ADVERTISEMENT

അവസാനത്തെ കോവിഡ് രോഗിയും ആശുപത്രി വിട്ടതോടെ കോവിഡിനെ പടി കടത്തിയിരിക്കുകയാണ് ന്യൂസിലന്‍ഡ്. മഹാമാരിയെ തുരത്താന്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും രാജ്യം തിങ്കളാഴ്ച മുതല്‍ ഒഴിവാക്കി. ചരിത്രപരമായ നേട്ടത്തെ രാജ്യം ആവേശത്തോടെ സ്വീകരിച്ചതിനൊപ്പം പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനും ആവേശത്തില്‍ പങ്കാളിയായി. വീട്ടിലെ മുറിയില്‍ നൃത്തം ചെയ്തുകൊണ്ടാണ് താന്‍ കോവിഡ് മുക്ത വാര്‍ത്ത സ്വീകരിച്ചതെന്നാണ് പ്രധാമന്ത്രിയുടെ വെളിപ്പെടുത്തല്‍. 

രാജ്യത്തിന്റെ അതിര്‍ത്തികളിലായിരിക്കും ഇനി ശ്രദ്ധയെന്ന് ജസീന്ത അറിയിച്ചു. മറ്റൊരു രാജ്യത്തു നിന്നും ഇനി കോവിഡ് രോഗികള്‍ എത്താതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍, രാജ്യത്തിനക്ക് സാമൂഹിക അകലം ഉള്‍പ്പെടെയുള്ള ഒരു നിയന്ത്രണവും ഇനി ഉണ്ടായിരിക്കില്ല. പൊതു സ്ഥലത്തെ കൂട്ടായ്മകള്‍ക്കുള്ള നിയന്ത്രണങ്ങളും എടുത്തുമാറ്റി. 

ചരിത്രത്തില്‍ ഇന്നേവരെയില്ലാത്ത കൂട്ടായ്മയുടെ  കരുത്തിലാണ് കിവീസ് കോവിഡിനെ തുരത്തിയതെന്നാണ് പ്രധാന മന്ത്രി പറയുന്നത്. രോഗത്തെ പടികടത്താമെന്ന് ആദ്യം മുതലേ ആത്മവിശ്വാസമുണ്ടായിരുന്നു. അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുത്തത്. ഒടുവില്‍ വിജയം വരിച്ചപ്പോള്‍ സന്തോഷത്തേക്കാള്‍ ആശ്വാസമാണെന്നും ജെസീന്ത വ്യക്തമാക്കി. 

5 ദശലക്ഷത്തിലധികം ജനങ്ങളുള്ള ന്യൂസിലന്‍ഡില്‍ 22 പേരാണ് കോവിഡ് മൂലം മരിച്ചത്. 1154 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 17 ദിവസമായി ഒരു പുതിയ രോഗി പോലുമില്ല. അവസാനമായി ആശുപത്രി വിട്ട രോഗിയുടെ വിശദാശംങ്ങള്‍ സ്വകാര്യതയെ മാനിച്ച് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഓക്‍ലന്‍ഡിലെ ഒരു നഴ്സിങ് ഹോമിലെ 50 വയസ്സില്‍ അധികം പ്രായമുള്ള സ്ത്രീയാണ് ഒടുവില്‍ രോഗം മാറിയതെന്നാണ് റിപ്പോര്‍ട്ട്. 

ഏഴ് ആഴ്ചത്തെ കഠിനമായ ലോക്ഡൗണ്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്നു. അക്കാലത്ത് ജനങ്ങള്‍ വലിയ ത്യാഗങ്ങള്‍ക്കാണ് തയാറായതെന്ന് പ്രധാനമന്ത്രി ഓര്‍മിച്ചു. അന്നത്തെ ത്യാഗങ്ങളുടെ വിലയാണ് ഇപ്പോഴത്തെ വിജയമെന്നും അവര്‍ സന്തോഷത്തോടെ പറഞ്ഞു. 

സന്തോഷ വാര്‍ത്ത എങ്ങനെയാണ് സ്വീകരിച്ചതെന്നു ചോദിച്ചപ്പോഴാണ് നൃത്തത്തിന്റെ വാര്‍ത്ത ജസീന്ത പുറത്തുവിട്ടത്. മകള്‍ നീവിനൊപ്പം ഞാന്‍ നൃത്തം ചവിട്ടി. അവള്‍ പെട്ടെന്നൊന്ന് അതിശയിച്ചുപോയി. എന്തിനാണ് അമ്മ ഇപ്പോള്‍ നൃത്തം ചെയ്യുന്നതെന്നായിരുന്നു അവളുടെ അത്ഭുതം- ജസീന്ത വെളിപ്പെടുത്തി. 

തിങ്കളാഴ്ചയോടെ ന്യൂസിലന്‍ഡില്‍ തിയറ്ററുകളും തുറക്കുകയാണ്. ഡാന്‍സ് ഫ്ലോര്‍ ഇല്ലാതെ നൈറ്റ് ക്ലബുകളും തുറക്കും. ആള്‍ക്കുട്ടത്തെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ച് കായിക മത്സരങ്ങളും നടത്താം. ലോകത്തെ മിക്ക രാജ്യങ്ങളിലും കായിക മത്സരങ്ങള്‍ തുടങ്ങിയെങ്കിലും ഇതുവരെ കാണികളെ പ്രവേശിപ്പിച്ചിട്ടില്ല. ലോക്ഡൗണ്‍ പിന്‍വലിച്ചതോടെ രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളും തുടങ്ങുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com