ADVERTISEMENT

റിച്ച നെഗി എന്ന ഡോക്ടർ ഇതാദ്യമായല്ല നൃത്ത വിഡിയോ പോസ്റ്റ് ചെയ്യുന്നത്. ഇതിനു മുമ്പും അവർ വിഡിയോകൾ പങ്കുവയ്ക്കുകയും അവ ഒട്ടേറെ പേരുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തിട്ടുമുണ്ട്. റിച്ചയുടെ നൃത്തം ചെയ്യാനുള്ള കഴിവിൽ ആർക്കും അവിശ്വാസവും അത്ഭുതവും തോന്നിയിട്ടുമില്ല. എന്നാൽ, ഇത്തവണ റിച്ചയുടെ നൃത്തത്തെ ആകർഷകമാക്കുന്നത് പിപിഇ കിറ്റ്. അതേ, കോവിഡ് പ്രതിരോധത്തിൽ ഉപയോഗിക്കുന്ന പേഴ്സണൽ പ്രൊട്ടക്ഷൻ കിറ്റ് അണിഞ്ഞുകൊണ്ടാണ് നൃത്തം ചെയ്തിരിക്കുന്നത്. അതാകട്ടെ കോവിഡ് എന്ന മാഹാമാരിയെ തോൽപിക്കുന്ന വിജയഗാഥയുടെ ആഹ്ലാദ പ്രകടനവും. 

സ്ട്രീറ്റ് ഡാൻസർ 3 ഡി എന്ന ഗാനത്തിന് ഒപ്പിച്ചാണ് റിച്ചയുടെ പിപിഇ കിറ്റ് നൃത്തം. നോറ ഫത്തേഹിയും വരുൺ ധവാനുമാണ് പ്രശസ്തമായ ഗാനം ഉൾക്കൊള്ളുന്ന ആൽബത്തിന്റെ പിന്നിലുള്ളത്. ജനുവരിയിലാണ് ഗാനം റിലീസ് ചെയ്തത്. ഡോക്ടർമാരുടെ ദേശീയ ദിനമായ ജൂലൈ 1 നാണ് റിച്ച നൃത്തം പോസ്റ്റ് ചെയ്തതെങ്കിലും ഇപ്പോഴാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി പടർന്നുകൊണ്ടിരിക്കുന്നത്. നൃത്തത്തിനൊപ്പം ഒരു സന്ദേശവും റിച്ച കുറിച്ചിട്ടുണ്ട്. കോവിഡിന്റെ മുൻപിൽ തളരരുതെന്നും ധൈര്യത്തോടെ പോരാടിയാൽ രോഗത്തെ പടി കടത്താമെന്നുമാണ് ഡോക്ടറുടെ സന്ദേശം പറയുന്നത്. ആരെയും ആകർഷിക്കും വിധം അങ്ങേയറ്റം അനായാസമായും പരിപൂർണമായ താളത്തിലുമാണ് ഡോ. റിച്ചയുടെ നൃത്തച്ചുവടുകൾ. 

‘സാഹസികമായ ഒരു ദൗത്യത്തിലാണ് ഇപ്പോൾ നാം ഏർപ്പെട്ടിരിക്കുന്നത്. എന്നാൽ നിഷേധ ചിന്ത ഒരിക്കലും നമ്മെ കാർന്നുതിന്നാതിരിക്കട്ടെ. പുഞ്ചിരിയോടെ വേണം നാം ഈ പോരാട്ടം നയിക്കാൻ. ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ എന്നിവരാണ് മുൻനിരയിലുള്ളത്. അവരുടെ സേവനങ്ങൾക്ക് ഊർജം പകരാനാണ് എന്റെ ഈ നൃത്തം. ഇത് നമ്മെ ആവേശം കൊള്ളിക്കട്ടെ. ആഹ്ലാദം കൊള്ളിക്കട്ടെ. നമുക്കൊരുമിച്ച് ഈ യുദ്ധം വിജയിക്കാം. ലോക്ഡൗൺ നീളുകയാണെങ്കിലും എല്ലാവരും സുരക്ഷിതരായിരിക്കണം. കഴിയുന്നതും വീടുകളിൽ നിന്നു പുറത്തിറങ്ങരുത്. ഇതാ പിപിഇ കിറ്റ് ധരിച്ചുകൊണ്ടുപോലും നൃത്തം ചെയ്യാമെന്ന് ഞാൻ തെളിവ് ഹാജരാക്കുന്നു. നാലു ലക്ഷത്തിലധികം പേരാണ് റിച്ചയുടെ വിഡിയോ ഇഷ്ടപ്പെട്ട് ഷെയർ ചെയ്തുകൊണ്ടിരിക്കുന്നത്. എല്ലാ കമന്റിലും നിറഞ്ഞുനിൽക്കുന്നത് അഭിനന്ദനം. സന്തോഷം കോവിഡിനെ തോൽപിക്കുമെന്ന ആത്മവിശ്വാസം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com