sections
MORE

'അമ്മ ഇനി എന്നാണ് എന്നെ ഉമ്മ വയ്ക്കുക': മകന്റെ ചോദ്യം കേട്ട് ഉരുകി നടി

Rupaly
SHARE

ജീവിതത്തില്‍ എന്നെങ്കിലും മകനില്‍ നിന്ന് അകലം പാലിക്കേണ്ടിവരുമെന്ന് കരുതിയിട്ടില്ല പ്രശസ്ത നടി രൂപാലി ഗാംഗുലി. മകനെ ഉമ്മ വയ്ക്കാത്ത ഒരു ദിവസം അവരുടെ ചിന്തയില്‍ പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ മകനെ കണ്ടിട്ടും കാണാതെ, ഉമ്മ കൊടുക്കാതെ, ഉമ്മ സ്വീകരിക്കാതെയാണ് രൂപാലി ഇപ്പോള്‍ ജീവിക്കുന്നത്. അനുപമ എന്ന പരമ്പരയ്ക്കു വേണ്ടിയുള്ള ചിത്രീകരണം തുടങ്ങിയതിനുശേഷം. കോവിഡ് പ്രതിരോധം പാലിക്കാന്‍ വേണ്ടിയാണ് പ്രിയപ്പെട്ട മകനില്‍ നിന്നുപോലും നടി അകലം പാലിക്കുന്നത്. 

ചിത്രീകരണത്തിനു ശേഷം രാത്രി വൈകി വീട്ടില്‍ ചെന്നപ്പോള്‍ കേട്ട മകന്റെ ചോദ്യം അടുത്തിടെ നടിയെ തളര്‍ത്തിക്കളഞ്ഞു. അമ്മേ, ഇനി എന്നാണ് എനിക്ക് അമ്മയെ ഉമ്മ വയ്ക്കാന്‍ കഴിയുക. ആറു മാസം കഴിഞ്ഞിട്ടോ? ചോദ്യം കേട്ട രൂപാലിയുടെ കണ്ണു നിറഞ്ഞു. അവര്‍ പൊട്ടിക്കരഞ്ഞുപോയി. നിര്‍ത്തിവച്ച ചിത്രീകരണം അടുത്തിടെ പുനരാരംഭിച്ചതോടെയാണ് നടിക്ക് ചിത്രീകരണത്തില്‍ പങ്കെടുക്കേണ്ടിവന്നത്. മകന്റെ ഹൃദയം പിളര്‍ക്കുന്ന ചോദ്യം തളര്‍ത്തിയെങ്കിലും അവനു വേണ്ടിയാണല്ലോ താന്‍ ജോലി ചെയ്യുന്നത് എന്നതു മാത്രമാണ് നടിയുടെ ഇപ്പോഴത്തെ ആശ്വാസം.

ഒരുപക്ഷേ, മകന്‍ രുദ്രാന്‍ഷിന് ഇപ്പോള്‍ ഞാന്‍ സഹിക്കുന്ന ത്യാഗം മനസ്സിലാക്കാന്‍ കഴിയുന്നുണ്ടാകില്ല. എന്നാല്‍ ഒരിക്കല്‍ അവന്‍ അതു തിരിച്ചറിയും. ഇന്നത്തെ എന്റെ ത്യാഗങ്ങള്‍ അവനു വേണ്ടിയായിരുന്നു എന്ന്. സ്ക്രീനില്‍ എന്നെ കാണുമ്പോള്‍ അവന്റെ മുഖത്ത് അഭിമാനം പുഞ്ചിരിയായി വിടരുന്നതും ഞാന്‍ കാണുന്നു- നടി പറയുന്നു. ഒരിക്കല്‍ മിനി സ്ക്രീനില്‍ നിറഞ്ഞുനിന്നിരുന്നെങ്കിലും കഴിഞ്ഞ 7 വര്‍ഷമായി അഭിനയത്തില്‍ നിന്ന് അവധിയെടുത്തിരിക്കുകയായിരുന്നു രൂപാലി ഗാംഗുലി. 

‘അഭിനയത്തില്‍ നിന്നു മാറിനിന്നതായി എനിക്കു തോന്നിയിട്ടേയില്ല. എന്നും ഞാന്‍ ഇവിടെയൊക്കെത്തന്നെ ഉണ്ടായിരുന്നു. പക്ഷേ, നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചുവരുന്നതും വലിയ വെല്ലുവിളിയാണ്. അതും രാജ്യം മുഴുവന്‍ കാത്തിരിക്കുന്ന ഒരു പരമ്പരയിലെ നായിക നടിയായി. അതൊരു വെല്ലുവിളി തന്നെയാണ്. അപൂര്‍വം നടിമാര്‍ക്ക് മാത്രമാണ് ഇങ്ങനെയൊരു തിരിച്ചുവരവിന് അവസരം ലഭിച്ചിട്ടുള്ളത്. വലിയ ഉത്തരവാദിത്വത്തെക്കുറിച്ച് ഇതെന്നെ ഓര്‍മിപ്പിക്കുന്നു: രൂപാലി പറയുന്നു. 

ഇപ്പോള്‍ അഭിനയിക്കുന്ന അനുപമ എന്ന പരമ്പരയിലെ നായികയോട് പൂര്‍ണമായും താദാത്മ്യം പ്രാപിക്കാനും നടിക്കു കഴിയുന്നുണ്ട്. കാരണം രൂപാലിക്കും കുടുംബം തന്നെയാണ് പ്രധാനം. അതു കഴിഞ്ഞിട്ടേയുള്ളൂ മറ്റെന്തും. അനുപമയിലെ വേഷം ഓഫര്‍ ചെയ്തപ്പോള്‍ എന്നെ സന്തോഷിപ്പിച്ചതും അതു തന്നെയാണ്. എനിക്കറിയാവുന്ന, പരിചിതമായ വേഷം അതുകൊണ്ടാണ് ഈ ദൗത്യം ഞാന്‍ ബുദ്ധിമുട്ടില്ലാതെ ഏറ്റെടുത്തത്- നടി പറയുന്നു. സുധാന്‍ഷു പാണ്ഡെ, പരസ് കല്‍നാവത്, മദല്‍സ ശര്‍മ, ആശിശ് മെഹോത്ര എന്നിവര്‍ക്കൊപ്പമാണ് രൂപാലി ഇപ്പോള്‍ അഭിനിയിക്കുന്നത്. 

English Summary: Rupali Ganguly on shooting during the pandemic: After the shoot, I can't even go and hug my child

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA