ADVERTISEMENT

ഓണ്‍ലൈന്‍ ക്ലാസുകളുടെ കാലത്ത് ബംഗാളില്‍ നിന്നുള്ള ഒരു കെമിസ്ട്രി അധ്യാപിക രാജ്യത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രിയങ്കരിയാകുന്നു. മൗമിത ഭട്ടാചാര്‍ജി എന്നാണ് അധ്യാപികയുടെ പേര്. പാഞ്ച് ഗനി എന്ന സ്ഥലത്തെ സെന്റ് സേവിയര്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ അധ്യാപികയാണ് മൗമിത. ഓണ്‍ലൈന്‍ ക്ലാസ് എടുത്തു എന്നതല്ല മൗമിതയുടെ പ്രത്യേകത. അതിനുവേണ്ടി വീട്ടില്‍ നടത്തിയ സജ്ജീകരണങ്ങളാണ് അവരെ ശ്രദ്ധേയയാക്കിയത്. വിദ്യാര്‍ഥികളെക്കൊണ്ടും അധ്യാപകരെക്കൊണ്ടും കയ്യടിപ്പിച്ചതും. 

പത്ത്, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് മൗമിത ക്ലാസ് എടുക്കേണ്ടിയിരുന്നത്. ലോക്ഡൗണ്‍ ആണെങ്കിലും സമയത്തു തന്നെ ക്ലാസ് തീര്‍ത്തേ മതിയാകൂ എന്നതായിരുന്നു സാഹചര്യം. ഓണ്‍ലൈന്‍ ക്ലാസ് എടുക്കാന്‍ മൗമിത മുന്നോട്ടു വന്നു. സ്കൂള്‍ ഡയറക്ടറായ ഫാദര്‍ ടോമി അനുവാദം കൊടുത്തു. സ്കൂളില്‍ നിന്ന് ഒരു ബ്ലാക്ക് ബോര്‍ഡ് അധ്യാപികയുടെ വീട്ടില്‍ എത്തിച്ചുകൊടുത്തു. ബോര്‍ഡ് മൗമിത വീട്ടിലെ  മുറിയില്‍ ഫിറ്റ് ചെയ്തു. ഭര്‍ത്താവ് പ്രിഥ്വിരാജ് ഭട്ടാചാര്‍ജിയും രണ്ടു പെണ്‍മക്കളും മൗമിതയ്ക്ക് പിന്തുണയുമായി കൂടെനിന്നു. ബ്ലാക് ബോര്‍ഡിനു മുന്നില്‍ നിന്ന് മൗമിത ക്ലാസ് എടുക്കുമ്പോള്‍ ഭര്‍ത്താവും മക്കളും ഓരോരുത്തരുടെ ഊഴമനുസരിച്ച് മൊബൈല്‍ കയ്യില്‍ പിടിച്ചുനിന്ന് ലൈവായി കാണിക്കും. അതായിരുന്നു പതിവ്. 

പക്ഷേ, ക്ലാസ് മണിക്കൂറുകള്‍ നീണ്ടതോടെ ഫോണ്‍ പിടിച്ചുനിന്ന കുട്ടികളുടെ കൈ വേദനിക്കാന്‍ തുടങ്ങി. ഫോണ്‍ ചലിക്കുന്നത് ക്ലാസ് ശ്രദ്ധയോടെ കണ്ടുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്കും ബുദ്ധിമുട്ടായി. ഫോണ്‍ അനക്കാതെ പിടിച്ചുകൊണ്ട് മണിക്കൂറുകള്‍ നില്‍ക്കുക എന്നത് അസാധ്യമായി. അതോടെ പുതിയൊരു മാര്‍ഗം കണ്ടുപിടിക്കേണ്ട അവസ്ഥയിലായി മൗമിത ടീച്ചര്‍. ചന്തയില്‍ നിന്ന് ഒരു ഫോണ്‍ സ്റ്റാന്‍ഡ് വാങ്ങിയാലോ എന്നായി ചിന്ത. എന്നാൽ ലോക്ഡൗണ്‍ ആയതിനാല്‍ കടകള്‍ അടച്ചിരിക്കുകയാണ്. മാര്‍ക്കറ്റില്‍ പോകാന്‍ ആര്‍ക്കും അനുവാദവും ഇല്ല. അതോടെ ഒരു താല്‍ക്കാലിക സ്റ്റാന്‍ഡ് നിര്‍മിക്കാനുള്ള പദ്ധതി  തയാറാക്കി. 

മേല്‍ക്കൂരയില്‍ നിന്ന് രണ്ടു ചരടുകള്‍ താഴേക്കിട്ട് ഒരു കസേരയുടെ സഹായത്തോടെ മൊബൈല്‍ വായുവില്‍ നിശ്ചലമായി നിര്‍ത്തുക എന്നതായിരുന്നു ആശയം. ഒട്ടും താമസിച്ചില്ല. ആശയം അധ്യാപിക പ്രാവര്‍ത്തികമാക്കി. സംഗതി വിജയകരമായതോടെ വിദ്യാര്‍ഥികള്‍ക്ക് സന്തോഷം. സ്കൂള്‍ ഡയറക്ടര്‍ക്കും സംതൃപ്തി. ഇപ്പോള്‍ മണിക്കൂറുകളോളം ഒരു ബുദ്ധിമുട്ടുമില്ലാതെ മൗമിത ടീച്ചര്‍ ക്ലാസ് എടുക്കുന്നു. 

ടീച്ചര്‍ താല്‍ക്കാലിക സ്റ്റാന്‍ഡ് ഉപയോഗിച്ച് ക്ലാസ്സ് എടുക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് മികച്ച മൊബൈല്‍ ഫോണ്‍ സ്റ്റാന്‍ഡ് വാങ്ങിക്കൊടുക്കാന്‍ തയാറായി പലരും എത്തി. സ്റ്റാന്‍ഡ് വാങ്ങാന്‍ പണം ഇല്ലാത്തതല്ല തന്റെ പ്രശ്നമെന്ന് മൗമിത അവരെ അറിയിച്ചു. ലോക്ഡൗണ്‍ ആണു കാരണം. ആവശ്യം സൃഷ്ടിയുടെ മാതാവ് എന്നു പറയുന്നത് പൂര്‍ണമായും ശരിയാണല്ലോ എന്നാണ് ടീച്ചറിന്റെ ആശ്വാസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com