ADVERTISEMENT

മലപ്പുറം∙ സകല മനുഷ്യരെയും ബുദ്ധിമുട്ടിച്ച സകല സ്ഥാപനങ്ങളെയും പൂട്ടിച്ച രോഗമാണ് കോവിഡ്. എന്നാൽ ഇതേ കോവിഡിനെയും ലോക്ഡൗണിനെയും ഫലപ്രദമായി നേരിട്ട സംഘമാണു നമ്മുടെ സ്വന്തം കുടുംബശ്രീ. ഒരു വഴി അടഞ്ഞപ്പോൾ മറ്റൊന്നല്ല, ഒട്ടേറെ വഴികളാണ് ഇവർ തുറന്നെടുത്തത്. പ്രതിസന്ധിയിൽ തളർന്നിരിക്കാതെ കുടുംബശ്രീ കണ്ടെത്തുകയും വിജയപ്പിക്കുകയും ചെയ്ത അവസരങ്ങളുടെ ലോകത്തെക്കുറിച്ച് അറിയാം.

അടുക്കള വഴി അരങ്ങത്തേക്ക്

ലോക്ഡൗൺ വന്നപ്പോൾ ജില്ലയിലെമ്പാടും സമൂഹ അടുക്കളകൾ തുറന്നു. നേതൃത്വം കുടുംബശ്രീക്കായിരുന്നു. വലിയ അടുക്കളകൾ വീട്ടമ്മമാരെ പഠിപ്പിച്ചതു വാണിജ്യാടിസ്ഥാനത്തിൽ ഹോട്ടൽ തുടങ്ങിയാലും നഷ്ടം വരില്ലെന്ന പാഠമാണ്. സമൂഹ അടുക്കളകൾ നിർത്തിയപ്പോൾ ആ കൂട്ടായ്മകളൊക്കെത്തന്നെ ജനകീയ ഹോട്ടലുമായി രംഗത്തേക്കു വന്നു. 20 രൂപയ്ക്ക് ഊണ്. വിലക്കുറവിനേക്കാൾ വലിയൊരു പരസ്യമില്ലല്ലോ. സംഗതി ജോറായി. കൂടുതൽ കൂടുതൽ യൂണിറ്റുകൾ ഇപ്പോൾ ഈ രംഗത്തേക്കു വന്നു കൊണ്ടിരിക്കുന്നു. കുടുംബശ്രീയുടെ അടുക്കള മഹാത്മ്യം ഇവിടെയും തീരുന്നില്ല. 15 കോവിഡ് കെയർ സെന്ററുകളിലായി ഇപ്പോഴും ഭക്ഷണം വിതരണം കുടുംബശ്രീയുടെ തളികയിൽ നിന്നാണ്. ഏകദേശം 15.11 ലക്ഷം രൂപയാണ് ഈ വകയിൽ മാത്രം അക്കൗണ്ടിലെത്തിയത്. 

Kudumbashree units in Malappuram
മഞ്ചേരി നെല്ലിപ്പറമ്പ് ചെട്ടിയങ്ങാടി വനിതാ ഹോട്ടലിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള ഭക്ഷണം തയാറാക്കുന്നു.

കോവിഡ് ചികിത്സാ കേന്ദ്രമായ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 5 നേരം ഭക്ഷണം വേണം. അതിനും വേണം കുടുംബശ്രീ. 24.16 ലക്ഷം രൂപയാണ് 66 ദിവസം കൊണ്ട് നേടിയത്. ഇവിടത്തെ ഭക്ഷണ വിതരണം ഇപ്പോഴും തുടരുകയാണ്. എയർപോർട്ട്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം എന്നിങ്ങനെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പപ്പെട്ട സകല മേഖലയിലും ഇപ്പോൾ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം.കോവിഡ് കാലത്തെ ഭക്ഷണ  വിതരണത്തിൽനിന്നു മാത്രം ഇവർ നേടിയത് 48.28 ലക്ഷം രൂപയാണ്. 

സഞ്ചിയിലായ വരുമാനം

ലോക്ഡൗണിൽ സപ്ലൈകോയുടെ കിറ്റ് വിതരണം വന്നപ്പോൾ സഞ്ചി സപ്ലൈ ചെയ്യാനുള്ള ക്വട്ടേഷൻ എടുത്തതും കുടുംബശ്രീ ആയിരുന്നു. ഏകദേശം ഒരു ലക്ഷം സഞ്ചികളാണു വിവിധ യൂണിറ്റുകൾ വഴി നിർമിച്ചു കൈമാറിയത്. തുണിയും മറ്റും ജില്ലാ മിഷൻ നേരിട്ട് യൂണിറ്റുകൾക്ക് എത്തിച്ചുകൊടുത്തു. സപ്ലൈകോ കിറ്റുകൾ പാക്ക് ചെയ്യുന്നതിനും മുൻകൈ എടുത്തത് കുടുംബശ്രീ അംഗങ്ങൾ തന്നെ. ജില്ലയിലെ 33 കേന്ദ്രങ്ങളിൽ 211 കുടുംബശ്രീ അംഗങ്ങൾ ചേർന്നായിരുന്നു പാക്കിങ്. 

മാസ്ക് വഴി മാക്സിമം

മാസ്ക് മസ്റ്റാണെന്ന് അറിയിപ്പു വന്നു തുടങ്ങിയപ്പോൾത്തന്നെ കുടുംബശ്രീ യൂണിറ്റുകൾ പണി തുടങ്ങി. 42 തയ്യൽ യൂണിറ്റുകളിൽ മുഖാവരണ നിർമാണം തകൃതിയായി നടന്നു. കൂടാതെ തയ്യൽ യന്ത്രങ്ങളുള്ള അയൽക്കൂട്ടങ്ങളും സഹായവുമായെത്തി. 1.25 ലക്ഷം മാസ്കുകളാണ് ജില്ലയിൽ കുടുംബശ്രീ തയാറാക്കിയത്. വിവിധ സർക്കാർ വകുപ്പുകൾക്കും കോവിഡ് പ്രതിരോധ പ്രവർത്തകർക്കും ഈ മാസ്കുകൾ വിതരണം ചെയ്തു. വിവിധ ബഡ്സ് സ്കൂളുകളിലെ വിദ്യാർഥികൾ നിർമിച്ച മാസ്ക്കുകളും കുടുംബശ്രീ ശേഖരിച്ചു. 6.65 ലക്ഷം രൂപയാണ് മാസ്ക് വിതരണം വഴി നേടിയത്

ലാഭത്തിന്റെ വിത്തുകൾ

ജൈവിക എന്ന ബ്രാൻഡിൽ ജില്ലാ മിഷന്റെ നേതൃത്വത്തിൽ 25 നഴ്സറികൾ പ്രവർത്തിക്കുന്നുണ്ട്. ലോക്ഡൗണിൽ വീട്ടുകൃഷി വ്യാപകമായതോടെ വിത്ത്, വളം, തൈകൾ, ഗ്രോബാഗ് എന്നിവയുടെ മാർക്കറ്റുയർന്നു. ഏകദേശം 2 ലക്ഷം രൂപയുടെ വിറ്റുവരവാണ് നഴ്സറികളിലൂടെ കുടുംബശ്രീ പ്രവർത്തകർ നേടിയത്.

ലാഭത്തിന്റെ പൊടിക്കച്ചവടം

വലിയ ഷോപ്പിങ് മാളകളും സൂപ്പർ മാർക്കറ്റുകളും അടഞ്ഞു കിടന്നപ്പോൾ ലാഭമുണ്ടാക്കിയത് കുടുംബശ്രീയുടെ ചെറുകിട സംരംഭങ്ങളാണ്. അരിപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും വിൽക്കുന്ന യൂണിറ്റുകൾ മുതൽ ചെറുകിട പലചരക്കുകടകൾ വരെ ലാഭത്തിലായി. യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള പച്ചക്കറിക്കൃഷിയും വിൽപനയും മികച്ച രീതിയിൽ നടന്ന കാലം കൂടിയാണിത്. പച്ചക്കറികൾ ഗ്രാമപ്രദേശങ്ങളിൽ വിൽക്കുന്നതിനായി ‘പച്ചക്കറിവണ്ടി’ എന്ന ആശയവും നടപ്പാക്കി. ഏകദേശം ഒരു ലക്ഷം രൂപയാണ് പച്ചക്കറി വണ്ടിയിലൂടെ മാത്രം പ്രവർത്തകർ നേടിയത്.

പ്രതിസന്ധിക്കാലത്തെ കൊമ്പുകുത്തിച്ചു രത്നവല്ലി

Rathnavally
സി.രത്നവല്ലി നെറ്റിപ്പട്ട നിർമാണത്തിൽ

കോവിഡിനെ തുടർന്ന് തൃശൂർ പൂരം വരെ നിന്നു പോയിട്ടും രത്നവല്ലിയുടെ നെറ്റിപ്പട്ട ബിസിനസിന്റെ മാർക്കറ്റിടിഞ്ഞില്ല. വീടുകളും സ്ഥാപനങ്ങളും അലങ്കരിക്കാനുള്ള ഓർഡറുകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. ഓണം അടുത്തെത്തിയതോടെ പ്രത്യേകിച്ചും. കഠിനാധ്വാനത്തിന്റെ ബലത്തിൽ പ്രതിസന്ധിക്കാലത്തെ കൊമ്പുകുത്തിച്ച കഥയാണ് വാഴയൂർ പഞ്ചായത്തിലെ ഈ വീട്ടമ്മയുടേത്.

ഡിഗ്രിയും ഐടിഐയിൽ ഇലക്ട്രോണിക്സ് ഡിപ്ലോമയും പൂർത്തിയാക്കി കെൽട്രോണിലടക്കം ജോലി ചെയ്തിരുന്ന സി.രത്നവല്ലി അവിചാരിതമായാണ് കരകൗശല നിർമാണ മേഖലയിലേക്കെത്തുന്നത്. കുടുംബവും കുട്ടികളുമായപ്പോൾ ദൂരെ ജോലിക്കൊന്നും പോകാൻ പറ്റാതെയായി. വീട്ടിലിരുന്നു തന്നെ ചെയ്യാവുന്ന ചെറുജോലികൾ കണ്ടെത്താനായി പിന്നീടു ശ്രമം. കുടുംബശ്രീ പരിശീലനങ്ങൾ വഴി തുന്നലും കളിപ്പാട്ട നിർമാണവും പഠിച്ചെടുത്തു. പ്രിയ ലേഡീസ് ടെയ്‌ലറിങ് ആൻഡ് സോഫ്റ്റ് ടോയ്സ് യൂണിറ്റ് ജന്മം കൊള്ളുന്നത് അങ്ങനെയാണ്. സ്വർണക്കുമിളകൾ പതിച്ച നെറ്റിപ്പട്ടത്തിനു മാർക്കറ്റുണ്ടെന്നു കണ്ടപ്പോൾ അതും പഠിച്ചെടുത്തു. 50 രൂപയ്ക്ക് കാറിൽ തൂക്കാവുന്നതു മുതൽ ആറടി വലിപ്പത്തിൽ 12,000 രൂപ വരുന്ന വമ്പൻ നെറ്റിപ്പട്ടങ്ങൾ വരെ ഇവിടെ നിർമിക്കുന്നുണ്ട്.

വീടുകളിൽ തൂക്കാവുന്ന രണ്ടര മുതൽ മൂന്നര അടി വരെയുള്ള നെറ്റിപ്പട്ടത്തിനാണ് കൂടുതൽ ആവശ്യക്കാർ. 6000 –8000 രൂപ വരെയാണ് വില. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ സാധനങ്ങൾ ലഭിക്കാതെ കുറച്ചു ബുദ്ധിമുട്ടിയെങ്കിലും ലോക്ഡൗൺ പിൻവലിച്ചു നാടു തുറന്നപ്പോൾ ബിസിനസ് കൂടുതൽ സജീവമായി. നെറ്റിപ്പട്ടങ്ങൾക്ക് ഒട്ടേറെ ഓർഡറുകൾ ഇതിനകം ലഭിച്ചു കഴിഞ്ഞു. ഭർത്താവ് പി.ഉദയഭാനുവും മകൻ അനസ് ഭാനുവും മകൾ ഭാനുപ്രിയയും എല്ലാ പിന്തുണകളുമായി ഒപ്പമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com