sections
MORE

പരിമിതികളെ അതിജീവിച്ചു; എനിക്ക് കഴിയുമെങ്കിൽ നിങ്ങൾക്കും കഴിയും: പ്രിയങ്ക ചോപ്ര

priyanka-chopra
SHARE

സ്വന്തം വാക്കുകള്‍ അച്ചടിച്ചു കാണുന്നതില്‍ സന്തോഷം അനുഭവിക്കാത്ത മനുഷ്യരില്ല. പ്രശസ്തരും പ്രതിഭാശാലികളും മുതല്‍ ആദ്യമായി പുസ്തകം ഇറക്കുന്നവര്‍ക്കും അച്ചടിച്ച പുസ്തകം അനുഭൂതി തന്നെയാണ്. അപൂര്‍വാനുഭൂതി. അത്തരമൊരു മാനസികാവസ്ഥയിലൂടെയാണ് ബോളിവുഡില്‍ നിന്ന് ഹോളിവുഡില്‍ എത്തി സാന്നിധ്യം ഉറപ്പിച്ച നടി പ്രിയങ്ക ചോപ്ര കടന്നുപോകുന്നത്. കഥകളും അനുഭവങ്ങളുമായി പ്രിയങ്ക എഴുതിയ ആദ്യ പുസ്തകം അച്ചടിക്കപ്പെട്ടിരിക്കുന്നു. അച്ചടിച്ച പേജുകള്‍ ഇക്കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ നടി തന്നെ പോസ്റ്റ് ചെയ്തു. 

പൂര്‍ണമായിരിക്കുന്നു. എന്റെ വാക്കുകള്‍ പുസ്തകമായി അച്ചടിക്കപ്പെട്ടതു കാണുമ്പോള്‍ എനിക്കു തന്നെ അതിശയം. അപൂര്‍ണം എന്ന എന്റെ ഓര്‍മക്കുറിപ്പുകള്‍ ഇതാ വരുന്നു: പ്രിയങ്ക എഴുതി. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പ്രസിദ്ധീകരിക്കുന്ന പുസ്തകം എഴുതിപ്പൂര്‍ത്തിയാക്കിയ വിവരം ഈ മാസം ആദ്യം പ്രിയങ്ക തന്നെയാണ് അറിയിച്ചത്. ഇങ്ങനെയൊരു പുസ്തകം വരുന്നതിനെക്കുറിച്ച് രണ്ടു വര്‍ഷം മുമ്പും പ്രിയങ്ക ആരാധകരെ അറിയിച്ചിരുന്നു. 

പുസ്തകം പ്രിന്റിങ് പൂര്‍ത്തിയാക്കിയതോടെ ഇനി എന്ന് പ്രകാശപ്പിക്കും എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. അതിനുമുന്‍പുതന്നെ അഭിനന്ദനങ്ങള്‍ അവര്‍ നടിയെ അറിയിക്കുകയാണ്. യൂണിവേഴ്സല്‍ സ്റ്റുഡിയോ നിര്‍മിക്കുന്ന കോമഡി സിരീസില്‍ പ്രിയങ്കയ്ക്കൊപ്പം വേഷമിടുന്ന മിന്‍ഡി കാളിങ് പുസ്തകത്തിനുവേണ്ടി തനിക്ക് ഇനിയും കാത്തിരിക്കാന്‍ ക്ഷമയില്ലെന്ന് അറിയിച്ചുകഴിഞ്ഞു. ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള വായനക്കാരെല്ലാം അക്ഷമയിലാണ്. 

ജീവിതത്തില്‍ നിന്ന് താന്‍ കണ്ടെടുത്ത വാക്കുകളാണ് തന്റെ ആദ്യ പുസ്തകമെന്നാണ് പ്രിയങ്ക പറയുന്നത്. ഒരു പെണ്‍കുട്ടി എങ്ങനെ പരിമിതികളെ അതിജീവിച്ച് ലോകപ്രശസ്തയായി മാറി എന്നതിന്റെ ചുരുക്കം. ആ കഥ വായിക്കുന്നതിലൂടെ ലോകമെങ്ങുമുള്ള സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കുക എന്നതാണ് ലക്ഷ്യവും. മുന്നോട്ടുള്ള യാത്രയില്‍ വെല്ലുവിളികള്‍ ഒന്നൊന്നായി കീഴടക്കി മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകതയാണ് നടി എടുത്തുപറയുന്നത്. തനിക്കു കഴിയുമെങ്കില്‍ എന്തുകൊണ്ട് മറ്റുള്ളവര്‍ക്കും കഴിയില്ല എന്നൊരു ചോദ്യവും ഈ കഥകളിലൂടെ നടി ചോദിക്കുന്നുണ്ട്. ജീവിതം ഒരിക്കലും പൂര്‍ണമായി എന്ന തോന്നലില്ലാത്തതുകൊണ്ടാണ് ഇതിനു മുന്‍പ് താന്‍ ഇത്തരമൊരു സാഹസികതയ്ക്ക് മുതിരാതിരുന്നതെന്നും നടി പറയുന്നു. ഇപ്പോഴും ജീവിതം പൂര്‍ണമായതുകൊണ്ടല്ല മറിച്ച് ഇതാണ് എഴുതാനുള്ള സമയം എന്നു തോന്നിയതുകൊണ്ടാണ് ഇപ്പോള്‍ എഴുതുന്നതെന്നും നടി പറഞ്ഞിരുന്നു. 

ഒരു അമേരിക്കന്‍ ടെവിവിഷന്‍ ഷോയില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ദക്ഷിണേഷ്യക്കാരിയാണ് മുന്‍ മിസ് ഇന്ത്യ കൂടിയായ  പ്രിയങ്ക ചോപ്ര. യൂണിസെഫിന്റെ ഗുഡ്‍വില്‍ അംബാസഡര്‍ എന്ന പദവിയും പ്രിയങ്കയെ തേടിയെത്തിയിരുന്നു.

English Summary: An Update On Priyanka Chopra's Memoir Unfinished. Mindy Kaling "Can't Wait To Read"

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA