ADVERTISEMENT

ഫെയര്‍ ആന്‍ഡ് ലവ്‍ലി ക്രീമില്‍ നിന്ന് ഫെയര്‍ ഒഴിവാക്കാനുളള നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തീരുമാനം വ്യാപക ചര്‍ച്ചയ്ക്കു തുടക്കമിട്ടതിനിടെ, സൗന്ദര്യ സങ്കല്‍പങ്ങളെ താന്‍ കരിയറിലുടനീളം പൊളിച്ചെഴുതിയതിനെ കുറിച്ച് പറഞ്ഞ് ബോളിവു‍ഡ് നടി ബിപാഷ ബസു രംഗത്ത്.

വീട്ടില്‍ നിന്നാണ് തന്റെ പോരാട്ടം തുടങ്ങിയതെന്നാണ് ബിപാഷ പറയുന്നത്. തന്നെയും സഹോദരിയെയും താരതമ്യം ചെയ്തുകൊണ്ടുള്ള ബന്ധുക്കളുടെ കമന്റില്‍ നിന്നാണ് കറുപ്പും വെളുപ്പും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയതെന്നു നടി പറയുന്നു. 

വളര്‍ന്നുവരുന്ന ഘട്ടത്തില്‍ കുടുംബവൃത്തങ്ങളില്‍ പതിവായി കേള്‍ക്കുന്ന ഒരു വാചകമുണ്ടായിരുന്നു- സോണിയുടേതുപോലെയല്ല, ഇരുണ്ട നിറമാണ് ബോണിക്ക്. ബോണി ശരിക്കും കറുപ്പാണ് അല്ലേ? അമ്മയും കറുത്ത നിറക്കാരിയാണ്. അമ്മയുമായാണ് എനിക്കും സാദൃശ്യം. അമ്മയുടെ സൗന്ദര്യത്തെ ഏവരും പുകഴ്ത്തിയിട്ടേയുള്ളൂ. എന്നിട്ടും എന്തുകൊണ്ടോ എന്റെ നിറം വീട്ടിലും കുടുംബാംഗങ്ങള്‍ക്കിടയിലും ചര്‍ച്ചയായി. എനിക്കറിയില്ല, എന്തുകൊണ്ടെന്ന്. 

15-16 വയസ്സായപ്പോള്‍ ഞാന്‍ മോഡലിങ് തുടങ്ങി. ഉടന്‍ തന്നെ സൂപ്പര്‍ മോഡല്‍ മത്സരത്തിലും പങ്കെടുത്തു. വിജയിയായപ്പോള്‍ പത്രങ്ങളില്‍ വന്ന വര്‍ത്ത എന്നെ ഞെട്ടിച്ചു. കൊല്‍ക്കത്തയില്‍നിന്നുള്ള കറുത്ത നിറക്കാരി ജേതാവ്. അന്ന് ഞാന്‍ അതിശയിച്ചു. ഇരുണ്ട നിറം എന്നത് എന്റെ പേരിനൊപ്പമുള്ള സ്ഥിരം വിശേഷണമാണോ. പിന്നെ ഞാന്‍ മോഡലായി പാരിസിലേക്കും ന്യൂയോര്‍ക്കിലേക്കും പോയി. അവിടങ്ങളില്‍ നിറത്തെ ആരും പരിഹസിച്ചില്ല. അതു സ്വാഗതാര്‍ഹമായിരുന്നു. എനിക്കു കൂടുതല്‍ അവസരങ്ങളും ലഭിച്ചു. പിന്നീട് ഇന്ത്യയില്‍ മടങ്ങിയെത്തി. സിനിമയില്‍ നിന്ന് അവസരങ്ങള്‍ തേടിയെത്തി. ആദ്യത്തെ ബോളിവുഡ് സിനിമയില്‍ അഭിനിയിക്കുമ്പോഴേക്കും ഞാനും അംഗീകരിക്കപ്പെട്ടു. സ്നേഹിക്കപ്പെട്ടു. അപ്പോഴേക്കും ഇരുണ്ട എന്ന അര്‍ഥത്തിലുള്ള ഡസ്കി എന്ന വിശേഷണം ഞാനും ഇഷ്ടപ്പെടാന്‍ തുടങ്ങി. ഒരു അലങ്കാരമായിത്തന്നെ ഞാനതു കൊണ്ടുനടക്കാനും തുടങ്ങി. ആദ്യ സിനിമയിലൂടെ ഇരുണ്ട സുന്ദരി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു എന്നായി വാര്‍ത്തകള്‍.

എന്നെക്കുറിച്ചു പിന്നീടു വന്ന വാര്‍ത്തകളിലും നിറം ഒരു സംസാര വിഷയം തന്നെയായിരുന്നു. എന്റെ സെക്സ് അപ്പീലിന്റെ പ്രധാന കാരണം പോലും ഇരുണ്ട നിറമാണെന്ന തരത്തിലുള്ള കമന്റുകളുണ്ടായി. സെക്സി എന്നതും ബോളിവുഡിലെ അംഗീകൃത സൗന്ദര്യ സങ്കല്‍പമായി മാറി. എനിക്കിതൊന്നും മനസ്സിലാകുന്നതേ ഉണ്ടായിരുന്നില്ല. സെക്സി എന്നതു വ്യക്തിത്വത്തിന്റെ ഭാഗമാണെന്നാണു ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അത് ഒരിക്കലും നിറവുമായി ബന്ധപ്പെട്ടതല്ല. എന്റെ കാലത്തെ മുന്‍നിര നടിമാരില്‍ നിന്ന് എന്നെ വേറിട്ടു നിര്‍ത്തിയ പ്രാഥമിക ഘടകവും എന്റെ നിറം തന്നെയായിരുന്നു. അതങ്ങനെതന്നെ തുടര്‍ന്നു. നിറത്തെക്കുറിച്ചുള്ള ചര്‍ച്ച. കറുപ്പും വെളുപ്പും തമ്മിലുള്ള വ്യത്യാസത്തിനു ഞാന്‍ വലിയ വിലയൊന്നും കൊടുത്തില്ല. സൗന്ദര്യത്തെക്കുറിച്ച് ചില അടിയുറച്ച സങ്കല്‍പങ്ങള്‍ ജനങ്ങളുടെ മനസ്സിലുണ്ടെന്ന് എനിക്കു തോന്നുന്നു. ഒരു മുന്‍നിര നടി എങ്ങനെയിരിക്കണമെന്നും എങ്ങനെ പെരുമാറണം എന്നുമൊക്കെ. വ്യത്യസ്തയായിരുന്നു ഞാന്‍. ഏതെങ്കിലും പ്രവൃത്തി ചെയ്യുന്നതില്‍ നിന്ന് നിറം എന്നെ തടസ്സപ്പെടുത്തിയിട്ടേയില്ല. കുട്ടിക്കാലം മുതലേ ഞാന്‍ ആരായിരുന്നോ എന്തായിരുന്നോ അതു തന്നെയാണ് ഇപ്പോഴും. ഇരുണ്ട നിറം ഒരു കുറവായി കണ്ടിട്ടില്ല. മറിച്ച് അതെന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടേയുള്ളൂ. എന്റെ ശരീരത്തിന്റെ നിറമല്ല എന്റെ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്നത്. അവസരം കിട്ടിയാല്‍പ്പോലും നിറം മാറാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അതിനു ഞാന്‍ ഒരുക്കമല്ല. സംതൃപ്തയും സന്തോഷവതിയുമാണ് ഞാന്‍. 

സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പ്രചരിപ്പിക്കാന്‍  വാഗ്ദാനങ്ങള്‍ എനിക്കും കിട്ടിയിട്ടുണ്ട്. എന്നാല്‍ മൂല്യങ്ങളില്‍ നിന്നു വ്യതിചലിക്കാന്‍ ഒരിക്കലും തയാറായിട്ടില്ല. കഴിഞ്ഞ 18 വര്‍ഷത്തിനിടെ, ഒട്ടേറെ ഗ്രൂപ്പുകള്‍ അവരുടെ അംബാസഡര്‍മാരാകാന്‍ എന്നെ ക്ഷണിച്ചു. ചില ഓഫറുകള്‍ തള്ളിക്കളയാന്‍ തീരെ പ്രയാസമായിരുന്നു. കാരണം അത്ര വലിയ തുകയാണ് അവര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ പണത്തേക്കാള്‍ മൂല്യമായിരുന്നു എനിക്കു വലുത്. 

വെളുപ്പാണ് യഥാര്‍ഥ നിറം, നല്ല നിറം എന്ന മട്ടിലുള്ള പ്രചാരണം തീര്‍ച്ചയായും അവസാനിക്കണം. ഫെയര്‍ മാത്രമല്ല ലവ്‍ലി. ആ അര്‍ഥത്തില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തീരുമാനം തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. തെറ്റായ ഒരു സ്വപ്നം വില്‍ക്കാന്‍ ആര്‍ക്കാണ് അവകാശം. പ്രത്യേകിച്ചും ഈ രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ ഇരുണ്ട നിറക്കാരായി തുടരുമ്പോള്‍. കാലങ്ങളായി അടിയുറച്ച അന്ധവിശ്വാസം അതിജീവിക്കാന്‍ ഇപ്പോഴെങ്കിലും ശ്രമം ഉണ്ടാകുന്നെങ്കില്‍ നല്ലത്. മറ്റു ബ്രാന്‍ഡുകളും യൂണിലിവറിന്റെ മാതൃക പിന്തുടരട്ടെ- ബിപാഷ പറയുന്നു.

15-ാം വയസ്സില്‍ മോഡലിങ് തുടങ്ങിയ ബിപാഷ രാജ്യത്ത് ഏറ്റവും കൂടുതല്‍ അറിയപ്പെട്ട മോഡലുകളില്‍ ഒരാളാണ്. ഡസ്കി ബ്യൂട്ടി എന്നായിരുന്നു നടിയുടെ വിളിപ്പേര്. അക്ഷയ് കുമാര്‍, കരീന കപൂര്‍, ബോബി ഡിയോള്‍ എന്നിവര്‍ക്കൊപ്പം അജ്നാബീ എന്ന 2001 ലെ സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം. നടന്‍ കരൺ സിങ് ഗ്രോവറിനെയാണ് ബിപാഷ വിവാഹം കഴിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com