ADVERTISEMENT

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരാണ് കോവിഡ് കാലത്തെ താരങ്ങള്‍. കായിക, സിനിമാ താരങ്ങളൊക്കെ അണിയറയിലേക്കു മാറിയതോടെ ആരോഗ്യപ്രവര്‍ത്തകര്‍ സ്റ്റേജ് കീഴടക്കി. ജീവന്‍ പണയം വച്ച്, വെല്ലുവിളികളെ നേരിട്ട് അവര്‍ കോവിഡിനെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികളായി.  അവരില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ലോകം മുന്നോട്ടുപോകുന്നത്. അവരാണ് ഭാവിയെക്കുറിച്ച് സ്വപ്നം കാണാന്‍ ഊര്‍ജവും ആവേശവും നല്‍കുന്നതും.

മുംബൈയില്‍ നിന്നുള്ള വനിതാ ഡോക്ടറായ റിച്ച നേഗിയും താരമാണ്. ഒരൊറ്റ നൃത്തത്തിലൂടെ താരമായ ഡോക്ടര്‍. വെറും നൃത്തമായിരുന്നില്ല റിച്ചയുടേത്. പിപിഇ കിറ്റ് ധരിച്ചുകൊണ്ടായിരുന്നു നൃത്തം. അതും ഡോക്ടേഴ്സ് ദിനത്തില്‍. സ്ട്രീറ്റ് ഡാന്‍സര്‍ 3 ഡി എന്ന ചിത്രത്തിലെ ഗാനത്തിനൊപ്പിച്ചായിരുന്നു റിച്ചയുടെ അത്ഭുതപ്രകടനം. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് റിച്ചയും താരമായത്. പിന്നാലെ നൃത്തം ചെയ്യാന്‍ പ്രേരിപ്പിച്ച കാരണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് റിച്ച.

പെട്ടന്നൊരു നിമിഷത്തിന്റെ പ്രേരണയിലാണ് ഞാനതു ചെയ്തത്. അന്ന് ഡോക്ടേഴ്സ് ഡേ ആയിരുന്നു. രാത്രി രണ്ടു മണിക്കും ഞാനുള്‍പ്പടെ ഡോക്ടര്‍മാര്‍ ഡ്യൂട്ടിയിലായിരുന്നു. ഒരു സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആശയം കിട്ടുന്നത്. പിപിഇ കിറ്റ് ധരിച്ചുകൊണ്ട് ഡോക്ടര്‍മാര്‍ക്ക് ആദരമര്‍പ്പിക്കുന്ന ഒരു വിഡിയോ. വിഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിന് 15 മിനിറ്റ് മുമ്പു മാത്രമാണ് പാട്ട് തിരഞ്ഞെടുത്തത്. പിപിഇ കിറ്റ് ധരിച്ചാല്‍ നിമിഷങ്ങള്‍ക്കകം വിയര്‍ത്തൊലിക്കും. അതുകൊണ്ടാണ് സ്ട്രീറ്റ് ഡാന്‍സറിലെ പാട്ട് തന്നെ തിരഞ്ഞെടുക്കാമെന്നു വിചാരിച്ചത്.

മുന്‍പും ഞാന്‍ നൃത്ത വിഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ പരമാവധി ലഭിച്ചത് ഒരു ലക്ഷം വരെ ഹിറ്റ് ആയിരുന്നു. അത്രയുമേ ഇത്തവണയും ഞാന്‍ പ്രതീക്ഷിച്ചിരുന്നുള്ളൂ. എന്നാല്‍ എന്റെ പ്രതീക്ഷകളെ പോലും കടത്തിവെട്ടി 10 ലക്ഷം പേരാണ് ഇതുവരെ വിഡിയോ കണ്ട് ഇഷ്ടം രേഖപ്പെടുത്തിയത്. 

പിപിഇ കിറ്റ് ധരിക്കാന്‍ കാരണമുണ്ട്. കുറച്ച് പോസിറ്റീവ് എനര്‍ജി കിട്ടട്ടെ എന്നു കരുതി. കാണുന്നവര്‍ക്ക്. പിപിഇ കിറ്റി ധരിക്കുന്നതു ബുദ്ധിമുട്ടാണെങ്കിലും അതിട്ടുകൊണ്ടുതന്നെ ജീവിതം ആസ്വദിക്കാമെന്നു തെളിയിക്കുകയായിരുന്നു എന്റെ ലക്ഷ്യം. എല്ലാ സംഘര്‍ഷങ്ങളും ലഘൂകരിക്കാനുള്ള മാര്‍ഗമാണ് എനിക്ക് ഡാന്‍സ്. കഷ്ടപ്പാടിന്റെ സമയത്തിലൂടെ കടന്നുപോകുമ്പോഴും ജീവിതത്തില്‍ സന്തോഷം വിദൂരമല്ല എന്ന് ലോകം അറിയട്ടെ എന്നുമാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്. 

എല്ലാ ദിവസവും ഞാന്‍ നൃത്തം ചെയ്യാറുണ്ട്. കാരണം നൃത്തം ചെയ്യുമ്പോള്‍ മനസ്സില്‍ സന്തോഷം നിറയും. എന്നാല്‍ ഇതാദ്യമായാണ് പിപിഇ കിറ്റ് ധരിച്ചുകൊണ്ടു ചുവടുവയ്ക്കാന്‍ ഞാന്‍ ശ്രമിക്കുന്നത്. ഡ്യൂട്ടിയില്‍ ആയിരിക്കുമ്പോള്‍ ഞാന്‍ നൃത്തം ചെയ്യാറില്ല. അതിനുള്ള സമയം ഒരിക്കലും ലഭിക്കാറുമില്ല. ഐസിയുവില്‍ പ്രവേശിക്കുമ്പോള്‍ തന്നെ പിപിഇ കിറ്റില്‍ കോവിഡ് വൈറസിന്റെ സാന്നിധ്യമുണ്ടാകും. അതുകൊണ്ടുതന്നെ പുറത്തുപോകുമ്പോള്‍ അത് ഊരി മാറ്റിയിട്ടാണു പോകുന്നത്. ഐസിയുവില്‍ ഫോണ്‍ പോലും അനുവദിച്ചിട്ടില്ല. 

ഓരോ ദിവസവും കോവിഡ് മുക്തരാകുന്ന ഒട്ടേറെ പേരെ ഞാന്‍ കാണാറുണ്ട്. വേദനയോടെ ഇവിടെ വരുന്ന പലരും സന്തോഷത്തോടെയാണ് മടങ്ങിപ്പോകുന്നത്. അത് ഒരാശ്വാസമാണ്. മറ്റൊന്ന് എപ്പോഴും മുന്‍കരുതല്‍ എടുക്കണം എന്നതാണ്. കഴിവതും പുറത്തുപോകാതിരിക്കുക. പോയാല്‍ തന്നെ മാസ്ക് ധരിക്കുക. സാനിറ്റൈസര്‍ ഇടയ്ക്കിടെ ഉപയോഗിക്കുക. സാമൂഹിക അകലം പാലിക്കുക എന്നതും പ്രധാനമാണ്. കുറേനാളായി ഇതൊക്കെ പറയുന്നുണ്ടെങ്കിലും എല്ലാവരും ഇതു പാലിക്കാറില്ല. ഇനിയെങ്കിലും ജാഗ്രത വേണം. അങ്ങനെയാണെങ്കില്‍ കോവിഡിനെ നമുക്ക് ഒറ്റക്കെട്ടായി തുരത്താം: ആത്മവിശ്വാസത്തോടെ റിച്ച പറയുന്നു. 

English Summary: Mumbai doctor reveals why she danced to Garmi in viral video: It's apt for when we're in PPE kits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com