ADVERTISEMENT

രാജ്യം കാക്കുന്ന സേന എന്ന് കേൾക്കുമ്പോൾ  പൊതുവേ പുരുഷമേധാവിത്വം ഉള്ള ഒരു മേഖല  എന്ന ചിന്തയാണ് ഏവരുടെയും മനസ്സിലേക്ക് എത്തുക. എന്നാൽ ഈ ധാരണകളെ എല്ലാം തിരുത്തി കുറിച്ചു കൊണ്ടാണ് ലഫ്റ്റനൻറ് ജനറൽ മാധുരി കനിത്കർ ഇന്ത്യൻ സേനയിൽ ചരിത്രം കുറിച്ചത്. ഇന്ത്യൻ സൈനിക ചരിത്രത്തിലെ തന്നെ മൂന്നാമത്തെ വനിത ലഫ്റ്റനൻറ് ജനറലാണ് ഈ സ്ത്രീരത്നം

37 വർഷക്കാലം രാജ്യത്തിനുവേണ്ടി സേവനം അനുഷ്ഠിച്ച മേജർ ജനറൽ മാധുരി 2020 ഫെബ്രുവരിയിലാണ് ലെഫ്റ്റനന്റ് ജനറലായി നിയമിതയായത്. സേനയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്ഥാനം നേടിയ ആദ്യത്തെ വനിതാ ശിശുരോഗവിദഗ്ദ്ധ എന്ന രീതിയിലും മേജർ മാധുരി ചരിത്രം  കുറിച്ചിരിക്കുകയാണ്. വനിതാ ശിശുരോഗ വിദഗ്ധ എന്നതിനേക്കാളുപരി സൈന്യത്തിലെ ശിശുരോഗ വിഭാഗത്തിൽ ഒരാൾക്ക് ലഫ്റ്റനന്റ് പദവി ലഭിക്കുന്നതും ഇതാദ്യമാണ്.  ഇന്ത്യൻ സൈന്യത്തിൽ പുരുഷന്മാർക്കൊപ്പം തന്നെ സ്ത്രീകൾക്കും തുല്യ പ്രാധാന്യം നൽകണമെന്ന സുപ്രീംകോടതി ഉത്തരവ് പുറത്തുവന്ന് അധികംവൈകാതെ ആയിരുന്നു ലെഫ്റ്റനന്റ് ജനറായുള്ള മാധുരിയുടെ നിയമനം. 

അതുകൊണ്ടും തീർന്നില്ല ഈ വനിതാ നക്ഷത്രത്തിന്റെ പ്രത്യേകതകൾ .മാധുരി കനിത്ക്കറുടെ ഭർത്താവും ലഫ്റ്റനന്റ് ജനറലാണ്. മാധുരിയുടെ നിയമനത്തോടെ സേനയിൽ സേവനമനുഷ്ഠിക്കുന്ന ലഫ്റ്റനന്റ് ജനറല്‍മാരായ ആദ്യ ദമ്പതികള്‍ കൂടിയായി മാറിയിരിക്കുകയാണ് ഇവര്‍.

1960ൽ മഹാരാഷ്ട്രയിലാണ്   മാധുരി ജനിച്ചത്. പതിനെട്ടാം വയസ്സിൽ പൂനെയിലെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജിലെ  വിദ്യാർഥിനിയായി.പൂനെ സർവകലാശാലയിലെ ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന വിദ്യാർത്ഥിക്കുള്ള സ്വർണമെഡലും മാധുരി കരസ്ഥമാക്കിയിരുന്നു. സിംഗപ്പൂരിലെ നാഷണൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ നിന്നും ലണ്ടനിലെ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ആശുപത്രിയിൽ നിന്നും ഫെലോഷിപ്പ് നേടിയതിനുശേഷം താൻ പഠിച്ച പൂനെ മെഡിക്കൽ കോളേജിൽ അധ്യാപികയായും സേവനമനുഷ്ഠിച്ചു.എയിംസില്‍നിന്നാണ് ശിശുരോഗത്തില്‍ ബിരുദാനന്തര ബിരുദം നേടിയത്. സേനയിൽ അംഗമായ ശേഷം ചീഫ് ഓഫ് ആർമി സ്റ്റാഫ് കമൻഡേഷൻ കാർഡ് എന്ന ബഹുമതി അഞ്ചുതവണ മാധുരി കനിത്കറെ തേടിയെത്തി. 2014 ൽ വിശിഷ്ട സേവാമെഡലും 2018 ൽ അതിവിശിഷ്ട സേവാ മെഡലും നേടി.

2018 ൽ തന്നെ പ്രധാനമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക ഉപദേശക ബോർഡിലും മാധുരി അംഗമായി നിയമിതയായി.ശിശുക്കളിലെ വൃക്കരോഗങ്ങളെക്കുറിച്ച് പഠിച്ചിട്ടുള്ള സൈന്യത്തിലെ ആദ്യ വ്യക്തി എന്ന നേട്ടം കൈവരിച്ച  മാധുരി ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജിൻറെ ആദ്യ വനിതാ ഡീന്‍ പദവിയും വഹിച്ചിട്ടുണ്ട്.

നിലവിൽ ലഫ്റ്റനന്റ് ജനറൽ പദവിയിലിരിക്കുന്ന ഏക വനിത കൂടിയാണ് മാധുരി കനിത്കർ. സുരക്ഷാസേനയിൽ നിലനിന്നിരുന്ന എല്ലാ യാഥാസ്ഥിതിക സങ്കൽപ്പങ്ങളെയും കാറ്റിൽപറത്തിയാണ്  ജീവിതത്തിൻറെ പകുതിയിലധികം ഭാഗവും മാധുരി രാജ്യ സേവനത്തിനായി നീക്കിവെച്ചത്. കടന്നുചെന്ന മേഖലയിലെല്ലാം വലിയ നേട്ടങ്ങൾ  കൈവരിച്ച ഈ വനിതാരത്നം ഇന്ത്യയിലെ  ഓരോ സ്ത്രീകൾക്കും മികച്ച മാതൃകയാണ്.''

English Summary: Madhuri Kanitkar 3rd Woman To Hold Lieutenant General Rank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com