റെ വിവാഹം. കഴിഞ്ഞ നാലുമാസമായി അവധി കൂട്ടിവച്ച്  ജോലിചെയ്യുകയായിരുന്നു. ഭർത്താവിനെ കണ്ടിട്ടും നാലുമാസമായി. അപ്പോഴും മനസ്സു മുഴുവൻ ഹിപ്പോക്രാറ്റിക് ശപഥമാണ്. മറ്റെന്തിനെക്കാളും വലുത് രോഗികളോടുള്ള നിങ്ങളുടെ കരുണയാണ്.’ ശരിക്കു പറഞ്ഞാൽ എനിക്ക് അൽപം ഭയമൊക്കെയുണ്ടായിരുന്നു. കാരണം ചികിത്സിക്കുമ്പോൾ ആരൊക്കെ പോസിറ്റീവ് ആണ്. ആരൊക്കെ വൈറസ്‌വാഹകരാണ് എന്നൊന്നും അറിയാൻ കഴിയില്ല. മാസ്ക് പോലും ഇല്ലാതെ പലരും വരും. ആസമയത്ത് ഒരാൾ പോസിറ്റീവാണെന്ന് അറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ബന്ധുക്കളെല്ലാം അവിടെ നിന്ന് പോയി. ക്വാറന്റീനിൽ കഴിയാൻ ഭയമാണെന്നു പറഞ്ഞാണ് അവർ പോയത്. പക്ഷേ, ഞങ്ങൾ അവരെ കണ്ടെത്തി ഐസലേഷനിൽ കഴിയണമെന്ന് ശാന്തമായി പറഞ്ഞു മനസ്സിലാക്കി. പ്രിയപ്പെട്ടവർക്കു മുന്നിൽ ഇങ്ങനെ മുഖംതിരിക്കുന്നത്  വേദനാജനകമാണ്. 

ചിലപ്പോഴൊക്കെ  ബന്ധുക്കൾ വിളിച്ച് അന്വേഷിക്കുക പോലുമില്ല. അടുത്തിടെ അറുപതുകാരനായ ഒരാൾ പനി ബാധിച്ച് ആശുപത്രിയിലെത്തി. ടെസ്റ്റിനു വിധേയനായി. റിസൾട്ട് വരുന്നതിനു മുൻപു തന്നെ അദ്ദേഹം പൊട്ടിക്കരഞ്ഞു കൊണ്ട്  പറഞ്ഞു. നോക്കാൻ  ആരുമില്ല. മക്കളെല്ലാം ഉപേക്ഷിച്ചു പോയി. അദ്ദേഹത്തെ നോക്കാൻ ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഒരുമാസത്തോളമായി ഞാൻ കൊറോണ ഡ്യൂട്ടിയിലലാണ്. എന്നാണ് തിരിച്ചു വരുന്നതെന്ന് ഇപ്പോഴും അമ്മ പേടിയോടെ ചോദിക്കും. ഇതെല്ലാം അവസാനിക്കുമ്പോൾ എന്നാണ് എന്റെ സ്ഥിരമായ മറുപടി. അതുവരെ പ്രതീക്ഷ നിലനിർത്തി ജീവിക്കണം. വീടിനു പുറത്തിറങ്ങുമ്പോൾ വൈറസ് ഇല്ലാത്ത പുതിയലോകമെന്ന പ്രതീക്ഷയോടെ... 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com