ADVERTISEMENT

കാലങ്ങളോളം താന്‍ ഓർമിക്കപ്പെടുമെന്ന് സാറ ഖാന് ഉറപ്പുണ്ട്. എന്നാല്‍ അതു വിവാദങ്ങളുടെ പേരില്‍ ആയിരിക്കരുത്. മറിച്ച് അഭിനയ ശേഷിയുടെ പേരിലായിരിക്കണം എന്നാണ് സാറ ആഗ്രഹിക്കുന്നത്. ടെലിവിഷന്‍ പരമ്പരകളിലൂടെ ഇന്ത്യയില്‍ ഏറ്റവും ശ്രദ്ധേയമായ താരങ്ങളിലൊരാളാണ് സാറ. 15-ാം വയസ്സില്‍ സാധ്ന എന്ന കഥാപാത്രത്തിലൂടെ ഒറ്റരാത്രി കൊണ്ടാണ് താര പദവിയിലേക്ക് കുതിച്ചുയര്‍ന്നത്. പിന്നീടിങ്ങോട്ട് ബിഗ് ബോസ് ഉള്‍പ്പെടെ എത്രയോ പരമ്പരകള്‍. ഓരോന്നും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നത്. എന്നാല്‍ വിവാദങ്ങള്‍ക്കും കുറവില്ല. 

അഭിനയത്തിനു പുറമെ പാട്ടെഴുത്തുമുണ്ട് സാറയ്ക്ക്. നന്നായി പാടിയും പേരെടുത്തിട്ടുണ്ട്. കൂടാതെ സംഗീത വിഡിയോകളുടെ നിര്‍മാണവുമുണ്ട്. ലോക് ഡൗണ്‍ കാലത്ത് പ്രധാനമായും വ്യത്യസ്ത ഭക്ഷണ വിഭവങ്ങള്‍ തയാറാക്കുന്ന തിരക്കിലായിരുന്നു സാറ. രുചി പരീക്ഷണങ്ങള്‍ക്കൊപ്പം സംഗീത വിഡിയോകളും തയാറാക്കി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.  ജെന്നിഫര്‍ ലോപസാണ് സാറയുടെ ഇഷ്ടഗായിക. 

ലോക് ഡൗണ്‍ കാലം സാറയുടെ പുനര്‍ജന്‍മം കൂടിയാണ്. അവര്‍ തകര്‍ത്തഭിനയിച്ച പല പരമ്പരകളും വീണ്ടും പ്രക്ഷേപണം ചെയ്തു. ബിദായ് പോലെയുള്ള പരമ്പരകള്‍ ഇപ്പോഴും ആയിരക്കണക്കിനു പ്രേക്ഷകരെ ആകര്‍ഷിക്കുന്നു എന്നത് ഒരു തിരിച്ചറിവായിരുന്നു. അതിന്റെ സന്തോഷത്തിലാണ് സാറ ഇപ്പോള്‍. സഹോദരിമാര്‍ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയായ ബിദായ് ഇന്നും കുടുംബപ്രേക്ഷകരാണ് കൂടുതലായി ഇഷ്ടപ്പെടുന്നത്. ടെലിവിഷന്‍ പരമ്പരകളുടെ സുവര്‍ണകാലത്താണ് സാറ സ്വന്തമായി ഒരു പേര് സൃഷ്ടിച്ചത്. പിന്നീട് ഇന്റര്‍നെറ്റ് വ്യാപകമായതോടെ ആര്‍ക്കും സമയമില്ലാതെയായി. വെബ് സിരീസുകളുടെ വരവും തുടങ്ങി. 

15-ാം വയസ്സില്‍ അഭിനയം തുടങ്ങിയ തനിക്ക് നേര്‍വഴി കാണിക്കാനോ നല്ല ഉപദേശങ്ങള്‍ തരാനോ ആരും ഉണ്ടായിരുന്നില്ലെന്നും സാറ പറയുന്നു. അങ്ങനെയാണ് ചില അബദ്ധങ്ങള്‍ സംഭവിച്ചത്. അത് പിന്നില്‍ ഉപേക്ഷിച്ചെങ്കിലും പലരും ഇപ്പോഴും അതേക്കുറിച്ച്് സംസാരിക്കുന്നു എന്നതാണ് സാറയെ വിഷമിപ്പിക്കുന്നത്. കഴിഞ്ഞതെല്ലാം കഴിഞ്ഞു എന്ന മനോഭാവത്തിലേക്ക് പലരും മാറുന്നില്ല. 

എന്നെ കാലം ഓര്‍മിക്കേണ്ടത് എന്റെ അഭിനയ ശേഷിയുടെ പേരിലായിരിക്കണം. അല്ലാതെ വിവാദങ്ങളുടെ പേരില്‍ ആയിരിക്കരുത്: സാറ പറയുന്നു. താന്‍ തെറ്റിധരിക്കപ്പെടുകയായിരുന്നു എന്നാണ് എപ്പോഴത്തെയും സാറയുടെ നിലപാട്. ചിലപ്പോഴൊക്കെ മാധ്യമങ്ങള്‍ സംഭവങ്ങള്‍ ഊതിവീര്‍പ്പിച്ചു എന്ന പരാതിയും അവര്‍ക്കുണ്ട്. 

തന്നെ വിമര്‍ശിച്ചവരോട് ദേഷ്യം തോന്നിയ ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവരോടും ക്ഷമിക്കാനും സഹിക്കാനും കഴിയുന്നു. മറ്റുള്ളവരെ മാറ്റാന്‍ നമുക്ക് കഴിയില്ല. നമുക്ക് ആകെ കഴിയുന്നത് നമ്മളില്‍ മാറ്റം കൊണ്ടുവരിക എന്നതു മാത്രമാണ്. അതിനുവേണ്ടിയാണ് ഇപ്പോഴത്തെ ശ്രമങ്ങള്‍: സാറ വ്യക്തമാക്കുന്നു. 

English Summary: Sara Khan: Want people to remember me for my work, not controversies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com